'തല്‍ക്കാലം ഞാന്‍ സിനിമ വിടുകയാണ്, പിന്നീടെപ്പോഴെങ്കിലും കാണാം'; ത്യാഗരാജനോട് രതീഷ് പറഞ്ഞു

സിനിമയിലും ജീവിതത്തിലും കനത്ത പരാജയങ്ങള്‍ ഏറ്റുവാങ്ങുമ്പോഴും അയാളുടെ പ്രതീക്ഷകള്‍ക്ക് മുകളില്‍ ഇരുട്ട് വീണിരുന്നില്ല. നിറഞ്ഞാടിയ വെള്ളിത്തിരക്കാലത്ത് ഒപ്പമുണ്ടായിരുന്നവരില്‍ അധികമാരുംതന്നെ ഒരു കൈത്താങ്ങായി ആ ദുരിതപര്‍വത്തില്‍ അയാള്‍ക്കൊപ്പമുണ്ടായതുമില്ല. യഥാര്‍ത്ഥത്തില്‍ അപ്പോള്‍ മാത്രമായിരുന്നു സിനിമയ്ക്കുള്ളിലെ മനുഷ്യരില്‍ പലരെയും അയാള്‍ തിരിച്ചറിഞ്ഞ് തുടങ്ങിയത്. മുന്‍നിര നായകനിരയില്‍ അവരോധിക്കപ്പെട്ടപ്പോഴും എപ്പോഴോ പിന്തള്ളപ്പെട്ടപ്പോഴും അയാളെ ചേര്‍ത്തുനിര്‍ത്തിയവരില്‍ ത്യാഗരാജനുമുണ്ടായിരുന്നു. ഒരു കൊച്ചുകുഞ്ഞിനെ വളര്‍ത്തുമ്പോലെ സിനിമയില്‍ അയാളെ ഉയര്‍ത്തിക്കൊണ്ടുവന്നെങ്കിലും ഒരു പരിധിക്കപ്പുറം അയാളുടെ വീഴ്ചകളില്‍ അയാള്‍ തന്നെയായിരുന്നു ഉത്തരവാദി. വിജയത്തിന്റെയും പരാജയത്തിന്റെയും ഉയിര്‍ത്തെഴുന്നേല്‍പ്പിന്റെയും അപ്രതീക്ഷിത വിയോഗത്തിന്റെയും കഥയാണ് രതീഷ് എന്ന നടന്റെ കരിയറിലുണ്ടായത്. നേട്ടങ്ങളുടെയും കോട്ടങ്ങളുടെയും ആ ജീവിതം നേരില്‍ കണ്ടവരില്‍ ഒരാള്‍ ത്യാഗരാജനായിരുന്നു. നാല്‍പ്പത്തിയെട്ടാം വയസ്സില്‍ പൊലിഞ്ഞുപോയ രതീഷിന്റെ ജീവിതം പറയാതെ പറയുന്നത് സിനിമയില്‍ ഒരു നടന്‍ എങ്ങനെ ജീവിക്കണമെന്നും എങ്ങനെ ജീവിക്കരുതെന്നും കൂടിയാണ്.
ശ്രീകുമാരന്‍ തമ്പിയുടെ 'ഇടിമുഴക്ക'ത്തിന്റെ സെറ്റില്‍ വെച്ചാണ് ത്യാഗരാജനുമായി രതീഷ് അടുക്കുന്നത്. അതിനുമുന്‍പേ ഉദയായുടെ 'പാലാട്ട് കുഞ്ഞിക്കണ്ണ'ന്റെ ചിത്രീകരണവേളയില്‍ രതീഷിനെ ത്യാഗരാജന്‍ കണ്ടുമുട്ടിയെങ്കിലും പരിചയപ്പെടലിനപ്പുറം ദീര്‍ഘമായ ഒരു സംസാരം അവര്‍ തമ്മിലുണ്ടായില്ല. പാലാട്ട് കുഞ്ഞിക്കണ്ണനില്‍ ആക്ഷന്‍ സീക്വന്‍സുകളൊന്നും രതീഷിനുണ്ടായിരുന്നില്ല. ഒന്നോ രണ്ടോ സീനുകളില്‍ മാത്രം ഒതുങ്ങുന്ന കഥാപാത്രം. ഇടിമുഴക്കത്തില്‍ ജയനും ജനാര്‍ദ്ദനനും ലാലു അലക്‌സിനുമൊപ്പം ചെറിയൊരു വേഷത്തില്‍ വന്നെങ്കിലും അതും ശ്രദ്ധേയമായിരുന്നുവെന്ന് പറയാന്‍ കഴിയില്ല. മൂന്നു വര്‍ഷങ്ങള്‍കൊണ്ട് മൂന്നോ നാലോ ചിത്രങ്ങളില്‍ അഭിനയിച്ചെങ്കിലും ഒരു നടനെന്ന നിലയില്‍ രതീഷിന് കുറച്ചെങ്കിലും ശ്രദ്ധിക്കപ്പെടാന്‍ അവസരമൊരുക്കിയ ചിത്രം കെജി ജോര്‍ജിന്റെ സംവിധാനത്തില്‍ 1979 ല്‍ പുറത്തുവന്ന 'ഉള്‍ക്കടല്‍' ആയിരുന്നു.
Content Highlights: thyagarajan the story of Malayalam actor Ratheesh, his meteoric rise, struggles, and ultimate demise