കത്തുമായി വന്ന ആ സുന്ദരിയിൽ നിന്നും കത്തുകളുടെ ലോകത്തേയ്ക്ക് ഫ്രാങ്കോയുടെ പാട്ടുവഴി

പൈനാപ്പിള്‍ പെണ്ണേ, തീയേ തീയേ, എന്‍ കരളില്‍, നെരുപ്പേ സിക്കി മുക്കി... അടിപൊളി ഹിറ്റ് ഗാനങ്ങള്‍ പാടിയ ഗായകന്. എങ്കിലും ഫ്രാങ്കോ സൈമണ്‍ എന്ന ഗായകന്റെ പേര് കേള്‍ക്കുമ്പോള്‍ ഓര്‍മയിലേക്ക് ആദ്യമെത്തുന്നത്. ചെമ്പകമേ എന്ന മ്യൂസിക് ആല്‍ബത്തിലെ സൂപ്പര്‍ഹിറ്റ് ഗാനങ്ങളാണ്. മലയാളത്തിലും തമിഴിലും നിരവധി ഹിറ്റ് ഗാനങ്ങള്‍ ആലപിച്ചെങ്കിലും ഫ്രാങ്കോയെ മലയാളികള്‍ക്ക് പ്രിയങ്കരനാക്കിയത് സുന്ദരിയേ വാ, ചെമ്പകമേ എന്നീ ഗാനങ്ങളാണ്. ചെമ്പകമേ എന്ന എന്ന ഗാനത്തില്‍ മൈക്കിന് മുമ്പില്‍ നിന്ന് പാടുന്ന ഫ്രാങ്കോയുടെ രംഗങ്ങള്‍ കാണാന്‍ വേണ്ടി മാത്രം കാത്തിരിക്കുന്ന ആരാധകര്‍ ഏറെയായിരുന്നു. ജാക്കറ്റ് ധരിച്ച് കഴുത്തില്‍ ട്രെന്‍ഡി മാലയും കൈവിരലുകളില്‍ മോതിരങ്ങളും അണിഞ്ഞെത്തുന്ന ഫ്രാങ്കോ അന്ന് വരെ മലയാളിപ്രേക്ഷകര്‍ക്ക് പരിചിതമായ ഗായകരില്‍ നിന്ന് വ്യത്യസ്തനായിരുന്നു. ചെമ്പകമേ എന്ന ഗാനത്തില്‍ നിന്ന് തികച്ചും വ്യത്യസ്തമായിരുന്നു സുന്ദരിയേ വാ എന്ന പാട്ട്. ആ ഗാനത്തിലെ നിഷ്കളങ്കപ്രണയം മലയാളികളുടെ മനസ്സില്‍ ഇടം നേടിയതില്‍ ഫ്രാങ്കോയുടെ ആലാപനവും പ്രധാന ഘടകങ്ങളിലൊന്നായിരുന്നു.
പതിമൂന്ന് കൊല്ലത്തോളം പ്രശസ്തസംഗീതസംവിധായകനായ ഔസേപ്പനോടൊപ്പം പ്രവര്‍ത്തിച്ചതിന്റെ അനുഭവസമ്പത്തും ഫ്രാങ്കോയ്ക്കുണ്ട്. ഔസേപ്പച്ചന്റെ സഹോദരീപുത്രനാണ് ഫ്രാങ്കോ. കൂടാതെ നിരവധി സംഗീതസംവിധായകരോടൊപ്പം പ്രവര്‍ത്തിക്കാനായതിന്റെ സന്തോഷവും ഫ്രാങ്കോയ്ക്കുണ്ട്. ഫ്രാങ്കോ അമേരിക്കയിലെ ലോസ് ആഞ്ജലീസിൽ പോസ്റ്റ് ഓഫീസില്‍ ക്ലര്‍ക്കായി ജോലി നോക്കുകയാണിപ്പോള്‍. മുമ്പേ തന്നെ അമേരിക്കയിലേക്ക് കുടിയേറിയ കുടുംബത്തിനോടൊപ്പം കഴിയാന്‍ ഒരു കൊല്ലം മുമ്പാണ് ഫ്രാങ്കോ യുഎസിലേക്ക് പോയത്. സര്‍വീസില്‍ ഒരു കൊല്ലം തികയുന്നതിന് മുമ്പ് തന്നെ ജോലിയില്‍ സ്ഥിരനിയമനവും ലഭിച്ചു. മറ്റൊരു കരിയര്‍ തിരഞ്ഞെടുത്തെങ്കിലും യുഎസിന്റെ വിവിധ ഭാഗങ്ങളിലെ വേദികളിലൂടെ ഫ്രാങ്കോ ഇപ്പോഴും സംഗീതലോകത്ത് സജീവമാണ്. ലോസ് ആഞ്ജലിസിലെ ജീവിതവുമായി പതിയെ പൊരുത്തപ്പെട്ടു വരികയാണെന്നും, നാടിനെ മിസ്സ് ചെയ്യുന്നുണ്ടെങ്കിലും കുടുംബത്തിനാണ് മുന്‍ഗണനയെന്നും പറയുന്ന ഈ ഗായകന് തന്റെ സംഗീതജീവിതത്തെ കുറിച്ച് സംസാരിക്കുന്നു.
