കഥകളിപ്പദങ്ങൾക്ക് താളമിട്ട ഉസ്താദ്, ഇനിയൊരു സാക്കിർ ഹുസൈന്‍ ഉണ്ടാവില്ല- ഡോ. കെ. ഓമനക്കുട്ടി

സാക്കിർ ഹുസ്സൈൻ, ഡോ. കെ. ഓമനക്കുട്ടി| Photos: PTI, Mathrubhumi
സാക്കിർ ഹുസ്സൈൻ, ഡോ. കെ. ഓമനക്കുട്ടി| Photos: PTI, Mathrubhumi

മുന്നിലിരുന്ന്  കഥകളിപ്പദങ്ങൾ പാടുന്ന ഗായികയെ കൗതുകത്തോടെ കേട്ടിരിക്കേ ഏതോ ഉൾവിളിയാലെന്ന വണ്ണം  മേശപ്പുറത്ത് താളമിട്ടു തുടങ്ങുന്നു  ഉസ്താദിന്റെ മാന്ത്രിക വിരലുകൾ. ചെണ്ടയിൽ തുടങ്ങി മദ്ദളത്തിലൂടെ സഞ്ചരിച്ച് ചെണ്ടയിൽ തന്നെ തിരിച്ചെത്തുന്നു അപൂർവസുന്ദരമായ ആ താളവിന്യാസ യാത്ര. സ്റ്റുഡിയോയുടെ കൺസോൾ പൊടുന്നനെ ഒരു കളിയരങ്ങായി മാറുന്നു.

ഉസ്താദിന്റെ  മുഖത്തായിരുന്നു ഗായികയുടെ ശ്രദ്ധ മുഴുവൻ. വിശുദ്ധവും താപസതുല്യവുമായ ഒരു ശാന്തത കളിയാടുന്നു അവിടെ. ഏകാന്തസുന്ദരമായ മറ്റേതോ ലോകത്തായിരുന്നിരിക്കണം അദ്ദേഹം.  "മറക്കാനാവില്ല ആ നിമിഷങ്ങൾ.  താളം എത്രത്തോളം അദ്ദേഹത്തിന്റെ  ജീവിതത്തിൽ അലിഞ്ഞുചേർന്നിരിക്കുന്നു എന്ന്  മനസ്സിലായത് അന്നാണ്.  ദൈവം കനിഞ്ഞനുഗ്രഹിച്ച ആ വിരലുകളെ എങ്ങനെ നമിക്കാതിരിക്കാൻ കഴിയും ?" - സംഗീതജ്ഞ ഡോ. കെ. ഓമനക്കുട്ടിയുടെ വാക്കുകൾ.

ഷാജി എൻ കരുൺ സംവിധാനം ചെയ്ത "വാനപ്രസ്ഥ"ത്തിന് വേണ്ടി പാടി റെക്കോർഡ് ചെയ്ത കഥകളിപ്പദങ്ങൾ പടത്തിന്റെ സംഗീത സംവിധായകനായ സാക്കിർ  ഹുസൈനെ പാടിക്കേൾപ്പിക്കാൻ ചെന്നൈയിൽ ചെന്നതായിരുന്നു ഓമനക്കുട്ടി ടീച്ചർ. പശ്ചാത്തലത്തിൽ  ഉപയോഗിക്കാനായി സംവിധായകന്റെ ആവശ്യപ്രകാരം വെണ്മണി ഹരിദാസ് ആണ് തിരുവനന്തപുരത്ത് വെച്ച്  പദങ്ങൾ പാടിപ്പഠിപ്പിച്ചത്. കുറെയേറെ പാടിയിരുന്നെങ്കിലും കുറച്ചു വരികൾ മാത്രമേ സിനിമയിൽ ഉപയോഗിച്ചിട്ടുള്ളൂവെന്ന് ഡോ ഓമനക്കുട്ടി.  

"പ്രസാദ് സ്റ്റുഡിയോയുടെ കൺസോളിൽ ഇരുന്നാണ് കഥകളിപ്പദങ്ങൾ പാടിക്കേൾപ്പിച്ചത്. ക്ഷമയോടെ കേട്ടിരുന്നു അദ്ദേഹം. ഇടക്ക് ആ വിരലുകൾ മുന്നിലെ മേശപ്പുറത്ത് താളമിടുന്നുണ്ടായിരുന്നു. ചെണ്ട വായിച്ചുകൊണ്ടാണ് തുടക്കം. അതുകഴിഞ്ഞു മദ്ദളം. തബലയിൽ നിന്ന് വ്യത്യസ്തമായ ജതിയാണല്ലോ ഈ  ഉപകരണങ്ങളുടേത്. പക്ഷേ പരിചയസമ്പന്നനായ ഒരു താളവാദ്യക്കാരനെപ്പോലെ കഥകളിപ്പദങ്ങളെ അനുഗമിക്കുകയാണ് അദ്ദേഹം. അത്ഭുതത്തോടെ ആ പകർന്നാട്ടം കേട്ടിരുന്നു ഞാൻ..."

ഇടക്ക് മറ്റൊരനുഭവം കൂടിയുണ്ടായി. "കൊച്ചുമകനായ ഹരിശങ്കർ (പിൽക്കാലത്ത് ചലച്ചിത്ര പിന്നണിഗായകനായി പേരെടുത്ത അതേ  ഹരിശങ്കർ തന്നെ) അന്ന് ചെറിയ കുട്ടിയാണ്. നാലോ അഞ്ചോ വയസ്സേയുള്ളൂ പ്രായം. അവൻ പാടിയ മഞ്ഞക്കിളിയുടെ മൂളിപ്പാട്ടുണ്ടേ എന്ന പാട്ടിന്റെ വീഡിയോ ഞാൻ ഉസ്താദിന് കാണിച്ചുകൊടുത്തു. കൗതുകത്തോടെ പാട്ട്  കേട്ട ശേഷം അടുത്ത് കിടന്നിരുന്ന ഒരു കടലാസ്സ് കഷ്ണമെടുത്ത് അതിൽ എന്തോ എഴുതി  എനിക്ക് നേരെ നീട്ടി അദ്ദേഹം. സ്വന്തം കൈപ്പടയിൽ ഹരിശങ്കറിന്  ഒരു പ്രശംസാപത്രം എഴുതിയിരിക്കുകയാണ് അദ്ദേഹം. ശങ്കുവിന് സംഗീതജീവിതത്തിൽ ലഭിച്ച ആദ്യത്തെ അമൂല്യമായ അംഗീകാരമായിരിക്കണം അത്."  

തബലയുടെ താളം ഹൃദയതാളമായി കൊണ്ടുനടന്ന കലാകാരനാണ് സാക്കിർ  ഹുസ്സൈൻ എന്ന് ഡോ ഓമനക്കുട്ടി. "വിനയത്തിന്റെ ആൾരൂപമായിരുന്നു അദ്ദേഹം. യഥാർത്ഥ കലാകാരൻ എങ്ങനെ ആയിരിക്കണം എന്ന് സ്വന്തം ജീവിതത്തിലൂടെ തെളിയിച്ച ഒരാൾ.  ഇനിയൊരു സാക്കിർ  ഹുസ്സൈൻ ഉണ്ടാവില്ല."

Content Highlights: Dr. K. Omanakkutty`s personal encounter with Zakir Hussain, Zakir Hussain`s Musical Magic