തമിഴക മക്കളുടെ നടിപ്പിന്‍ ചക്രവര്‍ത്തി, പ്രശസ്തിയുടെ കൊടുമുടിയില്‍നിന്ന് വീഴ്ച; ആരാണ് എം.കെ ത്യാഗരാജ ഭാഗവതർ?

#പി. പ്രജിത്ത്‌
ദുല്‍ഖര്‍ സല്‍മാൻ കാന്തയില്‍, എം.കെ. ത്യാഗരാജ ഭാഗവതര്‍
ദുല്‍ഖര്‍ സല്‍മാൻ കാന്തയില്‍, എം.കെ. ത്യാഗരാജ ഭാഗവതര്‍

മിഴ് സിനിമയിലെ ആദ്യത്തെ സൂപ്പർസ്റ്റാർ ‘ടി.കെ. മഹാദേവനാ’യി ദുൽഖർ സൽമാൻ അഭിനയിച്ച കാന്ത പ്രദർശനത്തിനെത്തി. തമിഴ്‌ തെലുഗു ഭാഷകളിലിറങ്ങിയ സിനിമ സംവിധാനം ചെയ്തിരിക്കുന്നത് ദ ഹണ്ട് ഫോർ വീരപ്പൻ എന്ന നെറ്റ്ഫ്ളിക്സ് ഡോക്യുമെന്ററി സീരീസ് ഒരുക്കിയ തമിഴ് സംവിധായകൻ സെൽവമണി സെൽവരാജാണ്. 1950 കാലഘട്ടത്തിലെ മദ്രാസിന്റെ പശ്ചാത്തലത്തിലാണ് സിനിമ കഥപറയുന്നത്. പഴയകാല തമിഴ് നടനും സൂപ്പർതാരവുമായ മായാവരം കൃഷ്ണസാമി ത്യാഗരാജ ഭാഗവതരുടെ (എം.കെ.ടി.)ജീവിതം മുൻനിർത്തിയുള്ള സിനിമയാണ് കാന്തയെന്ന് പ്രദർശനത്തിനുമുൻപേ വ്യാപകമായി പ്രചരിക്കപ്പെട്ടിരുന്നു. കുടുംബാംഗങ്ങളോട് അനുവാദം ചോദിക്കാതെ അദ്ദേഹത്തെ അപകീർത്തിപ്പെടുത്തുന്ന രീതിയിൽ അവതരിപ്പിച്ചു എന്നാരോപിച്ച് ഭാഗവതരുടെ കുടുംബം റിലീസിനുമുൻപേ കോടതിയെ സമീപിച്ചതെല്ലാം വാർത്തകളിൽ ഇടംനേടിയിരുന്നു. ഭാഗവതരുടെ ജീവിതകഥയാണ് സിനിമയാക്കിയതെന്നും കഥാപാത്രങ്ങളുടെ പേരുകൾ മാറ്റിയെങ്കിലും പ്രേക്ഷകർക്ക് അവയെല്ലാം എളുപ്പത്തിൽ മനസ്സിലാക്കാൻ സാധിക്കുമെന്നും യാഥാർഥ്യവുമായി ബന്ധമില്ലാത്ത തരത്തിലാണ് കാര്യങ്ങൾ അവതരിപ്പിച്ചിരിക്കുന്നതെന്നുമെല്ലാം കുടുംബം നൽകിയ പരാതിയിൽ പറയുന്നുണ്ട്. വിഷയത്തിൽ നടനും ചിത്രത്തിന്റെ നിർമാതാവുമായ ദുൽഖർ സൽമാനോട് കോടതി വിശദീകരണം ചോദിച്ചു. എന്നാൽ, കാന്തയിലൂടെ അവതരിപ്പിക്കുന്നത് ത്യാഗരാജ ഭാഗവതരുടെ ജീവചരിത്രമല്ലെന്നാണ് അണിയറപ്രവർത്തകരുടെ വിശദീകരണം.

ദുൽഖർ സൽമാന്റെ കാന്തയുടെ പ്രചാരണപരിപാടികൾ തുടങ്ങിയതുമുതൽ തമിഴ്‌നടൻ ത്യാഗരാജഭാഗവതരുടെ ജീവിതം അന്വേഷിച്ച് സിനിമാപ്രേമികൾ അന്വേഷണം തുടങ്ങിയിരുന്നു. താരപദവിയുടെ നൈമിഷികത എല്ലാ അർഥത്തിലും അനുഭവിച്ചറിച്ച സൂപ്പർതാരമായിരുന്നു ത്യാഗരാജ ഭാഗവതർ. ഈ ജീവിതത്തിന്റെ നിഴലിലാണോ സിനിമയുടെ കഥമുന്നോട്ടുപോകുന്നതെന്നറിയാൻ കാന്തയ്ക്ക് ടിക്കറ്റെടുക്കുന്നവരുമുണ്ട്.