1500 ലധികം ആല്‍ബങ്ങളില്‍ പാടിയ ഗായകന്, ആ അനുഭവങ്ങളെ കുറിച്ച്...
അക്കാലത്ത് മലയാളം ഫിലിം ഇന്‍ഡസ്ട്രി എന്നു പറഞ്ഞാല്‍ വളരെ ചുരുങ്ങിയ ആളുകള്‍ക്ക് മാത്രം കയ്യെത്താവുന്നതാണെന്നാണ് പതിമൂന്ന് കൊല്ലത്തോളം ഔസേപ്പച്ചന്റെ അസിസ്റ്റന്റായി പ്രവര്‍ത്തിച്ച അനുഭവത്തില്‍ നിന്ന് മനസിലാക്കാന്‍ സാധിച്ചത്. അതു കൊണ്ടാണ് സിനിമാസംഗീതത്തില്‍ നിന്ന് വ്യത്യസ്തമായി എന്തെങ്കിലും ചെയ്യാമെന്ന ചിന്ത മനസ്സില്‍ വരുന്നത്. അന്ന് ധാരാളം ഹിന്ദി ആല്‍ബങ്ങള്‍ റിലീസാവുകയും നല്ല രീതിയില്‍ സ്വീകരിക്കപ്പെടുകയും ചെയ്യുകയും ശ്രദ്ധയില്‍ പെട്ടതില്‍ നിന്നാണ് അത്തരമൊരാശയം ഉണ്ടായത്. മികച്ച ഗാനങ്ങള്‍ ഉണ്ടാക്കാനാവും എന്നൊരു ആത്മവിശ്വാസവും അന്നുണ്ടായിരുന്നു. ആ സമയത്താണ് സ്റ്റീഫന്‍ ദേവസ്സിയേയും ഗിറ്റാറിസ്റ്റ് സംഗീത് പവിത്രനേയും പരിചയപ്പെടുന്നത്. അങ്ങനെ മൂന്ന് അംഗങ്ങളുള്ള ബാന്‍ഡ് സെവന് (Band Seven)ആരംഭിച്ചു. തുടര്‍ന്ന് പാട്ടുകള്‍ക്ക് വേണ്ടി വിഷയങ്ങള്‍ കണ്ടെത്തി, സംഗീതം ചിട്ടപ്പെടുത്തി, വിനിത് പിള്ളൈ എന്ന ഗാനരചയിതാവിനെ കണ്ടെത്തി(മുംബൈയില്‍ ജനിച്ചു വളര്‍ന്ന മലയാളിയാണ് വിനിത് പിള്ളൈ. അന്ന് പരസ്യങ്ങള്‍ക്ക് വേണ്ടി അദ്ദേഹം പാട്ടുകള്‍ എഴുതുന്നുണ്ടായിരുന്നു).
ടൈംസ് മ്യൂസിക്കുമായുള്ള കരാര്‍ അവസാനിപ്പിച്ചാണ് ബാന്‍ഡ് സെവന് കോസ്മിക് മ്യൂസിക്കുമായി സഹകരിക്കുന്നത്. ബാന്‍ഡ് സെവന്റെ ചാര് ദിന് കെ യെ സിന്ദഗാനി, അന്ത്(post war song) എന്നീ ഗാനങ്ങള്‍ കോസ്മിക് മ്യൂസിക് വീഡിയോയായി പുറത്തിറക്കി. അക്കാലത്ത് ഒരു മലയാളം സിനിമയുടെ നിര്മാണചെലവിന് തുല്യമായ ബജറ്റ് ആ രണ്ട് ഗാനങ്ങളുടെ വീഡിയോ നിര്‍മാണത്തിന് വേണ്ടി കോസ്മിക് മ്യൂസിക് ചെലവഴിച്ചു.
