മാപ്പില്ല ഈ ക്രൂരതയ്ക്ക്, മഹാഗായികയോട് എന്തിനീ നന്ദികേട്?

ക്ഷമിക്കുക, പ്രിയ ജാനകിയമ്മ
മരണത്തിന്റെ വക്കിൽ നിന്ന് തന്നെ ജീവിതത്തിലേക്ക് കൈപിടിച്ചു തിരികെ കൊണ്ടുവന്ന വ്യക്തി മലയാളികളിലൊരാളായിരുന്നു എന്ന് ഇന്നും കൃതജ്ഞതാപൂർവം ഓർക്കുന്നു എസ് ജാനകി. അതേ മലയാളികളിൽ ചിലർ വർഷം തോറും വഴിപാട് പോലെ സ്വന്തം ``മരണ''വാർത്ത ആദരാഞ്ജലി സഹിതം സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിപ്പിക്കുമ്പോൾ ജാനകിയമ്മയുടെ ഹൃദയം എത്ര വേദനിക്കുന്നുണ്ടാകും? ജീവിച്ചിരിക്കുന്ന വ്യക്തിയുടെ കഥ കഴിക്കാൻ ഇത്രയേറെ വെമ്പൽ കൊള്ളുന്ന വികലമനസ്സുകൾ അധികമുണ്ടാവുമോ ലോകത്ത്. മാപ്പില്ല ഈ ക്രൂരതയ്ക്ക്. പാട്ടിലൂടെ എത്രയോ മനുഷ്യാത്മാക്കളെ ജീവിതത്തോടുള്ള സ്നേഹം വീണ്ടെടുക്കാൻ സഹായിച്ച മഹാഗായികയോട് എന്തിനീ നന്ദികേട്?
ഈശ്വരനായി വന്ന ഡ്രൈവർ
പിന്നിലേക്ക് ഓടിമറയുന്ന നഗരത്തിന്റെ മങ്ങിയ ചിത്രമേയുള്ളൂ എസ് ജാനകിയുടെ ഓർമ്മയിൽ. പാതിബോധത്തിലായിരുന്നല്ലോ അപ്പോൾ. ശ്വാസം കിട്ടാതെ, സംസാരിക്കാൻ പോലുമാകാതെ വിയർപ്പിൽ മുങ്ങി പിൻസീറ്റിൽ ചാരിക്കിടക്കുമ്പോൾ ഓർത്തിരുന്നില്ല ഇനിയൊരു തിരിച്ചുവരവുണ്ടാവും ജീവിതത്തിലേക്ക് എന്ന്. ചെന്നൈയിലെ ട്രാഫിക് ബാഹുല്യത്തിനിടയിലൂടെ എങ്ങനെയും കാർ ലക്ഷ്യത്തിലെത്തിക്കാൻ പാടുപെടുകയായിരുന്ന ഡ്രൈവർ ഇടയ്ക്കെപ്പോഴോ തിരിഞ്ഞു നോക്കി പറഞ്ഞ വാക്കുകൾ മാത്രമുണ്ട് ഓർമ്മയിൽ: ``അമ്മാ, ഭയപ്പെടാതെ. ഒന്നും സംഭവിക്കില്ല. ഞാനല്ലേ പറയുന്നത്..'' പൂർണ അബോധാവസ്ഥയിലേക്ക് വഴുതി വീഴും മുൻപ് കാതിൽ പതിഞ്ഞ അവസാന ശബ്ദം.
മാസങ്ങൾക്കു ശേഷം ഒരുച്ചയ്ക്ക് നീലാങ്കരയിലെ ജാനകിയുടെ വീട്ടിൽ അപ്രതീക്ഷിതമായി ഒരു അതിഥിയെത്തുന്നു. പ്രിയഗായികയെ തൊഴുതുകൊണ്ട് ഭവ്യതയോടെ അയാൾ പറഞ്ഞു: ``എന്നെ ഓർക്കുന്നോ? അന്ന് അമ്മയെ ആശുപത്രിയിലെത്തിച്ച കാറിന്റെ ഡ്രൈവർ ആണ് ഞാൻ. അസുഖം മാറി വീട്ടിൽ തിരിച്ചെത്തി എന്നറിഞ്ഞപ്പോൾ ഒന്ന് കാണാൻ മോഹം. അതുകൊണ്ടു വന്നതാണ്...'' ഈശ്വരൻ തന്നെയാണ് ആ നിമിഷം മുന്നിൽ വന്നു നിന്നതെന്ന് തോന്നിയെന്ന് ജാനകി. ഏതോ ഡോക്ടർ മരുന്ന് മാറി കുത്തിവെച്ചതിന് പിന്നാലെ മരണവുമായി മുഖാമുഖം നിൽക്കേണ്ടി വന്ന ആ ദിവസം ദൈവദൂതനെപ്പോലെ തന്റെ മുന്നിൽ അവതരിച്ച മനുഷ്യനെ ജാനകി എങ്ങനെ മറക്കാൻ?