പഴയ തഞ്ചാവൂരിലെ മയിലാടും തുറൈയിലെ സാധാരണ കുടുംബത്തിൽ 1910 മാർച്ച് ഒന്നിനായിരുന്നു ത്യാഗരാജരുടെ ജനനം. സ്വതസിദ്ധമായി ലഭിച്ച ശബ്ദത്തിന്റെ കരുത്തിൽ ഭജനകളിലൂടെയും ഭക്തിഗാനനാടക സംഘത്തിനൊപ്പവും വളർന്ന ബാല്യം. ചെറുപ്രായത്തിൽത്തന്നെ ഭാഗവതപ്പട്ടം സ്വന്തമാക്കിയ ത്യാഗരാജൻ നാടകത്തിന്റെ തുടർച്ചയെന്നോണം സിനിമയിലേക്കെത്തി. സിനിമയെന്ന കലാരൂപം ജനങ്ങൾക്കിടയിലേക്ക് പ്രചാരം നേടിവരുന്ന കാലമായിരുന്നു അത്. 1934-ൽ പ്രദർശനത്തിനെത്തിയ പവലക്കോടി-യായിരുന്നു എം.കെ. ത്യാഗരാജന്റെ ആദ്യചിത്രം. അമ്പത്തിയാറ് ഗാനങ്ങളുള്ള പവലക്കോടി സിനിമയിൽ ഇരുപതിലധികം ഗാനങ്ങളിൽ പാടി അഭിനയിച്ചത് ഭാഗവതരായിരുന്നു. സിനിമയിൽ പാടി അഭിനയിക്കാനുള്ള കഴിവും തലയെടുപ്പും സൗന്ദര്യവും ശബ്ദമാധുര്യവും എം.കെ.ടി.യെ ജനപ്രിയതാരമാക്കി ഉയർത്തി.

ചിന്താമണി, അംബികാപതി, തിരുനീലകണ്ഠൻ... തുടർച്ചയായി ഭാഗവതർ പാടി അഭിനയിക്കുന്ന ചിത്രങ്ങൾ പ്രദർശനത്തിനെത്തി. ചുരുങ്ങിയ കാലംകൊണ്ടുതന്നെ തമിഴകത്തെ താരചക്രവർത്തിയായി ത്യാഗരാജൻമാറി. 1944 ഭാഗവതർ അഭിനയിച്ച ഹരിദാസ്- എന്നസിനിമ മദ്രാസ് ബ്രോഡ്‌വേ ടാക്കീസിൽ മൂന്നുവർഷമാണ് പ്രദർശിപ്പിച്ചത്. ഒരു ചലച്ചിത്രനടൻ സൂപ്പർതാരമായി മാറുന്ന കാഴ്ച ആദ്യമായി സിനിമാലോകം കാണുന്നത് എം.കെ. ത്യാഗരാജനിലൂടെയാണ്. സംഗീതം, നാടകം, സിനിമ- മൂന്നുമേഖലകളിലും എം.കെ.ടി. താരമായി ഉയർന്നു. തമിഴകമക്കൾ നടിപ്പിൻ ചക്രവർത്തിയെന്ന പട്ടംചാർത്തി. ആർപ്പുവിളിച്ചെത്തുന്ന ആരാധകർ, ദിനംപ്രതി വർധിച്ചുവരുന്ന സമ്പത്ത്, രാജകീയജീവിതത്തിലേക്ക് ഭാഗവതർ പറിച്ചുനടപ്പെടുകയായിരുന്നു.