ആല്‍ബത്തിന്റെ റെക്കോഡിങ്ങും കഴിഞ്ഞാണ് റിലീസിങ്ങിനെ കുറിച്ച് ചിന്തിക്കുന്നത്. കേരളത്തില്‍ റിലീസ് ചെയ്താല്‍ വേണ്ടത്ര സ്വീകാര്യത ലഭിക്കുമോയെന്ന കാര്യത്തില്‍ ആശങ്കയുണ്ടായിരുന്നു. ഒന്നരക്കൊല്ലത്തോളം റിലീസ് കമ്പനികളെ തേടി മുംബൈയില്‍ അലഞ്ഞു. ഒടുവില്‍ ടൈംസ് മ്യൂസിക് ബാന്‍ഡ് സെവനുമായി അഞ്ച് വര്‍ത്തെ കരാറിലേര്‍പ്പെടാന്‍ താത്പര്യം പ്രകടിപ്പിച്ചു. അങ്ങനെ ആല്‍ബം റിലീസ് ചെയ്തു. എംടിവി, സീ മ്യൂസിക്, വി ചാനല്‍ തുടങ്ങി 27 ഓളം ദേശീയ ചാനലുകളില്‍ ടോപ് ടെന്‍ പട്ടികയില്‍ ആല്‍ബം ഇടം നേടുകയും ചെയ്തു. ചെന്നൈ ആസ്ഥാനമായുള്ള കോസ്മിക് മ്യൂസിക്കില്‍ നിന്ന് കൂടുതല്‍ മെച്ചപ്പെട്ട കരാര്‍ വാഗ്ദാനം ലഭിച്ചു. തുടര്‍ന്ന് കോസ്മിക് മ്യൂസിക് സെവന് ബാന്‍ഡിന്റെ രണ്ട് ഗാനങ്ങളുടെ മ്യൂസിക് വീഡിയോകള്‍ റിലീസ് ചെയ്തു. വീഡിയോകള്‍ വളരെയേറെ ശ്രദ്ധ നേടി. അങ്ങനെ ആല്‍ബങ്ങളിലൂടെയായിരുന്നു മ്യൂസിക് കരിയര്‍ ആരംഭിച്ചത്. പിന്നീട് സിനിമകളില്‍ പിന്നണി പാടാനുള്ള അവസരം ലഭിച്ചു.
ഫ്രാങ്കോയുടെ ആദ്യ മലയാളസിനിമാഗാനം നമ്മള് എന്ന കമല്ചിത്രത്തിന് വേണ്ടിയായിരുന്നു. മോഹന്‍ സിത്താര സംഗീതസംവിധാനം നിര്‍വഹിച്ച എന്‍ കരളില്‍... എന്ന ഗാനം അഫ്സലിനൊപ്പമാണ് ഫ്രാങ്കോ ആലപിച്ചത്. കൈതപ്രം ദാമോദരന്‍ നമ്പൂതിരിയുടേതായിരുന്നു വരികള്‍.
ആ സമയത്താണ് കരിയറിലെ മറ്റൊരു ടേണിങ് പോയിന്റ് സംഭവിച്ചത്. 'ചെമ്പകമേ' എന്ന മ്യൂസിക് ആല്‍ബമായിരുന്നു അത്. ശ്യാം ധര്മ്മനായിരുന്നു ചെമ്പകമേയുടെ സംഗീതസംവിധായകന്. റാം സുരേന്ദര്‍ പ്രോഗ്രാമിങ് ചെയ്ത ഗാനങ്ങള്‍ രചിച്ചത് രാജു രാഘവായിരുന്നു. പ്രതീക്ഷിച്ചതിന്റെ പലയിരട്ടിയായിരുന്നു ആല്‍ബത്തിന് ലഭിച്ച സ്വീകാര്യത. രണ്ട് മൂന്ന് വര്‍ഷത്തോളം തുടര്‍ച്ചയായി ചെമ്പകമേയുടെ സിഡികളും കാസറ്റുകളും വിറ്റുപോയി. ചെമ്പകമേയുടെ വിജയത്തെ തുടര്‍ന്ന് മലയാളത്തില്‍ ആല്‍ബങ്ങളുടെ ഉത്സവകാലമായിരുന്നു. നിറയെ അവസരങ്ങളും കിട്ടി. തിരക്കേറിയപ്പോള്‍ യാത്രകള്‍ ബുദ്ധിമുട്ടായി. റെക്കോഡിങ്ങിനു വേണ്ടിയുള്ള യാത്രകള്‍ ഒഴിവാക്കാന്‍ സെവന് ഡിജിറ്റല്‍ എന്ന സ്റ്റുഡിയോ ആരംഭിച്ചു. ആല്‍ബങ്ങളുടെ നിര്‍മ്മാതാക്കളും സംഗീതസംവിധായകരും അനുവദിച്ചതിനാല്‍ കുറേയേറെ പാട്ടുകള്‍ സെവന് ഡിജിറ്റലില്‍ തന്നെ റെക്കോഡ് ചെയ്യാന്‍ സാധിച്ചു.
അഞ്ചോളം ഭാഷകളില്‍ പിന്നണി പാടിയിട്ടുണ്ടല്ലോ, എത്തരത്തിലാണ് അത് സാധ്യമായത് /പാടാനായി ആ ഭാഷകള്‍ പഠിച്ചെടുക്കുകയായിരുന്നോ...?
