ട്രെയിനിന് മുകളിലൂടെ ചാടുമ്പോൾ ബൈക്കിന്റെ ചക്രം കുടുങ്ങി, അമ്മേ എന്ന നിലവിളിയാണ് പിന്നെ കേട്ടത്

#ഭാനുപ്രകാശ്
കാളിയിലെ ബൈക്ക് ചാട്ടം (ഇടത്ത്) ത്യാഗരാജൻ (വലത്ത്)
കാളിയിലെ ബൈക്ക് ചാട്ടം (ഇടത്ത്) ത്യാഗരാജൻ (വലത്ത്)

ഏകാംബരം! അതായിരുന്നു ആ ചെറുപ്പക്കാരന്റെ പേര്. സിനിമയെ പ്രണയിച്ചു നടന്ന അയാള്‍ മുപ്പത്തിയഞ്ചു വയസ്സുവരെ സിനിമയുടെ പരിസരത്ത് എവിടെയും ഉണ്ടായിരുന്നില്ല. അതുവരെയുള്ള ജീവിതത്തില്‍ അയാള്‍ ഒരു മോട്ടോര്‍ മെക്കാനിക്ക് മാത്രമായിരുന്നു. മദിരാശിയിലെ ട്രസ്റ്റ്പുരത്തുള്ള തന്റെ വീടിനോടു ചേര്‍ന്നായിരുന്നു ഏകാംബരത്തിന്റെ ടു വീലര്‍ വര്‍ക്​ഷോപ്പ്. നിറം മങ്ങിയതെങ്കിലും കറുത്ത ബുള്ളറ്റില്‍ ഇരിക്കുന്ന ഏകാംബരത്തിന്റെ മനോഹരമായ ഒരു ചിത്രം ചുവന്ന ഫ്രെയിമില്‍ ചില്ലിട്ട് വര്‍ക്ക് ഷോപ്പിന്റെ ചുമരില്‍ തൂക്കിയിരുന്നു. ത്യാഗരാജന്‍ കാണുമ്പോഴെല്ലാം ഏകാംബരത്തിന്റെ ഉരുക്കുപോലുള്ള കൈകള്‍ ഗ്രീസിലും ഓയിലിലും മുങ്ങിയിട്ടുണ്ടാവും. വര്‍ക്ക്ഷോപ്പിലെ ജോലിത്തിരക്കുകളിലും ജാവ ബൈക്കിന്റെ ശബ്ദം കേള്‍ക്കുമ്പോഴെല്ലാം അയാള്‍ തലയുയര്‍ത്തി റോഡിലേക്കു നോക്കും. ത്യാഗരാജനെന്നാല്‍ മുഴക്കമുണ്ടാക്കി ചീറിപ്പായുന്ന ജാവാ ബൈക്ക് ആയിരുന്നു ഏകാംബരത്തിന്. ആ മുഴക്കത്തിനുള്ളില്‍ എകാംബരം ഒളിപ്പിച്ചുവെച്ചത് സാഹസികതയെ സ്നേഹിച്ച തന്റെ മനസ്സു കൂടിയായിരുന്നു. പക്ഷേ, വൈകിയാണെങ്കിലും അയാളിലെ സാഹസികനെ കണ്ടെത്താന്‍ ത്യാഗരാജനു മാത്രമേ കഴിഞ്ഞുള്ളൂ. ഏതൊരു ബൈക്ക് മെക്കാനിക്കിനെയും പോലെ റിപ്പയറിങ്ങിനായി കൊണ്ടുവരുന്ന ബൈക്കുകള്‍ നന്നാക്കിയശേഷം ഏകാംബരം ഓടിച്ചുനോക്കും. പക്ഷേ, ഏകാംബരം ഓടിക്കുമ്പോള്‍ അതിനൊരുപാട് പ്രത്യേകതകളുണ്ടായിരുന്നു. മരണക്കിണറിലെ ബൈക്ക് ജംപറുടെ അഭ്യാസപ്രകടനങ്ങളെല്ലാം ഏകാംബരം നിസ്സാരമായി റോഡില്‍ കാണിക്കും. ചിലപ്പോള്‍ ആളുകളെ ഞെട്ടിച്ചുകൊണ്ട് ബൈക്കുമായി ഒരു ജംപിങ്. ത്യാഗരാജനും പലപ്പോഴും ഇത് കാണാനിടയായിട്ടുണ്ട്. അപ്പോഴൊക്കെ ഏകാംബരത്തിന്റെ പുറത്ത് സ്നേഹത്തോടെ ഒരടി കൊടുത്ത് തന്റെ ജാവയില്‍ കയറി ത്യാഗരാജന്‍ പറന്നുപോകുകയാണ് പതിവ്.

സിനിമയില്‍ നടനാവാനുള്ള ആഗ്രഹം ഏകാംബരത്തിനുണ്ടായിരുന്നില്ല. സംഘട്ടനരംഗങ്ങളില്‍ നടന്മാര്‍ക്കുവേണ്ടി ഡ്യൂപ്പിടാനുള്ള കൊതിയായിരുന്നു അയാള്‍ക്ക്. ധൈര്യമുണ്ടെങ്കില്‍ സിനിമയില്‍നിന്ന് പെട്ടെന്ന് പണമുണ്ടാക്കാം എന്ന തോന്നലും. അതില്‍ ഏകാംബരത്തെ കുറ്റപ്പെടുത്താനും കഴിയില്ലായിരുന്നു. മോട്ടോര്‍ മെക്കാനിക്കിന്റെ വരുമാനംകൊണ്ടു മാത്രം മുന്നോട്ടു കൊണ്ടുപോകാന്‍ കഴിയുന്ന ജീവിതമായിരുന്നില്ല അയാളുടേത്. 
'സാറിന്റെ ഗ്രൂപ്പില്‍ എന്നെയും കൂട്ടാമോ?' 
ബൈക്ക് റിപ്പയര്‍ ചെയ്യാന്‍ കടയിലെത്തിയ ത്യാഗരാജനോട് എകാംബരം ചോദിച്ചു. 
'ഡ്യൂപ്പിടുന്നവന്റെ ജീവിതത്തെക്കുറിച്ച് വല്ലതും അറിയാമോ?'
തന്റെ മറുചോദ്യത്തിന് ഏകാംബരം പറഞ്ഞ ഉത്തരമാണ് ത്യാഗരാജനെ അദ്ഭുതപ്പെടുത്തിയത്. 
'കുട്ടിക്കാലം മുതലേ സാഹസികരോട് എനിക്ക് വലിയ ഇഷ്ടമായിരുന്നു. അതുകൊണ്ടാവാം ഒന്നിനും പേടിയില്ലാത്തവനായിപ്പോയത്. ജീവിക്കാന്‍ വേണ്ടിയാണെങ്കില്‍പ്പോലും, സാഹസികനായി ജീവിക്കാനാണ് എനിക്കിഷ്ടം.'

Content Highlights: Tamil cinema stuntmen Ekaambaram Namassivaayam Rajinikanth M.G.R. Stunt artists behind the scenes

Continue reading