'ഓരോ നിമിഷവും മരണം മുന്നിൽക്കണ്ട് ലൊക്കേഷനിൽ കഴിയുന്നവർക്ക് വീട്ടുകാർക്ക് എന്ത് ഉറപ്പ് നൽകാനാവും'

സിനിമയ്ക്കുവേണ്ടി അത്യന്തം അപകടകരമായ സാഹസികരംഗങ്ങൾ നിഷ്പ്രയാസം നിർവഹിച്ചശേഷം പുഞ്ചിരിയോടെയുള്ള ഒരു വരവുണ്ട് സ്റ്റണ്ട്മാൻ മോഹൻരാജിന്. വലിയ ഒരു യുദ്ധം ജയിച്ച പടത്തലവനെപോലെയായിരിക്കും അന്നേരം അയാളുടെ മുഖം. ഒട്ടനവധി സിനിമാചിത്രീകരണങ്ങൾക്കിടയിൽ ഈ കാഴ്ച ത്യാഗരാജനും നേരിൽ കണ്ടിട്ടുണ്ട്. സംവിധായകൻ ആക്ഷൻ പറയുന്ന നിമിഷം മോഹൻരാജ് മറ്റൊരാളായി മാറും. പിന്നീടുള്ള ഏതാനും നിമിഷങ്ങൾ ജീവിതത്തിനും മരണത്തിനുമിടയിലെ നൂൽപ്പാലത്തിലൂടെയാകും അയാളുടെ സഞ്ചാരം. മരണത്തിൽ നിന്നും ജീവിതത്തിലേക്ക് തിരിച്ചു കയറുമ്പോൾ മോഹൻരാജിന്റെ മുഖത്ത് വിടരുന്ന പുഞ്ചിരി കണ്ടാൽ അത്രയും വലിയൊരു അഭിമാനനിമിഷം അയാളുടെ ജീവിതത്തിൽ മുമ്പെങ്ങും ഉണ്ടായിട്ടില്ലെന്ന് തോന്നിപ്പോകും. പക്ഷേ, സാഹസികതയെ പ്രണയിച്ച അയാൾ മൂന്നുനാൾ മുൻപ് അതേ സാഹസികതയുടെ രക്തസാക്ഷിയായി മാറി. ജൂലായ് പതിമൂന്നിന്റെ പകലിൽ നാഗപട്ടണത്ത് പാ രഞ്ജിത് സംവിധാനം ചെയ്യുന്ന 'വേട്ടുവം' സിനിമയുടെ ഷൂട്ടിംഗ്സെറ്റ് സാക്ഷിയായത് തെന്നിന്ത്യൻ ചലച്ചിത്രലോകത്തെ പേരെടുത്ത വാഹനാഭ്യാസികളിലൊരാളായ എസ്. മോഹൻരാജ് എന്ന എസ്.എം. രാജുവിന്റെ മരണത്തിനാണ്. അതിസാഹസികതയുടെ മുൻപിലും നിറഞ്ഞ പുഞ്ചിരി തൂകിയ ഒരു ജീവിതമായിരുന്നു അവിടെ അവസാനിച്ചത്. ചേസിങ്ങിനിടയിൽ രാജു ഓടിച്ച എസ് യു വി ചരിച്ചുവെച്ച മരപ്പാളികളിലൂടെ ഉയർന്നു ചാടിവരുന്ന രംഗം ചിത്രീകരിക്കുന്നതിനിടയിൽ തലകീഴായി മറിഞ്ഞാണ് അപകടം സംഭവിച്ചത്.
Content Highlights: Thyagarajan remembers stunt master Mohanraj, who died in an accident