മലയാളം ഒഴികെ മറ്റു ഭാഷകളിലെ പാട്ടുകളില്‍ വരുന്ന വരികളും വാക്കുകളും പലപ്പോഴും മനസ്സിലാവണമെന്നില്ല. ഒരു പാട്ടിന്റെ ജീവന് എന്നു പറയുന്നത് അതിന് ഗായകര്‍ നല്കുന്ന എക്സ്പ്രഷനാണ്. അതു കൊണ്ട് അന്ന് ചെയ്തിരുന്നത് ആ സോങ് വരുന്ന സന്ദര്‍ഭം ഡീറ്റെയില്‍ഡ് ആയി കേള്‍ക്കുക എന്നതായിരുന്നു. അതിനു ശേഷം ആ വരികളുടെ അര്‍ഥം എഴുതിയെടുക്കും. തമിഴില്‍ പാടുമ്പോള്‍ പലപ്പോഴും റെക്കോഡിങ്ങിന് കൂടെ വന്നിരുന്നത് അങ്കിളിന്റെ മകന് കിരണായിരുന്നു. ആദ്യം പാട്ടിന്റെ ട്യൂണ്‍ പഠിക്കും. തമിഴ് അറിയുന്ന കിരണ്‍ ഒപ്പമിരുന്ന് വാക്കുകളുടെ ഉച്ചാരണമൊക്കെ കൃത്യമാക്കിത്തരും. അതു പോലെ തന്നെ തെലുഗില്‍ പാടുമ്പോള്‍ സഹായിക്കാന്‍ ആളുകളുണ്ടായിരുന്നു. മലയാളം കൂടാതെ തമിഴ്, തെലുഗു, ഹിന്ദി, ഇംഗ്ലീഷ്, സംസ്കൃതം തുടങ്ങിയ ഭാഷകളില്‍ പാടിയിട്ടുണ്ട്. സംസ്കൃതത്തില്‍ ഒരു ആല്‍ബം ചെയ്തു. പത്താം ക്ലാസ് വരെ സംസ്കൃതം പഠിച്ചത് അതിന് സഹായകമായി.
ഫ്രാങ്കോ എന്ന ഗായകന് അന്യഭാഷാസിനിമകളില്‍ അംഗീകാരം നേടിക്കൊടുത്തത് ഹാരിസ് ജയരാജ് എന്ന സംഗീതസംവിധായകനാണ്. ഹാരിസ് ജയരാജിന് വേണ്ടി ഫ്രാങ്കോ ആലപിച്ച ലേസാ ലേസാ, വേട്ടയാട് വിളയാട്, മാട്രാന്...തുടങ്ങിയ ചിത്രങ്ങളിലെ ഗാനങ്ങള്‍ ഹിറ്റായിരുന്നു.
പ്രമുഖരായ ഒട്ടേറെ സംഗീതസംവിധായകര്‍ക്കൊപ്പം പ്രവര്‍ത്തിച്ചുവല്ലോ, ആ അനുഭവങ്ങള്‍...
വിദ്യാസാഗര്‍, ഹാരിസ് ജയരാജ്, ഔസേപ്പച്ചന്, മോഹന്‍ സിത്താര, ജയചന്ദ്രന്, അല്‍ഫോണ്‍സ്, ശ്യാം ധര്മ്മന്, മെജോ ജോസഫ് തുടങ്ങി ഒട്ടേറെ സംഗീതസംവിധായകര്‍ക്കൊപ്പം പ്രവര്‍ത്തിക്കാന്‍ സാധിച്ചിട്ടുണ്ട്. സംഗീതം ചിട്ടപ്പെടുത്തുന്നതിന്റെ ശൈലി, ആ ഗാനത്തിന് നല്‍കേണ്ട എക്സ്പ്രഷന്‍, ആ പാട്ടിന് വേണ്ട എന്തെങ്കിലും കോണ്ട്രിബ്യൂഷന് നല്കാന് സാധിക്കുമോ തുടങ്ങി പല കാര്യങ്ങളും ഓരോ സംഗീതസംവിധായകനേയും കാണുമ്പോള്‍ ആദ്യം മനസ്സിലാക്കാന്‍ ശ്രമിക്കാറുണ്ട്. ഔസേപ്പച്ചന്റെ കൂടെ കുറേക്കാലം പ്രവര്‍ത്തിച്ചതിന്റെ അനുഭവത്തില്‍ നിന്നാണ് അത്തരമൊരു ശീലം ഉണ്ടായത്. പല മ്യൂസിക് ഡയറക്ടേഴ്സും പല മ്യൂസിക് ഇന്‍സ്ട്രുമെന്റ്സ് കൈകാര്യം ചെയ്യുന്നവരായിരിക്കും, അവരുടെ പിച്ച് റേഞ്ചില്‍ വ്യത്യാസമുണ്ടാകും. നമ്മുടെ കഴിവുകളും പോരായ്മകളും ബാലന്‍സ് ചെയ്ത് നല്ലൊരു പ്രോഡക്ട് കൊടുക്കാനാണ് നോക്കുക. ഓരോ പാട്ടും-സിനിമയോ ആല്‍ബമോ ആവട്ടെ-ഓരോ പാട്ടും ആദ്യത്തെ പാട്ടിന്റെ അതേ കൗതുകത്തോടെയും ഇഷ്ടത്തോടെയും നോക്കിക്കാണുന്നു, പാടാന്‍ ശ്രമിക്കുന്നു. ഒരു ഗാനത്തിന്റെ പെര്ഫെക്ഷന് വേണ്ടി എത്ര സമയം ചിലവഴിക്കാനും മടി തോന്നാറില്ല.
