'ഷൂട്ടിങ്ങിനിടെ പരിക്കുപറ്റിയ വിവരം അവരെ അറിയിക്കരുത്', ഈ പണി നിര്‍ത്തിക്കൂടേയെന്ന് ഭാര്യ

#ഭാനുപ്രകാശ്
ത്യാഗരാജനും മെറിലാൻഡ് സുബ്രഹ്മണ്യവും
ത്യാഗരാജനും മെറിലാൻഡ് സുബ്രഹ്മണ്യവും

നവളര്‍ത്തിയ വാനമ്പാടി സൂപ്പര്‍ ഹിറ്റായതോടെ അതിസാഹസികചിത്രങ്ങള്‍ നിര്‍മിക്കുന്നതില്‍ പി. സുബ്രഹ്‌മണ്യത്തിന് വലിയ ആവേശമായിരുന്നു. ആനവളര്‍ത്തിയ വാനമ്പാടിയുടെ മകന്‍ പിറക്കുന്നത് അങ്ങനെയാണ്. സംഘട്ടനസംവിധായകനായി പതിവുപോലെ ത്യാഗരാജനെ നിശ്ചയിച്ചു. വിവാഹം കഴിഞ്ഞശേഷം ഷൂട്ടിങ്ങിനിടയില്‍ പറ്റിയ പരിക്കുകളുമായി പലപ്പോഴും വീട്ടിലേക്കു കടന്നുവന്നിട്ടുണ്ടെങ്കിലും ത്യാഗരാജന്റെ അവസ്ഥ കണ്ട് അമ്മയും ഭാര്യയും തകര്‍ന്നുപോയ അനുഭവം ആന വളര്‍ത്തിയ വാനമ്പാടിയുടെ മകന്റെ ചിത്രീകരണത്തിനിടയിലാണുണ്ടായത്. സുബ്രഹ്‌മണ്യത്തിന്റെ വിവരണത്തിലൂടെ കഥയും കഥാപാത്രങ്ങളെയും എന്താണെന്ന് നന്നായി മനസ്സിലാക്കിയശേഷമാണ് ത്യാഗരാജന്‍ സ്റ്റണ്ട് കംപോസ് ചെയ്ത് തുടങ്ങുന്നത്. 'ത്യാഗരാജാ, ഉശിരന്‍ സംഘട്ടനം വേണം' എന്ന സുബ്രഹ്‌മണ്യത്തിന്റെ ഇടയ്ക്കിടെയുള്ള ഓര്‍മപ്പെടുത്തല്‍ പ്രേക്ഷകരെ സ്തബ്ധരാക്കുന്ന തീവ്രസംഘട്ടനങ്ങളുടെ കംപോസിങ്ങിലേക്ക് അദ്ദേഹത്തിന്റെ മനസ്സിനെ എത്തിച്ചു. കൊല്ലം ജില്ലയിലെ തെന്മലയിലായിരുന്നു ഷൂട്ടിങ്. ജെമിനി ഗണേശന്‍ നായകനും രാജശ്രീ നായികയും. ടി.കെ. ബാലചന്ദ്രന്‍, മനോരമ, സി.എല്‍. ആനന്ദന്‍, വിജയനിര്‍മ്മല, തിക്കുറിശ്ശി സുകുമാരന്‍നായര്‍ എന്നിങ്ങനെ മറ്റ് അഭിനേതാക്കളും. ജെമിനി ഗണേശനുവേണ്ടി ത്യാഗരാജനായിരുന്നു ഡ്യൂപ്പിട്ടത്. വില്ലനുവേണ്ടി ഡ്യൂപ്പിടാമെന്നു പറഞ്ഞിരുന്ന ഫൈറ്റര്‍ രാമസ്വാമി മറ്റൊരു ചിത്രത്തിന്റെ തിരക്കില്‍ പെട്ടുപോയതുകാരണം ആ ദൗത്യം കൂടി അദ്ദേഹത്തിന് ഏറ്റെടുക്കേണ്ടിവന്നു.

തെന്മലയിലും പരിസരങ്ങളിലുമായി രണ്ടുമാസം നീണ്ട ഷൂട്ടിങ്. കല്ലാറിലായിരുന്നു ആ നാളുകളില്‍ എല്ലാവരുടെയും കുളി. ചിത്രത്തിലെ അതിസാഹസികമായ പല രംഗങ്ങളും ഷൂട്ട് ചെയ്തതും ഇവിടെവെച്ചുതന്നെ. വനാന്തരത്തിലെ ഘോരസംഘട്ടനങ്ങള്‍ക്കൊടുവില്‍ നായകന്‍ നദിയിലേക്കെടുത്തുചാടുന്നു. നായകനുവേണ്ടിയുള്ള ആ ചാട്ടം ത്യാഗരാജന്റെ നെഞ്ചെല്ല് തകര്‍ത്തു. നദിക്കടിയില്‍ മണലായിരിക്കും എന്ന് കരുതിയെങ്കിലും ചെന്നുവീണത് ചെളിനിറഞ്ഞ ഭാഗത്തായിരുന്നു. കാല്‍ ചെളിയിലേക്ക് ആണ്ടുപോകുന്നുവെന്ന് തോന്നിയപ്പോള്‍ സര്‍വ്വശക്തിയുമെടുത്ത് മുകളിലേക്ക് ഉയര്‍ന്നുമറിഞ്ഞു. കൂര്‍ത്തമുനയുള്ള ചെടികള്‍ നിറഞ്ഞ കുറ്റിക്കാട്ടിലേക്കായിരുന്നു വീഴ്ച. ത്യാഗരാജന്റെ കീഴ്ത്താടിയെല്ല് ശക്തമായി നെഞ്ചിലിടിച്ചു. പ്രാണന്‍ പിടഞ്ഞ വേദനയോടെയുള്ള അലര്‍ച്ച സ്റ്റണ്ട് ഗ്രൂപ്പിലുള്ള പലരും തിരിച്ചറിഞ്ഞു. കരയിലേക്കു നീന്തിയടുക്കുന്ന ത്യാഗരാജനെ കണ്ടപ്പോള്‍ സുബ്രഹ്‌മണ്യം മുതലാളിക്കും മനസ്സിലായി എന്തോ അപകടം സംഭവിച്ചുവെന്ന്. 

Content Highlights: stunt master thyagarajan, malaylam movie, merryland, premnazir, stunt choreography

Continue reading