ചുറ്റും നോക്കുമ്പോൾ കരച്ചിലടക്കാൻ പലരും പാടുപെടുന്നു; ക്യാമറാമാനെയും കണ്ണീരണിയിച്ച ‘കാർമുകിൽ വർണൻ’

അഴകപ്പൻ, നന്ദനം എന്ന ചിത്രത്തിൽ നവ്യാ നായർ | ഫോട്ടോ: ശ്രീജിത്ത് പി. രാജ്‌\ മാതൃഭൂമി, സ്ക്രീൻ​ഗ്രാബ്
അഴകപ്പൻ, നന്ദനം എന്ന ചിത്രത്തിൽ നവ്യാ നായർ | ഫോട്ടോ: ശ്രീജിത്ത് പി. രാജ്‌\ മാതൃഭൂമി, സ്ക്രീൻ​ഗ്രാബ്

മുന്നിലുള്ളത് മൂവി ക്യാമറയാണെന്നും, അതിനപ്പുറമുള്ളത് കുറെ കഥാപാത്രങ്ങൾ മാത്രമാണെന്നും മറന്നുപോയ ചില നിമിഷങ്ങളുണ്ട് പ്രശസ്ത ഛായാഗ്രാഹകൻ അഴകപ്പന്റെ സിനിമാ ഓർമകളിൽ. കഥയും ജീവിതവും തമ്മിലുള്ള അതിർരേഖകൾ മാഞ്ഞുപോകുന്ന നിമിഷങ്ങൾ.

നന്ദനത്തിലെ "കാർമുകിൽ വർണ്ണന്റെ ചുണ്ടിൽ" എന്ന ഗാനചിത്രീകരണം ഉദാഹരണം. "പറവൂരിനടുത്തുള്ള പാലിയത്ത് തറവാട്ടിന്റെ പടിപ്പുരയുടെ മുകളിലെ ഓപ്പൺ ഹാളിലാണ് ആ ഗാനം ചിത്രീകരിച്ചത്. വലിയൊരു ആൾക്കൂട്ടത്തിന്റെ സാന്നിധ്യമുള്ള രംഗം. ചിത്രയുടെ ശബ്ദത്തിൽ പാട്ട് ഒഴുകിത്തുടങ്ങിയതോടെ അന്തരീക്ഷം പൊടുന്നനെ വിഷാദഭരിതമാകുന്നു. ഗിരീഷ് പുത്തഞ്ചേരിയുടെ വരികളും രവീന്ദ്രൻ മാസ്റ്ററുടെ ഈണവും ചിത്രയുടെ ആലാപനവും നവ്യ നായരുടെ അഭിനയവുമൊക്കെ ചേർന്ന് സൃഷ്ടിച്ച മാജിക് ആവാം. ദുഃഖം ഘനീഭവിച്ചു നിൽക്കുകയാണ് ഹാളിൽ. ഷൂട്ട് ചെയ്തുകൊണ്ടിരുന്ന എന്നേയും ആ ഭാവപ്പകർച്ച വല്ലാതെ ബാധിച്ചു. അറിയാതെ കണ്ണുകൾ നിറഞ്ഞു. ഷൂട്ടിംഗിനിടെ അത്തരമൊരു വൈകാരിക അനുഭവം ആദ്യമായിട്ടാണെന്ന് തോന്നുന്നു.

"ആരെങ്കിലും കാണുന്നുണ്ടോ എന്നറിയാൻ തെല്ലൊരു ജാള്യത്തോടെ ചുറ്റും നോക്കിയപ്പോൾ സമാധാനമായി. കൂടിനിൽക്കുന്നവരിൽ അധികവും വികാരഭരിതരാണ്. പലരും കരച്ചിലടക്കാൻ പാടുപെടുന്നു. ഒരു പാട്ടിന് മനുഷ്യ മനസ്സിനെ എത്ര ആഴത്തിൽ സ്വാധീനിക്കാൻ കഴിയുമെന്ന് അത്ഭുതത്തോടെ തിരിച്ചറിയുകയായിരുന്നു...."

ചിത്രയുടെ ശബ്ദത്തിൽ ജന്മനാ അന്തർലീനമായ സ്നേഹവും ഭക്തിയും വിശുദ്ധിയും മനസ്സിൽ കണ്ടുകൊണ്ടാണ് "നന്ദന"ത്തിലെ കാർമുകിൽവർണന്റെ ചുണ്ടിൽ എന്ന പാട്ടിലെ ഓരോ വാക്കുകളും താൻ കുറിച്ചതെന്ന് പറഞ്ഞിട്ടുണ്ട് ഗിരീഷ് പുത്തഞ്ചേരി. "ഞാനെൻ മിഴിനാളം അണയാതെരിച്ചും, നീറും നെഞ്ചകം അകിലായ് പുകച്ചും, വാടും കരൾത്തടം കണ്ണീരാൽ നനച്ചും നിന്നെ തേടിനടന്നു തളർന്നു കൃഷ്ണാ എന്നെഴുതുമ്പോൾ ആ വരികളുടെ ആത്മാവിലൂടെ ചിത്ര സർവവും മറന്ന് ഒഴുകിപ്പോകുന്നത് സങ്കല്പിക്കാനാകുമായിരുന്നു എനിക്ക്. എന്നിട്ടോ? എന്റെയും രവിയേട്ടന്റെയുമൊക്കെ പ്രതീക്ഷകൾക്കപ്പുറത്തേക്ക് ഉയർത്തിക്കൊണ്ടുപോയി ചിത്ര ആ പാട്ടിനെ... ''

മുല്ലപ്പൂവിന്റെ വിശുദ്ധിയും കളഭചന്ദനങ്ങളുടെ സൗരഭ്യവുമുള്ള ഒരു ഗാനം-- "നന്ദന''ത്തിന്റെ സംവിധായകൻ രഞ്ജിത്തിന് വേണ്ടത് അതായിരുന്നു. സുശീലാമ്മ പാടിയ ഏറെ പ്രശസ്തമായ "കണ്ണാ കരുമൈനിറക്കണ്ണാ" എന്ന തമിഴ് പാട്ടിന്റെ ഭാവഗരിമയെ ഓർമ്മിപ്പിക്കുന്ന, ഭക്തിയും പ്രണയവും വിരഹവുമെല്ലാം ഇഴചേർന്നു നിൽക്കുന്ന ഗാനം.

രഞ്ജിത്തിന്റെ കോഴിക്കോട്ടെ ഫ്ലാറ്റിൽ വെച്ചാണ് കമ്പോസിംഗ്. പതിവു തമാശകൾക്കും കലഹങ്ങൾക്കും സൗന്ദര്യപ്പിണക്കങ്ങൾക്കും ഒടുവിൽ രവീന്ദ്രൻ മാഷിന്റെ ഹാർമോണിയം സംവിധായകന്റെ മനസ്സിലെ ഈണം പാടിത്തുടങ്ങുന്നു. ഹരികാംബോജിയുടെ സ്പർശമുള്ള ട്യൂൺ. ഗിരീഷ് പുത്തഞ്ചേരിയുടെ വരികളും ചിത്രയുടെ സ്വരസൗന്ദര്യവും കൂടി ചേർന്നതോടെ ഭക്തിയുടെ അഭൗമമായ മറ്റേതോ ലോകത്തേക്ക് പറന്നുയരുകയായി ആ ഗാനം; കാലത്തിനപ്പുറത്തേക്കും.

കാർമുകിൽ വർണ്ണന്റെ എന്ന പാട്ട് പാടാതെ ഗാനമേളാവേദി വിടാൻ ചിത്രയെ സമ്മതിക്കാറില്ല ഇന്നും ആസ്വാദകർ. ഒരർത്ഥത്തിൽ ചിത്ര എന്ന ഗായികയുടെ മുദ്രാഗീതം തന്നെയായി മാറിക്കഴിഞ്ഞു അത്. പുറത്തിറങ്ങി കാൽ നൂറ്റാണ്ട് പിന്നിട്ടിട്ടും ജാതിമതങ്ങളുടെയും ഭാഷയുടേയുമൊക്കെ അതിർവരമ്പുകൾ ഭേദിച്ച് സംഗീതാസ്വാദകരെ വശീകരിച്ചുകൊണ്ടിരിക്കുന്ന പാട്ട്.

"മറക്കാനാവാത്ത പല അനുഭവങ്ങളുമുണ്ട് ആ ഗാനവുമായി ചേർത്തുവെക്കാൻ.'' -- ചിത്ര പറയുന്നു. "ബംഗളൂരുവിൽ ഒരു സ്‌കൂളിന് വേണ്ടി നടത്തിയ ചാരിറ്റി ഷോയ്ക്കിടെ പർദ്ദ ധരിച്ച ഒരു സ്ത്രീ വേദിക്ക് പിറകിൽ വന്ന് കാർമുകിൽ വർണ്ണന്റെ പാടാൻ അഭ്യർത്ഥിച്ചത് ഓർക്കുന്നു. പാടിക്കഴിഞ്ഞപ്പോൾ അവർ വീണ്ടും വന്നു. എന്റെ കൈ രണ്ടും നെഞ്ചോടു ചേർത്തു വികാരാധീനയായി നന്ദി പറഞ്ഞു. ആ ഗാനം എപ്പോൾ കേട്ടാലും കരച്ചിൽ അടക്കാൻ കഴിയാറില്ലത്രെ അവർക്ക്. അങ്ങനെ ഹൃദയസ്പർശിയായ എത്രയോ അനുഭവങ്ങൾ. ആളുകൾ ആ പാട്ടിനെകുറിച്ചു നല്ലതു പറഞ്ഞുകേൾക്കുമ്പോൾ ആദ്യം ഓർമ്മവരിക ഗിരീഷ് സാറിനേയും രവീന്ദ്രൻ മാഷെയുമാണ്. രണ്ടു പേരും ഇന്ന് കൂടെയില്ലല്ലോ...''

ലോകമെങ്ങുമുള്ള സദസ്സുകൾക്ക് മുന്നിൽ പാടിയിട്ടുണ്ടെങ്കിലും ഒരു പൂജാമുറിയുടെ ഏകാന്തവിശുദ്ധമായ അന്തരീക്ഷത്തിൽ, കണ്ണടച്ചു നിന്നുകൊണ്ട് ധ്യാനലീനയായി "കാർമുകിൽവർണ്ണന്റെ'' പാടിയതാണ് ചിത്രയുടെ മനസ്സിലെ മായാത്ത ഓർമ. "ഗാനമേളയിൽ പങ്കെടുക്കാൻ കോഴിക്കോട്ടെത്തിയതായിരുന്നു ഞാൻ. വിജയൻ ചേട്ടനുമുണ്ട് ഒപ്പം. ഞങ്ങളെ രണ്ടുപേരെയും വീട്ടിലേക്ക് വിളിച്ചുകൊണ്ടുപോയി ഗിരീഷ് സാർ. സുഭിക്ഷമായ ഉച്ചഭക്ഷണത്തിനു ശേഷം അദ്ദേഹം പറഞ്ഞു: എനിക്കൊരു ആഗ്രഹമുണ്ട്. പറ്റില്ല എന്ന് പറയരുത്. ഇവിടെ ഈ പൂജാവിഗ്രഹത്തിന് മുന്നിൽ നിന്നുകൊണ്ട് ചിത്ര കാർമുകിൽ വർണ്ണന്റെ എന്ന പാട്ട് പാടണം. സ്നേഹപൂർവമുള്ള ആ അപേക്ഷ നിരസിക്കാൻ തോന്നിയില്ല. അവിടെ നിന്നുകൊണ്ട് ആ ഗാനം പാടിയത് എന്റെ ജീവിതത്തിലെ മറക്കാനാവാത്ത അനുഭവം. നമ്മളും ഭഗവാനും മാത്രമല്ലേയുള്ളൂ ആ മുറിയിൽ....''

Content Highlights: Legendary playback singer KS Chithra and renowned cinematographer Azhagappan take a emotional trip down memory lane to share the unseen, deeply moving stories behind the creation and shooting of the iconic song 'Karmukil Varnante' from the movie Nandanam.