ചെമ്പകമേ, സുന്ദരിയേ വാ എന്നീ ഗാനങ്ങൾ ഒഴിച്ചു നിർത്തിയാൽ കിനാവിലെ ജനാലകൾ ( പ്രാഞ്ചിയേട്ടൻ ), കാണപ്പൊന്നും ( ചാന്ത്പൊട്ട് ), പൈനാപ്പിൾ പെണ്ണേ ( വെള്ളിനക്ഷത്രം ),നെരുപ്പേ( വേട്ടയാടു വിളയാട് ), ഒരുനാളുമലിയാത്ത ( from the album belief ) എന്നിവയാണ് പാടിയവയിൽ ഇഷ്ടപ്പെട്ടവ. സത്യത്തിൽ പാടിയ പാട്ടുകളെല്ലാം പ്രിയപ്പെട്ടതാണ്... ഒരുപാട് ഇഷ്ടത്തോടെ പാടിയതാണ്- ഫ്രാങ്കോ
ഗായകര്‍ക്ക് ആവശ്യത്തിന് സ്വാതന്ത്ര്യം തരുന്ന സംഗീതസംവിധായകരുണ്ട്. ഉദാഹരണത്തിന്, പാടുമ്പോള്‍ ഫ്രാങ്കോജിയ്ക്ക് ഇഷ്ടമുള്ള മോഡുലേഷന് കൊടുത്തുനോക്കൂ മാച്ചാവുമോന്ന് നോക്കാം എന്ന് ഹാരിസ് ജയരാജ് പറയാറുണ്ട്. അതു പോലെ ടോണ്‍ സെറ്റ് ചെയ്യാനുള്ള സ്വാതന്ത്ര്യവും അദ്ദേഹം നല്‍കാറുണ്ട്. ചെയ്ത ട്യൂണിനനുസരിച്ച് തന്നെ പാടണമെന്ന് പറയുന്നവരും ഉണ്ട്. ഓരോ സംഗീതസംവിധായകനും ഓരോ ഗാനവും വ്യത്യസ്തമാണ്. എല്ലാം തന്നെ നല്ല ഓര്‍മകളാണ്. ആദ്യമായി ട്രാക്ക് പാടുന്നത് ആചാര്യന് എന്ന സിനിമയ്ക്ക് വേണ്ടിയാണ്. പത്താം ക്ലാസ് പരീക്ഷ കഴിഞ്ഞ് ഔസേപ്പച്ചന്റെ വീട്ടിലെത്തിയ സമയത്താണ് ആ സിനിമയുടെ സോങ് കംപോസിങ് നടക്കുന്നത്. കംപോസിങ് കഴിഞ്ഞപ്പോള്‍ എനിക്ക് സംഗീതം ഇഷ്ടമാണെന്നറിയാവുന്ന അങ്കിള്‍ ട്രാക്ക് പാടി നോക്കുന്നോ എന്ന് ചോദിക്കുകയും പാടുകയും ചെയ്തു. അത് എന്റെ ജീവിതത്തിലെ ഏറ്റവും സന്തോഷമുള്ള ദിസങ്ങളിലൊന്നായിരുന്നു. സംഗീതത്തോടും ഫിലിം ഇന്‍ഡസ്ട്രിയോടും അതോടെ ഇഷ്ടമേറി.
ഔസേപ്പച്ചനോടൊത്ത് പ്രവര്‍ത്തിച്ച പതിമൂന്ന് വര്‍ഷം പകര്ന്നുനല്കിയത് വലിയൊരനുഭവസമ്പത്താണ്. നിരവധി കംപോസിങ് സെഷനുകളില്‍ പങ്കെടുക്കാനും പല ഗാനരചയിതാക്കളുടെ പാട്ടുകള്‍ ട്രാക്ക് പാടാനുള്ള അവസരം ലഭിച്ചു. മൈക്കുമായുള്ള ഡിസ്റ്റന്‍സ്, മൈക്ക് ഉപയോഗിക്കുന്ന രീതി, എക്സ്പ്രഷന്‍ നല്കുന്ന വിധം തുടങ്ങിയ ടെക്നിക്കുകള്‍ പഠിക്കാന്‍ ട്രാക്ക് പാടിയത് ഏറെ സഹായിച്ചിട്ടുണ്ട്. ഔസേപ്പച്ചന്റെ കൂടെ വര്‍ക്ക് ചെയ്യുന്നത് ഒരു യൂണിവേഴ്സിറ്റി പോലെയാണ്. അദ്ദേഹത്തിന്റെ കൂടെ വര്‍ക്ക് ചെയ്തിട്ടുള്ള എല്ലാവര്ക്കും അങ്ങനെ തന്നെയാണ്. ഓരോ കാര്യങ്ങളും ശ്രദ്ധയോടെ, ഇഷ്ടത്തോടെ ചെയ്യുന്ന ഒരാളാണ് അദ്ദേഹം. അത് ഏറെ സ്വാധീനിച്ചിട്ടുണ്ട്.