ചെറുകാലത്തിനുള്ളിൽ പതിന്നാല് സിനിമകൾ, അഭിനയിച്ച സിനിമകളിലെല്ലാം നായകവേഷം, അതിൽ പത്തുചിത്രങ്ങളും സ്വന്തമാക്കിയത് സമാനതകളില്ലാത്ത വിജയം. പ്രതിഭയുടെയും പ്രശസ്തിയുടെയും നെറുകയിൽ നിന്നായിരുന്നു ഭാഗവതരുടെ വീഴ്ച. മസാലക്കഥകൾ ചേർത്ത് സമൂഹത്തിലെ ഉന്നതരെക്കുറിച്ചുള്ള കഥകൾ പടച്ചുവിടുന്ന ലക്ഷ്മികാന്തനെന്ന മാധ്യമപ്രവർത്തകന്റെ കൊലപാതകത്തിൽ ഭാഗവതർ അറസ്റ്റുചെയ്യപ്പെട്ടു. മൂന്നുവർഷം കേസിൽ അകപ്പെട്ട് ജയിലിൽ കഴിയേണ്ടിവന്ന ഭാഗവതരെ പിന്നീട് കുറ്റവിമുക്തനാക്കി വിട്ടയച്ചു. എന്നാൽ, സിനിമയും സമ്പാദ്യവുമെല്ലാം അക്കാലംകൊണ്ട് നഷ്ടപ്പെട്ടു. ജയിലിൽനിന്ന് തിരിച്ചെത്തിയ ഭാഗവതർ വീണ്ടും സിനിമയിലേക്കിറങ്ങിയെങ്കിലും അവയൊന്നും പഴയപോലെ സ്വീകരിക്കപ്പെട്ടില്ല. വർഷങ്ങളുടെ ഇടവേള സിനിമയെ അടുമുടിമാറ്റി, ദ്രാവിഡപ്രസ്ഥാനങ്ങളുടെ വളർച്ചയും പുതുരീതികൾ ഉൾക്കൊള്ളുന്നതിൽ ഭാഗവതർ പരാജയപ്പെട്ടതായി കരുതണം. ജയിലിൽനിന്ന് പുറത്തുവന്നശേഷം ജനപ്രിയത തിരിച്ചുപിടിക്കാൻ അദ്ദേഹത്തിന് കഴിഞ്ഞില്ല. സിനിമവിട്ട് വീണ്ടും ഭജനകളിലേക്കിറങ്ങിയ അദ്ദേഹം നാൽപ്പത്തിയൊൻപതാം വയസ്സിൽ രോഗങ്ങൾക്കടിമപ്പെട്ട് വിടപറഞ്ഞു.

എന്നൈ പോൽ ഉയർന്തവരാരുമില്ലൈ.., എന്നെ പോൽ വീഴ്ന്തവരും... എന്ന ഭാഗവതരുടെ അവസാനകാലത്തെ സംഭാഷണം ഇന്നും തമിഴ് സിനിമാപ്രേമികളുടെ മനസ്സിൽനിന്ന് മാഞ്ഞിട്ടില്ല.

കാന്തയെന്ന സിനിമയുടെ പേരും, കഥപറയുന്ന കാലഘട്ടവുംദുൽഖറിന്റെ കഥാപാത്രത്തിന് നൽകിയ നടിപ്പിൻ ചക്രവർത്തിയെന്ന വിശേഷണവും പഴയൊരു സൂപ്പർതാരത്തിന്റെ കഥയെന്ന സൂചനകളുംചേർത്തുവെച്ച്‌, ഭാഗവതരുടെ ജീവിതമാണ് കാന്തയെന്ന് ഒരുവിഭാഗം തെറ്റിദ്ധരിക്കുകയായിരുന്നു. മായാവരം കൃഷ്ണസാമി ത്യാഗരാജഭാഗവതരെ പോലെത്തന്നെ ഗ്രാമീണ കലാസംഘങ്ങൾക്കൊപ്പം പ്രവർത്തിച്ച് പ്രകടനമികവിലൂടെ സിനിമയിലേക്കെത്തപ്പെട്ട കഥാപാത്രമാണ് ദുൽഖർ അവതരിപ്പിക്കുന്ന തിരുച്ചെങ്കോട് കാളിദാസ് മഹാദേവൻ. അഭിനയത്തിലൂടെ വളർന്ന് സിനിമകൊണ്ട് പേരും പണവും പുകഴും ആവോളം നേടുന്ന കഥാപാത്രത്തെ ദുൽഖർ ഗംഭീരമാക്കി, വൈകാരികരംഗങ്ങളിലെ പ്രകടനങ്ങൾ എടുത്തുപറയേണ്ടതാണ്. സംവിധായകനും സൂപ്പർതാരവും തമ്മിലുള്ള ഈഗോയും സ്പർദ്ധയാണ് കഥയുടെ നട്ടെല്ല്.

പഴയകാലതമിഴക സിനിമയുടെ കാഴ്ചകൾക്കുമുകളിൽ വെളിച്ചം പകർന്നാണ് ദുൽഖറിന്റെ ഉടമസ്ഥതയിലുള്ള വേഫേറർ ഫിലിംസ്‌ തങ്ങളുടെ ആദ്യ അന്യഭാഷാചിത്രം പ്രദർശനത്തിനെത്തിച്ചത്‌.

‘‘ആറുവർഷം മുൻപാണ് കാന്തയുടെ കഥ സംവിധായകൻ സെൽവമണി ശെൽവരാജിൽനിന്ന് കേൾക്കുന്നത്. തിരിക്കുള്ള ഒരു വൈകുന്നേരം മൂന്നുമണിയോടടുപ്പിച്ചാണ് സംവിധായകൻ കഥപറയാൻ എത്തുന്നത്. മുൻകൂട്ടി നിശ്ചയിച്ചതുപ്രകാരം ഒരു ചടങ്ങിനായി പുറത്തു പോകേണ്ടതുണ്ടെന്നും ആറുമണിയാകുമ്പോഴേക്കും സംസാരം അവസാനിപ്പിക്കാമെന്നുമുള്ള ധാരണയിലാണ് സെൽവമണി കഥപറഞ്ഞുതുടങ്ങുന്നത്. സമയം ആറും ആറരയും ഏഴും ആയിട്ടും സംസാരം അവസാനിക്കുന്ന മട്ടില്ലാത്തതിനാൽ ഞാൻ ഇടപെട്ട് നേരത്തേ പുറത്തുപോകേണ്ട ആവശ്യം സൂചിപ്പിച്ചു. അതിശയിപ്പിച്ചുകൊണ്ട് സെൽവൻ പറഞ്ഞത് പത്തുമിനിറ്റുകൊണ്ട് ഇന്റർവെൽ എത്തുമെന്നാണ്. അഞ്ചുമണിക്കൂർ സമയമെടുത്താണ് സംവിധായകൻ സിനിമയുടെ പകുതിക്കഥ വിവരിച്ചത്. ബാക്കിക്കഥ കേൾക്കാനായി പിന്നീട് വീണ്ടുമൊരുദിവസം ആറുമണിക്കൂർ സമയം ഒന്നിച്ചിരുന്നു. ചിത്രീകരണത്തിനു മുൻപേ കാന്തയുടെ കഥ ചർച്ചചെയ്യാനായി ഞങ്ങൾ എട്ടോപത്തോ തവണ ഒന്നിച്ചിരുന്നിട്ടുണ്ടാകും. ചുരുങ്ങിയത് ഓരോ കൂടിക്കാഴ്ചയും അഞ്ചും ആറും മണിക്കൂർവരെ നീണ്ടുപോയിട്ടുണ്ട്. ഇത്രയധികം സമയം കഥയോട് ചേർന്നിരുന്ന് സംസാരിച്ചിട്ടും എനിക്കതിലൊരു മുഷിപ്പും ഉണ്ടായിട്ടില്ല. ചിത്രീകരണം തുടങ്ങാൻ വൈകുമ്പോൾ, പടം നീണ്ടുപോകുമ്പോൾ... ഇനിയിതുനടക്കാതെ പോകുമോയെന്ന ആശങ്ക മനസ്സിലുയർന്നിരുന്നു. കഥ ഇഷ്ടമായ നാൾമുതൽ പടത്തിന്റെ ഭാഗമാകാൻ മനസ്സുകൊണ്ടാഗ്രഹിച്ചവ്യക്തിയാണ് ഞാൻ. കാന്ത എനിക്കത്രമേൽ പ്രിയപ്പെട്ട സിനിമയാണ്.’’- ദുൽഖർ സൽമാൻ പറഞ്ഞു.

തർക്കത്തിനും വിവാദങ്ങൾക്കും ഒടുവിൽ സിനിമ പ്രേക്ഷകർ സ്വീകരിച്ചതിന്റെ ആഹ്ലാദത്തിലാണ് സംവിധായകൻ സെൽവമണി സെൽവരാജ്. ‘‘സിനിമയ്ക്കുള്ളിലെ കഥ സിനിമയായി അവതരിപ്പിക്കുമ്പോൾ പ്രേക്ഷകർ എങ്ങനെ സ്വീകരിക്കുമെന്നൊരു സംശയം തുടക്കത്തിൽ മനസ്സിലുയർന്നിരുന്നു. പക്ഷേ, സീനുകൾ അടുക്കും ചിട്ടയോടൊയും തെളിഞ്ഞതോടെ പറയാൻ പോകുന്ന കഥയിൽ വലിയൊരു ആത്മവിശ്വാസം കൈവന്നു. 2016-ൽ എഴുതിയ കഥ 2019-ലാണ് ദുൽഖറിനോട് പറയുന്നത്. സിനിമയിലെനിക്ക് മുന്നനുഭവങ്ങൾ കുറവാണ്, സിനിമ കണ്ട് സിനിമ പഠിച്ച വ്യക്തിയാണ് ഞാൻ. കഥ കേട്ടശേഷം അധികമാരോടും ഇനിയിത് പറയെണ്ടെന്നും നമുക്കിത് സിനിമയാക്കാമെന്നും പറഞ്ഞ ദുൽഖറിന്റെ വാക്കാണ് എന്നെ ഇവിടെ എത്തിച്ചത്.’’ -സംവിധായകൻ പറഞ്ഞു.

Content Highlights: Whose life is Dulquer Salmaan's 'Kaantha' based on? All you need to know about MG Thyagaraja Bhagavathar - Tamil cinema's first-ever superstar