എല്ലാം പെനിസിലിൻ വരുത്തിവെച്ച വിന.
1990 കളുടെ ഒടുവിൽ ഒരു നാൾ കടുത്ത ശ്വാസതടസ്സവുമായി സ്വകാര്യ ആശുപത്രിയിലെത്തിയതായിരുന്നു ജാനകി. പെട്ടെന്നുള്ള രോഗവിമുക്തിക്കായി ഡോക്ടർ പെനിസിലിൻ അടങ്ങിയ മരുന്ന് കുത്തിവെക്കുന്നു. പണ്ടേ പെനിസിലിൻ അലർജിയാണ് ജാനകിക്ക്. ഇത്തിരി അകത്തുചെന്നാൽ തളർച്ച വരെ സംഭവിക്കാമെന്നാണ് മെഡിക്കൽ വിദഗ്ധരുടെ മുന്നറിയിപ്പ്. കാര്യമറിയാതെ ഡോക്ടർ നടത്തിയ ``പെനിസിലിൻ ചികിത്സ''യുടെ തിക്തഫലങ്ങൾ ജാനകി അനുഭവിച്ചു തുടങ്ങിയത് ആശുപത്രിയിൽ നിന്ന് തിരികെ വീട്ടിലെത്തിയ ശേഷം. ``ശ്വാസം അൽപ്പാൽപ്പമായി നിലച്ചുപോകും പോലെ. ശരീരമാകെ വിയർപ്പിൽ മുങ്ങുന്നു. ഡോക്ടറെ വിളിച്ചു പറഞ്ഞപ്പോൾ ഒരു നിമിഷം പോലും പാഴാക്കാതെ ആശുപത്രിയിൽ എത്തണമെന്നാണ് കിട്ടിയ നിർദേശം. എനിക്കാണെങ്കിൽ ബോധം നഷ്ടപ്പെട്ടു തുടങ്ങി. ഇനിയുള്ള ഓരോ നിമിഷവും അപകടം നിറഞ്ഞതാണ്. വീട്ടിലെ കാർ വർക്ക്‌ഷോപ്പിലായിരുന്ന സ്ഥിതിക്ക് ടാക്സി പിടിക്കുകയേ വഴിയുള്ളൂ.'' - ജാനകി.
കിലോമീറ്ററുകൾ അകലെയാണ് ആശുപത്രി. നിരത്തിലാണെങ്കിൽ ശ്വാസം മുട്ടിക്കുന്ന തിരക്കും. തലങ്ങും വിലങ്ങും ചീറിപ്പായുന്ന വാഹനങ്ങൾക്കിടയിലൂടെ അസാമാന്യ വൈദഗ്ദ്യത്തോടെ ടാക്സി ഓടിക്കുന്നു ഡ്രൈവർ. അത്രയും സാഹസികമായി അതിനുമുൻപ് കാറോടിച്ചിട്ടുണ്ടാവില്ല അയാൾ. ``പത്തു മിനിറ്റിനുള്ളിൽ ആ മനുഷ്യൻ എന്നെ ആശുപത്രിയിലെത്തിച്ചു എന്ന കാര്യം മകൻ പറഞ്ഞാണ് പിന്നീട് ഞാനറിഞ്ഞത്. ബോധഹീനയായ എന്നെ അയാൾ തന്നെ താങ്ങിപ്പിടിച്ച് ഡോക്ടറുടെ മുന്നിലെത്തിക്കുകയായിരുന്നു. അൽപ്പം കൂടി വൈകിയിരുന്നെങ്കിൽ ആ അബോധാവസ്ഥയിൽ നിന്ന് ഞാൻ ഒരിക്കലും ഉണരുകില്ലായിരുന്നത്രേ ...'' കുറച്ചു ദിവസങ്ങൾക്കകം ആരോഗ്യം വീണ്ടെടുത്ത് ആശുപത്രി വിടുമ്പോൾ ജീവൻ രക്ഷിച്ച ഡ്രൈവറെ വീണ്ടും കാണാൻ തോന്നി ജാനകിക്ക്; നന്ദി പറയാൻ വേണ്ടി. പക്ഷേ ആർക്കും അറിയില്ലായിരുന്നു അയാളെ കുറിച്ച്. മാസങ്ങൾ കഴിഞ്ഞാണ് തെല്ലും നിനച്ചിരിക്കാതെ ഒരു നാൾ അയാളുടെ വരവ്.