ഔസേപ്പച്ചനൊപ്പം ദീര്‍ഘകാലം പ്രവര്‍ത്തിക്കുന്നതിനിടെ നിരവധി ഗാനങ്ങള്‍ക്ക് വേണ്ടി ഫ്രാങ്കോ ട്രാക്ക് പാടിയിട്ടുണ്ട്. പത്താം ക്ലാസ് കഴിഞ്ഞയുടനെയാണ് ആദ്യമായി ഔസേപ്പച്ചന് വേണ്ടി ഫ്രാങ്കോ ട്രാക്ക് പാടുന്നത്. ആചാര്യന് എന്ന ചിത്രത്തിന് വേണ്ടിയായിരുന്നു അത്. അത് ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട സംഭവങ്ങളിലൊന്നാണെന്ന് ഫ്രാങ്കോ പറയുന്നു. ഔസേപ്പച്ചന്റെ ഈണത്തില്‍ കിനാവിലെ ജനാലകള്‍, ധുംതനക്കടി തുടങ്ങിയ പല ഗാനങ്ങളും ഫ്രാങ്കോ ആലപിച്ചു.
'ചെമ്പകമേ' എന്ന ആല്‍ബത്തിലെ ഗാനങ്ങളെ കുറിച്ച് പരാമര്‍ശിക്കാതെ ഫ്രാങ്കോ എന്ന പാട്ടുകാരന്റെ കഥയ്ക്ക് പൂര്‍ണതയുണ്ടാവില്ല. എന്താണ് പറയാനുള്ളത്...?
ജീവിതം മാറ്റിമറിച്ച ഗാനങ്ങളാണ് സുന്ദരിയേ വാ, ചെമ്പകമേ... എന്നിവ. ഈ ഗാനങ്ങളുടെ റിലീസിന് ശേഷമാണ് മ്യൂസിക് പ്രൊഫഷന് ഉപയോഗിച്ച് ഒരു കുടുംബം പുലര്‍ത്താമെന്ന അവസ്ഥ വന്നത്. ഈ പാട്ടുകള്‍ എനിക്ക് തന്നതിന് എങ്ങനെ നന്ദി പറയണമെന്നറിയില്ല. ഇപ്പോഴും ഇവയില്‍ ഒരു പാട്ട് പാടാതെ വേദി ഒഴിയാനും കഴിയില്ല. ഫ്രാങ്കോയില്‍ നിന്ന് ഈ രണ്ട് പാട്ടുകള്‍ ശ്രോതാക്കള്‍ പ്രതീക്ഷിക്കുന്നുണ്ട്. ആല്‍ബത്തിന്റെ കംപോസിങ് സെഷനിലും പ്രോഗ്രാമിങ് സെഷനിലും പങ്കെടുത്തിട്ടുണ്ട്. അതിനെ കുറിച്ച് ഒരുപാട് നല്ല ഓര്‍മകളുണ്ട്. ആ ആല്‍ബം റിലീസ് ചെയ്യാന്‍ ആദ്യം ആരും തയ്യാറായിരുന്നില്ല. സീനിയറായ ഗായകര്‍ പാടിയ ആല്‍ബങ്ങള്‍ക്കായിരുന്നു അന്ന് മാര്‍ക്കറ്റ് എന്നതായിരുന്നു കാരണം. പരിചയസമ്പത്തേറിയ ഗായകര്‍ക്ക് പകരം ഫ്രാങ്കോ എന്ന ഗായകനെ പരിഗണിച്ച ആല്‍ബത്തിന്റെ അണിയറപ്രവര്‍ത്തകരോട് എന്നും കടപ്പാടുണ്ട്. കാരണം ഫ്രാങ്കോ എന്ന ഗായകന്റെ വളര്‍ച്ചയ്ക്ക് 'ചെമ്പകമേ'യിലെ ഗാനങ്ങള്‍ ഏറെ സഹായിച്ചിട്ടുണ്ട്.
