ഇയ്യാലിയിലെ ബോണി എം ദിനങ്ങള്‍...

റേഡിയോയില്‍ നിന്ന് കേള്‍ക്കുന്ന മലയാള ചലച്ചിത്ര ഗാനങ്ങളല്ലാതെ മറ്റു പാട്ടുകളൊന്നും പരിചയിച്ചിട്ടില്ലാത്ത ഒരു കൂട്ടം കൗമാരക്കാര്‍ . അതില്‍ ടീനേജിന്റെ അറ്റം മുട്ടിയവര്‍ മുതല്‍ ടീനേജിലേക്ക് കടക്കുന്നവര്‍ വരെയുണ്ട്. 1980-കളുടെ രണ്ടാം പകുതിയാണ്. ചങ്ങനാശ്ശേരി, മാടപ്പള്ളയിലെ ഇയ്യാലി എന്ന ദേശക്കാരാണ് ഞങ്ങള്‍. മണിക്കുട്ടന്‍ സ്റ്റേഡിയമെന്ന് ഓമനപ്പേരിട്ടു വിളിക്കുന്ന ഞങ്ങളുടെ കളിസ്ഥലത്ത് കുറച്ച് ഫുട്‌ബോളും ക്രിക്കറ്റും നാടന്‍ പന്തുകളിയുമൊക്കെയായി വൈകുന്നേരങ്ങളും അവധി ദിവസങ്ങളും ചെലവിട്ടിരുന്ന കാലം. മഴപെയ്ത് കളി മുടങ്ങുമ്പോള്‍ ചീട്ടുകളിയിലേക്കോ (തോല്‍വിക്ക് ശിക്ഷയായി കുണുക്കിട്ട ഗുലാന്‍ പരിശും കഴുത കളിയും) അല്ലെങ്കില്‍ കൂടിയിരുന്ന് ലോകകാര്യം പറച്ചിലിലേക്കോ തിരിയും. അതിനിടയിലാണ് ഞങ്ങളുടെ കൗമാരങ്ങളെ ത്രസിപ്പിച്ചുകൊണ്ട് അവരെത്തിയത്. മറ്റാരുമല്ല... സാക്ഷാല്‍ ബോണി എം ട്രൂപ്പ്. അതിന് കാരണക്കാരനായത് ഞങ്ങളെല്ലാവരും വില്ലീസ് എന്ന ഓമനപ്പേരില്‍ വിളിച്ചിരുന്ന വില്യംസ് എന്ന ചേട്ടനും. മൂന്നാറിലെ ഒരു ടീ എസ്റ്റേറ്റിലും പിന്നെ തിരുവല്ലയിലുമൊക്കെ ജോലി ചെയ്തിരുന്ന വില്ലീസ് ചേട്ടന്റെ കൈവശം അന്നത്തെ ഹിറ്റ് പോപ്പ് ട്രൂപ്പുകളായ ബോണി എമ്മിന്റെയും അബ്ബയുടെയുമൊക്കെ ഡിസ്‌കുകളുടെ വലിയൊരു ശേഖരമുണ്ടായിരുന്നു. ഇത് കൂടാതെ മൈക്കിള്‍ ജാക്‌സന്റെ പാട്ടുകളുടെ ഡിസ്‌കും കുറച്ചധികം ഹിന്ദി സിനിമകളുടെ ഡിസ്‌കുകളും. മലയാളം പാട്ടുകള്‍ അധികമില്ലായിരുന്നു.