മലയാളിയായ ആ ഡ്രൈവർ അന്ന് പറഞ്ഞ വാക്കുകൾ ഇന്നുമുണ്ട് ജാനകിയുടെ ഓർമ്മയിൽ: ``എന്റെ അമ്മയെ പോലെ തന്നെയാണ് എനിക്ക് ജാനകിയമ്മയും. കുട്ടിക്കാലം മുതൽ ഞാൻ കേൾക്കുന്ന ശബ്ദം. ജീവിതത്തിൽ തളർന്നു പോയ ഘട്ടങ്ങളിലെല്ലാം എനിക്ക് തണലായത് അമ്മയുടെ പാട്ടുകളാണ്. അവ എനിക്ക് തരുന്ന ഊർജം പറഞ്ഞറിയിക്കാനാവില്ല. അകലെയകലേ നീലാകാശം, തളിരിട്ട കിനാക്കൾ.. ഒക്കെ എന്റെ ഹൃദയത്തിന്റെ ഭാഗമായ പാട്ടുകൾ. അമ്മയെ പിന്നിലെ സീറ്റിൽ കിടത്തി കാറോടിക്കുമ്പോൾ ആ പാട്ടുകൾ ഒന്നൊന്നായി എന്റെ മനസ്സിൽ മുഴങ്ങുന്നുണ്ടായിരുന്നു. ജീവൻ പണയപ്പെടുത്തിയും അമ്മയെ ആശുപത്രിയിൽ എത്തിക്കും എന്ന് ഉള്ളിൽ ഉറച്ചു കൊണ്ടാണ് ഞാൻ സ്റ്റിയറിംഗ് പിടിച്ചത്. എല്ലാ തടസ്സങ്ങളും മറികടന്ന് കാർ ആശുപത്രിക്ക് മുന്നിൽ കൊണ്ടുചെന്നു നിർത്തിയപ്പോൾ അറിയാതെ കരഞ്ഞുപോയി ഞാൻ. എല്ലാ ദൈവങ്ങൾക്കും നന്ദി പറഞ്ഞു...''
പതിനായിരക്കണക്കിന് പാട്ടുകൾ പാടി; ദേശീയ അവാർഡും സംസ്ഥാന അവാർഡുകളും അടക്കം എണ്ണമറ്റ ബഹുമതികൾ നേടി; ലോകത്തിന്റെ മുക്കിലും മൂലയിലുമുള്ള ആരാധകരുടെ സ്നേഹവാത്സല്യങ്ങൾ ഏറ്റു വാങ്ങി. ഈ നേട്ടങ്ങൾക്കെല്ലാം അപ്പുറത്ത് നമ്മുടെ ജീവിതം സാർത്ഥകമായി എന്ന് തോന്നുന്ന ചില മുഹൂർത്തങ്ങളുണ്ട്. അന്ന് ആ പാവം ഡ്രൈവറുടെ മുന്നിൽ നിൽക്കുമ്പോൾ താൻ അനുഭവിച്ചത് അത്തരമൊരു അനുഭൂതിയാണെന്നു പറയും ജാനകിയമ്മ. ``പിന്നീട് ആ മനുഷ്യനെ കണ്ടിട്ടില്ല. പക്ഷേ എന്നും ഞാൻ അയാളെ ഓർക്കും. എന്റെ ജീവൻ രക്ഷിക്കുക എന്നത് ഒരു കടമയായി കണ്ട മനുഷ്യൻ. അതിനു വേണ്ടി സ്വന്തം ജീവൻ പണയപ്പെടുത്താൻ തയ്യാറായ ഒരാൾ. അത്തരക്കാർക്കു മുൻപിൽ നമ്മൾ ആരുമല്ല എന്ന് തോന്നിയിട്ടുണ്ട്. സ്നേഹമാണ് ഏറ്റവും ഉദാത്തമായ സംഗീതം എന്ന് പറയാതെ പറയുകയായിരുന്നു അയാൾ. അതൊരു മലയാളി ആയിരുന്നു എന്നത് വ്യക്തിപരമായി എനിക്ക് ഏറെ സന്തോഷമുള്ള കാര്യം.''
Content Highlights : S Janaki Fake death news Feature Ravi Menon
Content Highlights: