ഗൃഹാതുര ഗാനങ്ങളില്‍ പുതുതലമുറ കൈയൊപ്പ് ചാര്‍ത്തുമ്പോള്‍

#എന്‍.പി. മുരളീകൃഷ്ണന്‍
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

1991 ലെ ദീപാവലി നാളില്‍ ആയിരുന്നു സന്താന ഭാരതിയുടെ കമല്‍ഹാസന്‍ ചിത്രം ഗുണാ പുറത്തിറങ്ങിയത്. തീയേറ്ററില്‍ സമ്മിശ്ര പ്രതികരണമുണ്ടാക്കിയ ചിത്രം ഇന്നും ഓര്‍മ്മിക്കുന്നത് 'കണ്‍മണി അന്‍പോട് കാതലന്‍'എന്ന ഗാനത്തിലൂടെയാണ്. ഗുണായുടെ ഒപ്പമിറങ്ങിയ ദളപതിയാണ് ദീപാവലിക്ക് വന്‍ വിജയമായത്. പക്ഷേ ഉദാത്ത പ്രണയത്തെ ഓര്‍മിപ്പിക്കുന്ന ഗുണായിലെ കണ്‍മണി അന്‍പോട് എന്ന ഗാനം മുപ്പതാണ്ടിനിപ്പുറവും പുതുമ ചോരാതെ ആളുകള്‍ കേട്ടു കൊണ്ടേയിരിക്കുന്നു.

ഏത് ദുര്‍ഘട വേളയില്‍ പോലും മനുഷ്യര്‍ക്കിടയില്‍ ഉളവായേക്കാവുന്ന അപാരമായ ഇഴയടുപ്പത്തെ അടയാളപ്പെടുത്തിയ മഞ്ഞുമ്മല്‍ ബോയ്‌സ് എന്ന, മലയാള സിനിമാ വിപണിയിലെ ഏറ്റവും പുതിയ, സെന്‍സേഷണല്‍ ഹിറ്റില്‍ ഗുണായിലെ ഈ ഗാനം അതിമനോഹരമായി ചേര്‍ത്തുവച്ചിരിക്കുന്നു. മഞ്ഞുമ്മല്‍ ബോയ്‌സ് എന്ന സിനിമയെ കാണികളോട് അടുപ്പിക്കുന്ന ഘടകങ്ങളിലൊന്ന് ഈ പാട്ടാണ്. സിനിമയിലെ ടൈറ്റില്‍ കാര്‍ഡില്‍ തുടങ്ങുന്നു ഈ പാട്ടിനോടുള്ള മഞ്ഞുമ്മല്‍ ബോയ്‌സിന്റെ ആത്മബന്ധം. കഥാപുരോഗതിയില്‍ കൊടൈക്കനാലിലേക്കുള്ള യാത്രാവേളയില്‍ കൂട്ടുകാര്‍ക്കിടയിലും ഈ പാട്ട് തുടരുന്നുണ്ട്. ക്ലൈമാക്‌സിലെ അതിനിര്‍ണായക സീക്വന്‍സിലാണ് കണ്‍മണി അന്‍പോട് വീണ്ടും ഉയര്‍ന്നു കേള്‍ക്കുന്നത്. അത്തരമൊരു സവിശേഷ അവസരത്തില്‍ മറ്റേതൊരു സംഭാഷണത്തെക്കാളും പശ്ചാത്തല സംഗീതത്തെക്കാളും ഈ പാട്ടിലെ വരികള്‍ കാണികളിലേക്ക് ഇറങ്ങിച്ചെല്ലുന്നു. അങ്ങനെ സിനിമയുടെ സംവേദനം കുറേക്കൂടി കാണികളുടെ ആത്മാവിനോട് ചേര്‍ന്നുനില്‍ക്കുന്നതാകുന്നു. 'ഇത് മനിത കാതലല്ലൈ' എന്ന് പ്രേക്ഷകര്‍ അറിയാതെ കണ്‍നിറഞ്ഞ് ഉരുവിട്ടു പോകുന്നു.

കൊടൈക്കനാലിലെ ഡെവിള്‍സ് കിച്ചണ്‍ എന്ന ദുര്‍ഘടമായ ഗുഹാമുഖത്ത് ചിത്രികരിച്ചുവെന്നതായിരുന്നു ഗുണാ സിനിമയെ അക്കാലത്ത് ശ്രദ്ധേയമാക്കിയത്. അതിനുശേഷം ആ പ്രദേശത്തിന് പേര് ഗുണാ കേവ്‌സ് എന്നായി. മഞ്ഞുമ്മല്‍ ബോയ്‌സിലെ കൂട്ടുകാര്‍ ഗുണാ കേവ്‌സിലേക്ക് യാത്രപോകുമ്പോള്‍ 'കണ്‍മണി അന്‍പോട്' പാട്ടിനെക്കുറിച്ചുള്ള പരാമര്‍ശങ്ങളും വരികളും പാട്ടിനിടയിലെ കമല്‍ഹാസന്റെ സംഭാഷണങ്ങളും അതീവ ഹൃദ്യമായി കഥാപാത്രങ്ങളില്‍ വന്നുപോകുന്നുണ്ട്.

Content Highlights: Old songs in new films show reel by np muraleekrishnan

Continue reading