ആഴ്ചാവസാനങ്ങളില്‍ ജോലിസ്ഥലത്തു നിന്നും വീട്ടിലെത്തുന്ന അദ്ദേഹം വളരെ ഉച്ചത്തില്‍ തന്നെ പാട്ടുകളൊക്കെ വയ്ക്കും. അന്ന് രണ്ട് മണിക്കൂര്‍ ഇടവിട്ട് വെങ്കോട്ട-ചങ്ങനാശ്ശേരി റൂട്ടില്‍ ഓടുന്ന എസ്.എം ബസിന്റെയും ഇടയക്ക് പോകുന്ന ലോറികളുടെയോ മറ്റ് ചെറു വാഹനങ്ങളുടെയോ ശബദമല്ലാതെ ഞങ്ങളുടെ നാട്ടിന്‍പുറം പൊതുവെ നിശബ്ദമായിരിക്കും. അവിടേയ്ക്കാണ് ബോണി എമ്മിലെ പാട്ടുകാരും മൈക്കിള്‍ ജാക്‌സണുമൊക്കെ ഞങ്ങള്‍ക്ക് അതുവരെ പരിചിതമല്ലാത്ത ശബ്ദ കോലാഹലങ്ങളോടെ എത്തിയത്. പാട്ട് കേള്‍ക്കുമ്പോഴേ വീട്ടിൽ അമ്മയും അമ്മച്ചിയുമൊക്കെ പറയും ''ആ... വില്ലീസ് (വില്യംസ് എന്ന പേര് ലോപിച്ച് വില്ലീസ് ആയതാണ്) എത്തിയിട്ടുണ്ട്. ഇനി രണ്ടു ദിവസത്തേക്ക് നല്ല മേളമായിരിക്കും. ഇയ്യാലിയില്‍ കളിക്കളമുണ്ടാകുന്നതിനും ഞങ്ങള്‍ ടീനേജിലേക്ക് സ്വാതന്ത്ര്യം പ്രഖ്യാപിക്കുന്നതിനും മുമ്പാണ് അകലെ നിന്നുള്ള ഞങ്ങളുടെ ഈ പാട്ടുകേള്‍ക്കല്‍.
ജോലി നിര്‍ത്തി വില്ലീസ് ചേട്ടന്‍ നാട്ടിലെത്തിയതോടെയാണ് അദ്ദേഹവുമായി ഞങ്ങള്‍ കുട്ടികള്‍ക്ക് അടുത്ത പരിചയമാകുന്നത്. അതിന് കാരണമായത് അദ്ദേഹം തുടങ്ങിയ ചെറിയ കോഫി ഷോപ്പും. ഇയ്യാലി ലക്ഷം വീട്ടിലെ തന്റെ വീടിനോട് ചേര്‍ന്ന് പുതിയൊരു വരുമാനമാര്‍ഗമെന്ന നിലയിലാണ് അദ്ദേഹം കട തുടങ്ങിയത്. ചെറിയ സെറ്റപ്പാണെങ്കിലും ഇന്നത്തെ പിള്ളാരുടെ ഭാഷയില്‍ പറഞ്ഞാല്‍ സംഭവം കിടു ആയിരുന്നു. സാദാ ചായയും കാപ്പിയും കൂടാതെ ബ്രൂ കോഫിയും ബൂസ്റ്റും ഹോര്‍ലിക്‌സുമൊക്കെയായി തനി മോഡേണ്‍ സംഭവം. കൂട്ടിന് ബണ്ണും ക്രീം ബണ്ണുമൊക്കെ. മണിക്കുട്ടന്‍ സ്റ്റേഡിയത്തിലെ കളിയും കഴിഞ്ഞ് ഞങ്ങള്‍ നേരെ വില്ലീസിന്റെ കോഫി ഷോപ്പിലേക്ക് ചേക്കേറും. അവിടെ ചായ കുടിക്കും ചര്‍ച്ചയ്ക്കും മേമ്പൊടിയായി പാശ്ചാത്യ സംഗീതവും. ബോണി എമ്മിലെ സുന്ദരിമാരും മൈക്കിള്‍ ജാക്‌സനുമൊക്കെ ഞങ്ങളുടെ ബ്രൂ കോഫിക്ക് അകമ്പടിയായി പാടിക്കൊണ്ടേയിരുന്നു. മാടപ്പള്ളിയിലെ ഇയ്യാലിയെന്ന നാട്ടുമ്പുറത്തിലെ പിള്ളാര്‍ക്ക് പാശ്ചാത്യ സംഗീതത്തിന്റെ പുതിയ വഴികള്‍ തുറന്നു തരികയായിരുന്നു വില്ലീസ്.
ഹിപ്പി തരംഗം കഴിഞ്ഞുള്ള കാലമാണ്. നീട്ടി വളര്‍ത്തിയ മുടിയും ബെല്‍ബോട്ടം പാന്റുമൊക്കെയായി നടക്കുന്ന യുവാക്കളുടെ പടങ്ങള്‍ കണ്ടിട്ടും വാര്‍ത്തകള്‍ വായിച്ചിട്ടുമുണ്ടെന്നല്ലാതെ അതിനെക്കുറിച്ചൊന്നും ഞങ്ങള്‍ക്ക് വലിയ ധാരണയില്ല. ഇത്തരം ട്രെന്‍ഡുകളൊന്നിലും ഉള്‍പ്പെടാതെ തന്നെ ബോണി എമ്മും അബ്ബയുമൊക്കെ ഞങ്ങളെ കൊളുത്തി വലിച്ചുവെന്നുവേണം പറയാന്‍. താളങ്ങളും പാട്ടിന്റെ രീതിയുമൊക്കെ വച്ച് ആദ്യം ഇഷ്ടപ്പെട്ടത് ബോണി എമ്മിനെയാണ്. അവരുടെ പാട്ടുകളില്‍ ആദ്യം ഹൃദയത്തില്‍ കുടിയേറിയത് റാസ്പുട്ടിനും...വര്‍ഷങ്ങള്‍ക്കിപ്പുറം ഇന്നും യുവ തലമുറ ആവേശത്തോടെ ' റാസ്പുട്ടിനെ സ്വീകരിക്കുമ്പോള്‍ തന്നെ അറിയാമല്ലോ അതിന്റെ മാസ്മരികത. വരികളോ അതിന്റെ പൂര്‍ണമായ അര്‍ത്ഥമോ അറിയാതോ റാസ്പുട്ടിനടക്കമുള്ള അവരുടെ അടിച്ചുപൊളിപ്പാട്ടുകള്‍ ഞങ്ങള്‍ ഹൃദയത്തിലേറ്റി.'ബഹാമാ മാമ'യും, 'ഡാഡി കൂളും' 'മാ ബേക്കറും' 'സണ്ണി' യുമൊക്കെ ഞങ്ങള്‍ ആവേശത്തോടെ കേട്ടു.
റാസ്പുട്ടിന്‍ കുറച്ചു കാലം കേട്ടുകഴിഞ്ഞപ്പോഴാണ് ഇതേ ട്യൂണില്‍ ഒരു ഭക്തിഗാനമുണ്ടല്ലോയെന്ന് ഞങ്ങള്‍ മനസിലാക്കിയത്. ചേട്ടനാണ് അതു കണ്ടുപിടിച്ചത്. 'എടാ നമ്മുടെ ഉപദേശി പാടുന്ന പാട്ട് റാസ്പുട്ടിന്റെ അതേ ട്യൂണാണ്. അല്ലെങ്കില്‍ അടുത്ത ഞായറാഴ്ച അവര്‍ പാടുന്നതു കേട്ടോ. അപ്പോള്‍ നിനക്ക് മനസിലാകും' വില്ലീസിന്റെ അയല്‍ക്കാരനും ഞങ്ങളുടെ കുടുംബസുഹൃത്തുമാണ് ജോര്‍ജ് (തങ്കപ്പന്‍) ഉപദേശി. ഞങ്ങളെല്ലാവരും ഉപദേശി എന്ന് വിളിക്കും. അദ്ദേഹത്തിന്റെ വീട്ടില്‍ എല്ലാ ഞായറാഴ്ചയും അവരുടെ സഭയുടെ പ്രാര്‍ഥനയുണ്ട്. ഡ്രംസ് കൊട്ടിയുള്ള പാട്ടും. ഞങ്ങളുടെ വീടിന്റെ ഒരു പുരയിടം അപ്പുറത്താണ് (മണിക്കുട്ടന്‍ സ്റ്റേഡിയം കഴിഞ്ഞ്) ഉപദേശിയുടെയും വില്ലീസിന്റെയുമൊക്കെ വീടുകള്‍. അടുത്ത ഞായറാഴ്ച പള്ളിയില്‍ പോയി വന്നശേഷം ഞാന്‍ ഉപദേശിയുടെ വീട്ടില്‍ നിന്നുള്ള പാട്ടും പ്രാര്‍ഥനയും ശ്രദ്ധിച്ചു. 