2006 ല്‍ പുറത്തിറങ്ങിയ ചെമ്പകമേ എന്ന ആല്‍ബത്തിലെ രണ്ട് ഗാനങ്ങളാണ് ഫ്രാങ്കോ ആലപിച്ചത്. ആല്‍ബത്തിലെ മറ്റു ഗാനങ്ങള്‍ മധു ബാലകൃഷ്ണന്, ആശ ജി. മേനോന്, വിധു പ്രതാപ്, ജ്യോത്സ്ന എന്നിവര്‍ പാടി. സുന്ദരിയേ വാ, ചെമ്പകമേ എന്നീ ഗാനങ്ങള്‍ അക്കാലത്ത് പുറത്തിറങ്ങിയ മലയാള സിനിമാഗാനങ്ങളേക്കാള്‍ മൈലജ് നേടി. സംസ്ഥാനചലച്ചിത്ര പുരസ്കാരജേതാവ് കൂടിയായ ശ്യാം ധര്മ്മന്റേതായിരുന്നു ഈണങ്ങള്‍. രാജു രാഘവ് രചന നിര്‍വഹിച്ചു.
അഞ്ച് വര്‍ഷത്തെ പ്രയത്നം-എന്താണ് 'മൊറാന്‍ അമേഖ്' (Moran Amekh)...?
രണ്ടര മണിക്കൂര്‍ ദൈര്‍ഘ്യമുള്ള ഒരു ക്രിസ്ത്യന്‍ മെഡിറ്റേഷന്‍ ആല്‍ബമാണ് മൊറാന്‍ അമേഖ്. സംസ്കൃതത്തിലാണ് ഈ ആല്‍ബം തയ്യാറാക്കിയിരിക്കുന്നത്. മൈന്‍ഡ് റിലാക്സേഷന് പറ്റിയ ഫ്രീക്വന്സികളുള്ള സംഗീതോപകരണങ്ങളാണ് ഉപയോഗിച്ചിരിക്കുന്നത്. തീറ്റ വേവ്സ് & ബൈന്യുറല് ബീറ്റ്സ്(theta waves binaural beats) ആല്‍ബത്തില്‍ ഉപയോഗപ്പെടുത്തിയിരിക്കുന്നു. ഒരു സാധാരണ മനുഷ്യന്റെ ഹൃദയമിടിപ്പിന് സമാനമായാണ് ആല്‍ബം ചെയ്തിരിക്കുന്നത്. വെസ്റ്റേണ്‍ ഹാര്‍മണിയാണ് ഉപയോഗിച്ചിട്ടുള്ളത്. സംസ്കൃതപദങ്ങളുടെ ഉച്ചാരണം വളരെ പ്രധാനമാണ്. ആ സൗണ്ടിങ് തന്നെ വളരെ മെഡിറ്റേറ്റീവ് ആണ്. അക്കാരണത്താലാണ് ആല്‍ബത്തിന് വേണ്ടി സംസ്കൃതഭാഷ തന്നെ തിരഞ്ഞെടുത്തത്. നൂറ് ശതമാനം ദൈവവിശ്വാസിയായതു കൊണ്ട് കൂടിയാണ് ഇത്തരമൊരു ആല്‍ബം ചെയ്യണമെന്ന തീരുമാനത്തിലേക്കെത്താനുള്ള കാരണം. ഈശ്വരനോടുള്ള കടമ പോലെ, കടപ്പാട് പോലെ ചെയ്ത പ്രോജക്ടാണ് മൊറാന്‍ അമേഖ്.
ദൈവം നിന്നോട് കൂടെ എന്നാണ് മൊറാന്‍ അമേഖ് എന്നതിന്റെ അര്‍ഥം. ഗ്രിഗോറിയന്‍ ചാന്റിന്റെ ശൈലിയില്‍ സംസ്കൃതശ്ലോകങ്ങള്‍ ഉള്‍പ്പെടുത്തിയാണ് ഫ്രാങ്കോ ഈ ആല്‍ബത്തിന് സംഗീതമൊരുക്കിയിരിക്കുന്നത്. ഡോക്ടര്‍ കെ. യു ചാക്കോയാണ് വരികള്‍ രചിച്ചിരിക്കുന്നത്. ആല്‍ബത്തിനു വേണ്ടി റീ വെര്‍ബ് ഒരുക്കിയിരിക്കുന്നതും വ്യത്യസ്തമായ രീതിയിലാണ്.തൃശൂരിലെ ഡോളേഴ്സ് പള്ളിയില്‍ ആല്‍ബത്തിലെ ശ്ലോകങ്ങള്‍ പ്ലേ ചെയ്ത ശേഷം അതില്‍നിന്നു ലഭിച്ച പ്രതിധ്വനി റെക്കോര്‍ഡ് ചെയ്തെടുത്താണ് അവസാന മിക്സിങ് പൂര്‍ത്തിയാക്കിയത്. ഫ്രാങ്കോയുടെ അമ്മാവനും പ്രശസ്ത സംഗീത സംവിധായകനുമായ ഔസേപ്പച്ചന് ആല്‍ബത്തിനു വേണ്ടി വയലിന് വായിച്ചിരിക്കുന്നു. ഫ്ളോറിഡയിലുള്ള സുഹൃത്ത് പൗലോസ് കുയിലാടന്റെ ഓട്ടിസമുള്ള മകന് അഗ്രസ്സീവ് ആകുന്ന സന്ദര്‍ഭങ്ങളില്‍ അവനെ ശാന്തനാക്കാന്‍ മൊറാന്‍ അമേഖ് സുഹൃത്ത് കേള്പ്പിക്കാറുണ്ടെന്ന അനുഭവവും ഫ്രാങ്കോ പങ്കുവെക്കുന്നു.
