‘ഹൃദയംകൊണ്ട് പാടുമ്പോൾ ആ ശബ്ദം കേൾക്കാം’; ദേവരാജൻ മാസ്റ്റർക്ക് ഏറ്റവും പ്രിയപ്പെട്ട പാട്ടിന്റെ കഥ

പൂമുഖത്തെ ചൂരൽക്കസേരമേൽ രാജ്ഞിയെപ്പോലെ പി. സുശീല. താഴെ പ്രജകളായി ഞങ്ങൾ. ഭാവഗായകനും ഞാനും. ഓർമ്മകളിൽ ഇന്നുമുണ്ട് ആ ചിത്രം; ജീവിതത്തിൽനിന്ന് ഒരിക്കലും അടർത്തിമാറ്റാനാവാത്ത ആ നിമിഷങ്ങളും. ചെന്നൈയിലെ സുശീലാമ്മയുടെ വീടിന്റെ ഉമ്മറത്തെ മിനുമിനുപ്പാർന്ന നിലത്ത് ചമ്രം പടഞ്ഞിരുന്ന് പാടുകയാണ് ജയചന്ദ്രൻ; തനിക്കേറ്റവും പ്രിയപ്പെട്ട സുശീലാ ഗാനങ്ങളിൽ ഒന്ന് : ‘പ്രേമകവിതകളേ, ഭാവതരംഗങ്ങൾ കുളിർ കോരിയിടും ദേവഗംഗകളേ....’
ഇടക്കെപ്പോഴോ സുശീലാമ്മയും പങ്കുചേരുന്നു ആലാപനത്തിൽ. പാട്ടിന്റെ വരികൾ മറന്നുപോയിരുന്നു അവർ. പതിറ്റാണ്ടുകൾക്ക് മുൻപ് റെക്കോർഡ് ചെയ്തതല്ലേ. എങ്കിലും ഈണം മനസ്സിലുണ്ട്. വരികൾ ഓർത്തെടുക്കാൻ ജയചന്ദ്രന്റെ പിന്തുണ കൂടി ലഭിച്ചതോടെ മനോഹരമായ ഒരു യുഗ്മഗാനമായി മാറുന്നു അത്. ഭാവഗായകനും ഭാവഗായികയും ചേർന്നുള്ള ഒരപൂർവ ജുഗൽബന്ദി.