'ദൈവം നല്ലവന്‍ എല്ലാവര്‍ക്കും വല്ലഭന്‍ തന്‍മക്കള്‍ക്കെന്നും പരിചയായ്' എന്ന് പാട്ട് അവിടെ നിന്നും ഉയരുന്നു. അതേ… റാസ്പുട്ടിന്റെ അതേ ട്യൂണ്‍ തന്നെ. അതുപയോഗിച്ച് നല്ലൊരു ഭക്തിഗാനം. പ്രാര്‍ഥനയോടെ എല്ലാ ഞായറാഴ്ചയും അത് ശ്രദ്ധിക്കുന്നത് ശീലമായി. അതിനിടെ മലയാള സിനിമയിലും റാസ്പുട്ടിന്‍ നേരത്തെ തന്നെ കളം പിടിച്ചിരുന്നത് പിന്നീട് കേട്ടറിഞ്ഞു. 1982-ല്‍ ഇറങ്ങിയ 'ഈ നാട് ' സിനിമയിലെ 'തട്ടടി ശോശാമ്മേ… എന്ന പാട്ട് റാസ്പുട്ടിന്റെ ഈണത്തിലാണെന്ന് ഞങ്ങള്‍ മനസിലാക്കിയപ്പോള്‍ നാലഞ്ച് വര്‍ഷങ്ങള്‍ കടന്നുപോയിരുന്നു. 2004-ല്‍ 'ബാലേട്ടനി'ല്‍ വീണ്ടും റാസ്പുട്ടിന്റെ ഈണം കേട്ടു....(വേറെയും പാട്ടുകളില്‍ ഈ ട്യൂണ്‍ കാണുമായിരിക്കാം എന്റെ പരിമിതമായ അറിവുകളാണ് ഇവിടെ പങ്കുവച്ചത്).
ബോണി എമ്മിന്റെ അടിച്ചുപൊളിപ്പാട്ടുകള്‍ മാത്രമല്ല ഞങ്ങള്‍ നെഞ്ചേറ്റിയത്. അവരുടെ 'സാഡ് മൂവീ'സും, 'റിബണ്‍സ് ഓഫ് ബ്ലൂവും', 'ഐ സീ എ ബോട്ട് ഓണ്‍ ദ റിവറു'മൊക്കെ അതേ ഇഷ്ടത്തോടെ ഞങ്ങള്‍ കേട്ടു (ഇവിടെയും ഒന്നിന്റെയും പൂര്‍ണമായ അര്‍ഥമൊന്നും അറിയാതെയാണ് കേട്ടത്. എങ്കിലും കൊളുത്തിവലിക്കുന്ന ഒരു സങ്കടം അതിലുണ്ടെന്ന് ഞങ്ങള്‍ തിരിച്ചറിഞ്ഞു). ആ ഒരു ഇഷ്ടമാണ് അബ്ബയിലേക്ക് അടുപ്പിച്ചത്. ' മണി... മണി... മണി'യും, 'ഫെര്‍ണാണ്ടോ'യും 'ചിക്വിറ്റ'യുമെല്ലാം ഞങ്ങളുടെ വര്‍ത്തമാനങ്ങള്‍ക്കിടയില്‍ അന്തരിക്ഷത്തില്‍ ഒഴുകിപ്പരന്നു. ബോണി എമ്മിനും അബ്ബയ്ക്കും ഞങ്ങളുടെ ഇടയില്‍ സെലക്ടീവ് ആരാധകരായിരുന്നെങ്കില്‍ മൈക്കിള്‍ ജാക്‌സണ്‍ എല്ലാവരെയും ഒരു പോലെ ചുവടുവയ്പ്പിച്ചു. 