ഫ്രാങ്കോ എന്ന പേര് പറയുമ്പോള്‍ ഓര്മ വരുന്ന ഒരു അടിപൊളി ഗായകന്റെ രൂപമുണ്ട്. എങ്ങനെ, ഫ്രാങ്കോ എന്ന വ്യക്തി അടിപൊളിയാണോ...?
സ്റ്റേജില്‍ കാണുന്ന ഫ്രാങ്കോയും ഫ്രാങ്കോയുടെ വേഷവിധാനവുമൊക്കെ വളരെ വ്യത്യസ്തനാണ്. അതല്ലാതെ നോക്കിയാല്‍ ഞാന്‍ വളരെ ഫാമിലി ഓറിയന്റഡായിട്ടുള്ള മനുഷ്യനാണ്. എന്റെ ഫോണില്‍ ഏകദേശം പതിനയ്യായിരത്തോളം സുഹൃത്തുക്കളുടെ നമ്പറുണ്ട്. എല്ലാവരുമായി സൗഹൃദം കാത്തു സൂക്ഷിക്കാന്‍ ആഗ്രഹിക്കുന്ന ഒരാളാണ്. കുടുംബത്തിനാണ് ഏറ്റവും മുന്‍ഗണന. കൂടുതല്‍ സമയം കുടുംബത്തോടൊപ്പം നില്ക്കാന് വേണ്ടിയാണ് നാട്ടില്‍ നിന്ന് യുഎസ്സിലെത്തി മറ്റൊരു ജോലിയില്‍ പ്രവേശിച്ചത്. സംഗീതത്തിനുപരിയായി ബിസിനസ്സില്‍ താത്പര്യമുണ്ട്. സ്ഥലക്കച്ചവടം ഇഷ്ടമാണ്. ബിസിനസ്സ് നടത്തി കുറേയേറെ പണം സമ്പാദിച്ചിട്ടൊന്നുമില്ലെങ്കിലും അത്തരം കാര്യങ്ങള്‍ താത്പര്യമുണ്ട്. മാനസിക വെല്ലുവിളിയുള്ളവരോടൊത്ത് ഒഴിവുസമയം ചെലവഴിക്കാനാണ് ശ്രമിക്കാറ്. സഹായം ആവശ്യപ്പെട്ടു വരുന്നവര്‍ക്ക് വേണ്ടി തിരക്കുകള്‍ക്കിടയിലും സമയം കണ്ടെത്താറുണ്ട്. സഹായം തേടി വരുന്നവരെ നിരാശരാക്കാതിരിക്കാന്‍ അപ്പനും അമ്മാമ്മയും ശ്രമിക്കാറുണ്ടായിരുന്നു. അതില്‍ നിന്നാവണം അത്തരമൊരു ശീലം മനസ്സിലുറച്ചത്.
കുടുംബം: ഭാര്യ റോണ്‍സി, മൂന്ന് മക്കള്‍-രണ്ട് ആണ്‍കുട്ടികള്‍-നോയല്‍, നാഷ് മകള്‍ കാത്തി. മൂത്തമകന് സെറിറ്റോസ് കോളേജ് വിദ്യാര്‍ഥിയാണ്. രണ്ടാമത്തെ മകന് പതിനൊന്നാം ക്ലാസ്സിലും മകള്‍ ഏഴാം ക്ലാസ്സിലും പഠിക്കുന്നു. മൂന്ന് പേരും പിയാനോ പഠിക്കുന്നുണ്ട്. മകള്‍ വെസ്റ്റേണ്‍ വോക്കല്‍ കൂടി പഠിക്കുന്നുണ്ട്. ഗായകന് അമല്‍ ആന്റണിയാണ് ഗുരു. അച്ഛന് സൈമണും അമ്മ ആലീസും ഒപ്പമുണ്ട്. അമ്മയും അമ്മാമ്മ കാതറീനുമാണ് ഗായകനായിത്തീരാന്‍ ഏറ്റവും പ്രോത്സാഹനം നല്കിയ വ്യക്തികള്‍.
Content Highlights: Interview with Singer Franco Simon
Content Highlights: