ജി.കെ.പിള്ളയ്ക്ക് പകരമായോ പാരയായോ ആണ് ആദ്യത്തെ അവസരം ഒത്തുവന്നതെന്ന് അന്ന് അറിയില്ലായിരുന്നു

എന്തൊക്കെ പറഞ്ഞാലും ആദ്യ സിനിമയ്ക്ക് ഇത്തിരി മധുരം കൂടും. തീർത്തും യാദൃച്ഛികമായിട്ടാണ് എന്റെ ആദ്യ സിനിമ സംഭവിച്ചത് എന്നു വേണം പറയാൻ. 1994ൽ ഞാൻ അവധിക്ക് നാട്ടിൽ വന്നപ്പോഴായിരുന്നു ആ അവസരം ഒത്തുവന്നത്. അന്ന് ബാബു തിരുവല്ല നിർമ്മിച്ച് ജയരാജ് സംവിധാനം ചെയ്ത അറേബ്യയുടെ ഷൂട്ടിങ് മൈസൂരുവിൽ നടക്കുകയാണ്. ചാർമിളയായിരുന്നു നായിക. ബാബു ആന്റണിയും ചാർമിളയുമൊക്കെ യുവതലമുറയുടെ ഇഷ്ടതാരങ്ങളായി വിലസുന്ന സമയം. മധുപാലിനെയും ശ്രീരാമനെയും അഗസ്റ്റിനെയും ഗീതാ വിജയനെയും അനുഷയെയും ഒക്കെ ആദ്യം കാണുന്നത് അവിടെവെച്ചായിരുന്നു. ബാബു ക്ഷണിച്ചതുകൊണ്ടാണ് ഞാൻ ഷൂട്ടിങ് കാണാൻ പോയത്. ലൊക്കേഷനിൽവെച്ച് എന്നെ കണ്ടപ്പോൾ ജയരാജിന് പുതിയൊരാശയം തോന്നി. പന്ത്രണ്ട് വയസ്സുള്ള ബാബുവിന്റെ വേഷം ചെയ്യുന്ന പയ്യന്റെ അച്ഛൻവേഷം എന്നെക്കൊണ്ടു ചെയ്യിച്ചാൽ നന്നായിരിക്കുമെന്ന്. പിന്നീട് ബാബു തിരുവല്ലയുമായും ബാബുവുമായും സംസാരിച്ചു. അവരും നൂറുവട്ടം സമ്മതിച്ചു.
Content Highlights: cinemakkum swapnangalkum idayil Thampy Antony column