'ത്രില്ലറും' 'ബില്ലി ജീനും' 'ബീറ്റ് ഇറ്റു'മൊക്കെ വില്ലീസിന്റെ സ്പീക്കറിലൂടെ ഞങ്ങളെ ത്രസിപ്പിച്ചു. കംപ്യൂട്ടറുകള്‍ കാഴ്ചവസ്തുവാണ്. ഇന്റര്‍നെറ്റെന്ന് കേട്ടിട്ടുപോലുമില്ല. അതിനാല്‍ ഈ പാട്ടുകളുടെ വരികളോ അതിന്റെ അര്‍ത്ഥമോ ഒന്നും ഞങ്ങള്‍ക്കറിയില്ല. പക്ഷേ പിടിച്ചു വലിക്കുന്ന ഒരു മാന്ത്രിക ശക്തി അവയ്ക്കുണ്ടായിരുന്നുവെന്ന് മനസിലായി. ഞങ്ങള്‍ കോളേജിലേക്ക് കടന്നപ്പോള്‍ തന്നെ മണിക്കുട്ടന്‍ സ്റ്റേഡിയത്തിലെ കളി അവസാനിച്ചിരുന്നു. പറമ്പിന്റെ ഉടമസ്ഥര്‍ അവിടെയെല്ലാം റബ്ബര്‍ വച്ചു. വൈകാതെ വില്ലീസ് ചേട്ടന്‍ കോഫി ഷോപ്പും നിര്‍ത്തി. പള്ളിപ്പറമ്പിലും കൂട്ടുകാരുടെ വീടുകളിലും ഒത്തുകൂടി ഞങ്ങള്‍ സൗഹൃദം തുടര്‍ന്നു. അതിനിടയിലാണ് ചേട്ടന്‍ തുടര്‍ പഠനത്തിനായി ബെംഗളൂരുവിലേക്ക് പോകുന്നത്. 1988 ജൂലായിലാണ്. ആ ദിവസം ഇന്നും മറക്കില്ല. ചങ്ങനാശ്ശേരി എസ്.ബിയില്‍ ഞാന്‍ അന്ന് രണ്ടാം വര്‍ഷ പ്രീ ഡിഗ്രി വിദ്യാര്‍ത്ഥിയാണ്. ഉച്ചയ്ക്കുള്ള ഐലന്‍ഡ് എക്‌സ് പ്രസില്‍ ചേട്ടനെ ബെംഗളൂരുവിലേക്ക് യാത്രയാക്കാനായി മൂന്നാം അവറിലെ ക്ലാസ് കട്ട് ചെയ്ത് റെയില്‍വേ സ്റ്റേഷനിലെത്തി. അമ്മയും അനുജനും കൂടാതെ ഞങ്ങളുടെ ക്രിക്കറ്റ് ടീമിലെ മിക്ക അംഗങ്ങളും ചേട്ടനെ യാത്രയാക്കാന്‍ റെയില്‍വേ സ്റ്റേഷനിലെത്തിയിട്ടുണ്ട്. വൈകാതെ ട്രെയിന്‍ വന്നു. ചേട്ടന്‍ യാത്രയായി. അമ്മയും അനുജനും കൂട്ടുകാരും വീടുകളിലേക്കും ഞാന്‍ കോളേജിലേക്കും മടങ്ങി. വൈകിട്ട് വീട്ടിലെത്തി പ്രാദേശികവാര്‍ത്ത കേള്‍ക്കുമ്പോഴാണ് പെരുമണ്‍ ദുരന്തത്തേക്കുറിച്ച് അറിയുന്നത്. ഞങ്ങള്‍ സ്റ്റേഷനില്‍ നില്‍ക്കുമ്പോള്‍ ബെംഗളൂരുവില്‍ നിന്നും തിരുവനന്തപുരത്തേക്കുള്ള ഐലന്‍ഡ് എക്‌സ്പ്രസ് കടന്നുപോയാതായാണ് ഓര്‍മ. വാര്‍ത്ത കേട്ടപ്പോള്‍ തകര്‍ന്നുപോയി.
ചേട്ടന്റെ ബെംഗളൂരു ജീവിതം പാശ്ചാത്യ സംഗീത ലോകത്തേക്ക് ഞങ്ങള്‍ക്ക് പുതുവഴി തുറന്നുതന്നു. ഓരോ അവധിക്കും നാട്ടില്‍ വരുമ്പോള്‍ ബെംഗളൂരുവിലെ എംജി റോഡില്‍ നിന്നും ബ്രിഗേഡ് റോഡില്‍ നിന്നുമൊക്കെ വാങ്ങിയ കാസറ്റുകളും അതിനൊപ്പം ഇതിന്റെയൊക്കെ വരികളുള്ള ചില പുസ്തകങ്ങളും ചേട്ടന്‍ കൊണ്ടുവന്നു. അങ്ങനെയാണ് റാസ്പുട്ടിനെന്നത് റഷ്യയിലെ സാര്‍ ചക്രവര്‍ത്തിമാരുടെ കൊട്ടാരത്തെ അമ്മാനമാടിയ വിവാദ സന്ന്യാസിയായിരുന്നുവെന്നും സാഡ് മൂവിസീലെ … കാമുകിയെ കാമുകന്‍ തേച്ചതാണെന്നുമൊക്കെ മനസിലായത്. ബെംഗളൂരുവിൽ നിന്ന് ചേട്ടന്‍ കൊണ്ടുവന്ന കാസറ്റുകള്‍ വഴി ബോബ് മാര്‍ലിയും ജിം റീവ്‌സും കാര്‍പ്പന്റേഴ്‌സുമൊക്കെ പരിചിതരായി. 1988- 1993 കാലഘട്ടത്തില്‍ ഓരോ വര്‍ഷവും പുറത്തിറങ്ങുന്ന പുതിയ പാശ്ചാത്യ സംഗീത കാസറ്റുകളുമായി പരിചയിക്കാന്‍ ചേട്ടന്റെ ഇടപെടലുകൊണ്ടാണ് കഴിഞ്ഞത്. കളിക്കളവും കളികളും അന്യമായ ഞങ്ങളുടെ വൈകുന്നേരങ്ങളെ ഇവരൊക്കെ സാര്‍ത്ഥകങ്ങളാക്കി.
ചേട്ടനെപ്പോലെ പാശ്ചാത്യ സംഗീതം അതേ അളവിലോ അതിനപ്പുറമോ തലയ്ക്കുപിടിച്ചയാളായിരുന്നു 'ഗുച്ച് 'എന്ന ഓമനപ്പേരില്‍ ഞങ്ങള്‍ വിളിക്കുന്ന സജി. ഇംഗ്ലീഷ് ക്രിക്കറ്റ് താരം ഗ്രഹാം ഗുച്ചിന്റെ അതേ സ്റ്റാന്‍സില്‍ അതേ ശൈലിയില്‍ കളിച്ചിരുന്നതിനാലാണ് ആ പേരു വീണത്. സജിയുടെ പപ്പാ അന്ന് ഗള്‍ഫിലാണ്. മകന്റെ നിര്‍ബന്ധം കാരണം അവധിക്കു വരുമ്പോള്‍ ബോണി എമ്മിന്റെയും അബ്ബയുടെയുമൊക്കെ കാസറ്റുകളും അദ്ദേഹം കൊണ്ടു വരും. ഫോറിന്‍ കാസറ്റുകള്‍ക്കൊപ്പം പാട്ടുകളുടെ വരികള്‍ എഴുതിയ കുറിപ്പുകൂടിയായപ്പോള്‍ കേട്ട പാട്ടുകളുടെ അര്‍ത്ഥം ഞങ്ങള്‍ക്ക് ഒന്നുകൂടി മനസിലായി. മുപ്പത് വര്‍ഷത്തോളമായി മുംബൈയില്‍ കംപ്യൂട്ടര്‍ സര്‍വീസ് ബിസിനസമായി കഴിയുന്ന സജിയാണ് ഞങ്ങളുടെ കൂട്ടത്തില്‍ കൗമാരത്തിലെ അതേ പ്രണയം പാശ്ചാത്യ സംഗീത ഗാനങ്ങളുമായി ഇപ്പോഴും തുടരുന്നത്.
ഈ പാട്ടുകളുമായുള്ള പരിചയവും ഇഷ്ടവും വെറും ഹോബി മാത്രമല്ലാതെ പങ്കെടുത്ത ക്വിസ് മത്സരങ്ങളില്‍ രക്ഷിച്ച ചരിത്രവുമുണ്ട്. പള്ളിയുടെ മേഖലാതല ക്വിസ് മത്സരത്തില്‍ ക്വിസ് മാസ്റ്റര്‍ ഒരു റൗണ്ടില്‍ രണ്ട് പാശ്ചാത്യ ഗാനങ്ങള്‍ കേള്‍പ്പിച്ച് ഇത് ആരുടേതാണെന്ന് ചോദിച്ചിരുന്നു. ആദ്യ ഗാനം കാര്‍പ്പന്റേഴ്‌സിന്റേതും (ഗ്രാമി കിട്ടിയ നമ്മുടെ കീരവാണിയെ പ്രചോദിപ്പിച്ച അതേ കാര്‍പ്പന്റേഴ്‌സ് തന്നെ) രണ്ടാമത്തേത് അബ്ബയുടെയുമായിരുന്നു. ആറ് ടീമുകളില്‍ ശരിയുത്തരം പറയാന്‍ കഴിഞ്ഞത് ഞങ്ങള്‍ക്ക് മാത്രമായിരുന്നു എന്നുള്ളത് മുപ്പത് വര്‍ഷങ്ങള്‍ക്കിപ്പുറവും അഭിമാനത്തോടെ ഓര്‍ക്കുന്ന കാര്യമാണ്. മത്സരം കഴിഞ്ഞ് നാട്ടിലെത്തിയപ്പോള്‍ സജി ഇക്കാര്യമറിഞ്ഞ് കെട്ടിപ്പിടിച്ചതും ഓര്‍ക്കുന്നു. ഓരോ കാലത്തും നമുക്കൊക്കെ ഓരോ ഓരോ ഇഷ്ടങ്ങളല്ലേ?. ഒരു കാലത്ത് സ്പോര്‍ട്സ്... ഒരു കാലത്ത് വായന... ഒരു കാലത്ത് സിനിമ... ഒരു കാലത്ത് പാട്ടുകേള്‍ക്കല്‍.... ജോലിയും കുടുംബവും തിരക്കുകളുമെല്ലാമായപ്പോള്‍ പല ഇഷ്ടങ്ങള്‍ക്കും സമയമില്ലാതായി. അന്നത്തെ കൂട്ടുകാരെല്ലാം പലവഴിക്കായി. എങ്കിലും ഇടയ്‌ക്കൊക്കെ ബോണി എമ്മിനെയും അബ്ബയെയുമൊക്കെ കേള്‍ക്കും... ഇയ്യാലിയിലെ തെറിച്ചുനടന്ന ഞങ്ങളുടെ കൗമാരകാലവും വില്ലീസ് ചേട്ടന്റെ വീട്ടില്‍ നിന്നും പാറി വന്ന പാട്ടുകളുടെ മുഴക്കവും ഓര്‍ക്കും.... ഞങ്ങളുടെ തലമുറ ബോണി എമ്മിനെയും അബ്ബയെയും മൈക്കിള്‍ ജാക്‌സണെയുമൊക്കെ ആഘോഷിച്ചു. ഇന്ന് ജെന്‍സീയും മില്ലേനിയല്‍സും കെ-പോപ്പ് ആവേശത്തോടെ കേള്‍ക്കുന്നു. കാലചക്രം ഉരുളുന്നു... ആഘോഷം തുടരുകയാണ്…
Content Highlights: Boney M Days, A Nostalgic Journey Through 80s Pop and Youthful Discoveries.