കട്ടിലിൽ താളംപിടിച്ച് നെയ്യാറ്റിൻകര; ചൂരൽക്കസേരയിലിരുന്ന് സിഒ ആന്റോ; അധികമാരും അറിയാത്ത ആ അപൂർവരാവ്‌

നെയ്യാറ്റിൻകര വാസുദേവൻ | ഫോട്ടോ: മാതൃഭൂമി
നെയ്യാറ്റിൻകര വാസുദേവൻ | ഫോട്ടോ: മാതൃഭൂമി

തൊട്ടടുത്ത മുറിയിൽ നെയ്യാറ്റിൻകര വാസുദേവൻ താമസിക്കുന്നുണ്ടെന്നറിഞ്ഞപ്പോൾ സി.ഒ. ആന്റോക്ക് ഒരാഗ്രഹം: പ്രഗത്ഭനായ ആ സംഗീതജ്ഞനെ ഒന്ന് നേരിൽ കാണണം. പരിചയം പുതുക്കണം. ഒക്കുമെങ്കിൽ ഒരു കൃതി പാടിക്കേൾക്കണം. വേണ്ടെന്ന് വിലക്കിനോക്കി ആദ്യം. ഉള്ളിൽ ലഹരി കിടന്നു പതയുമ്പോൾ കാര്യങ്ങൾ കൈവിട്ടു പോയേക്കാം. സംസാരം അതിരുവിട്ടേക്കാം. പക്ഷേ, ആന്റോയ്ക്ക് കുലുക്കമില്ല. ‘മോനേ, കള്ളു കുടിച്ചാലും ബഹുമാനിക്കേണ്ടവരെ ബഹുമാനിക്കാൻ ആന്റോയ്ക്കറിയാം. വേണ്ടാത്ത ഒരക്ഷരം ഈ നാക്കേന്ന് വീഴൂല..’

ഓൾഡ് ഈസ് ഗോൾഡ് ഗാനമേളാ സംഘത്തോടൊപ്പം കോഴിക്കോട്ടെത്തിയതായിരുന്നു സി.ഒ. ആന്റോ എന്ന ആന്റോച്ചേട്ടൻ. കൂട്ടിന് മുൻതലമുറയിലെ പ്രശസ്ത ഗായകരുടെ ഒരു നിര: കമുകറ പുരുഷോത്തമൻ, ഉദയഭാനു, പി. ലീല, ശാന്ത പി. നായർ.... ഒപ്പം എം.എസ്. നസീം, സുശീലാദേവി, ആമച്ചൽ രവി തുടങ്ങിയവരും.

ചരിത്രമുഹൂർത്തത്തിനാണ് സാക്ഷ്യം വഹിക്കാൻ പോകുന്നതെന്ന് അറിയില്ലായിരുന്നു നെയ്യാറ്റിൻകരയുടെ മുറിയിലേക്കു കടന്നുചെല്ലുമ്പോൾ. സി.ഒ. ആന്റോ എന്ന നാടകപ്പാട്ടുകാരന് മുമ്പിൽ നെയ്യാറ്റിൻകര വാസുദേവൻ എന്ന കർണാടക സംഗീതവിശാരദൻ ശരിക്കും ഒരു കുട്ടിയായി മാറുന്നു. ഇഷ്ടഗായകനെ നോക്കി മിഴിച്ചിരിക്കുന്ന നിഷ്കളങ്കനായ ആരാധകബാലൻ. കയ്യിലൊരു മധുചഷകവുമായി മുറിയിലെ ചൂരൽക്കസേരയിൽ ചമ്രം പടിഞ്ഞിരുന്ന് പാടുകയാണ് ആന്റോ: ‘എന്തിനു പാഴ്ശ്രുതി മീട്ടുവതിനിയും തന്ത്രികൾ പൊട്ടിയ തംബുരുവിൽ...’ കട്ടിലിൽ താളം പിടിച്ചിരുന്ന് പാട്ടിന്റെ ആത്മാവിൽ അലിഞ്ഞൊഴുകുന്നു വാസുദേവൻ; ഇടയ്ക്ക് ആന്റോയുടെ ആലാപനത്തിൽ പങ്കുചേരുന്നു; കണ്ണു തുടയ്ക്കുന്നു.

കേൾവിക്കാരായി ഞങ്ങൾ നാലഞ്ചു പേർ മാത്രം. ഗായകൻ നസീം, അദ്ദേഹത്തിന്റെ ചില സംഗീത സുഹൃത്തുക്കൾ, പിന്നെ ഞാനും. പാട്ടു പാടിത്തീർന്നപ്പോൾ മുറിയിൽ കനത്ത നിശ്ശബ്ദത. ഒരു മഴ പെയ്തു തോർന്ന പോലെ. ഗായകനും ശ്രോതാവും ഒരുപോലെ വികാരാധീനർ. കട്ടിലിൽനിന്ന് ചാടിയെഴുന്നേറ്റ് ആന്റോ ചേട്ടനെ ഓടിച്ചെന്ന് കെട്ടിപ്പിടിക്കുന്നു വാസുദേവൻ. ഒപ്പം തുരുതുരാ അദ്ദേഹത്തിന്റെ കവിളിൽ ഉമ്മ വെക്കുന്നു. അപ്രതീക്ഷിതമായ ആ സ്നേഹപ്രകടനം കണ്ട് അന്തംവിട്ടിരുന്നു ഞങ്ങൾ. ലഹരിയും സംഗീതവും സാഹിത്യവുമെല്ലാം കൂടിക്കലർന്ന ആ കോഴിക്കോടൻ രാത്രിയിൽനിന്ന് ഇന്നും മനസ്സിൽ അവശേഷിക്കുന്ന അപൂർവ ദൃശ്യം.

‘സിനിമാപ്പാട്ടിനെ പല ക്ലാസിക്കൽ സംഗീതക്കാരും പരിഹസിക്കുന്നത് കേട്ടിട്ടുണ്ട്. അക്കൂട്ടത്തിൽ എന്നെ പെടുത്തണ്ട. എ.എം. രാജയുടെ സിനിമാപ്പാട്ട് കേട്ട് ഇങ്ങനെ പാടാൻ കഴിയില്ലല്ലോ എന്ന് സങ്കടപ്പെട്ടിട്ടുണ്ട് ഞാൻ. എന്തൊരു ഭാവമാധുര്യമാണ് അദ്ദേഹത്തിന്റെ ശബ്ദത്തിന്. കഴിവുള്ള ഒരു സിനിമാപ്പാട്ടുകാരന് ചിലപ്പോൾ നല്ലൊരു ശാസ്ത്രീയ സംഗീതജ്ഞനായി പേരെടുക്കാൻ കഴിഞ്ഞേക്കും. പക്ഷേ, എത്ര മഹാനായ ശാസ്ത്രീയ സംഗീതജ്ഞനായാലും സിനിമയിൽ ശോഭിക്കണമെന്നില്ല.’ – നെയ്യാറ്റിൻകര വാസുദേവൻ അന്ന് പറഞ്ഞ വാക്കുകൾ ഇന്നുമുണ്ട് ഓർമ്മയിൽ. ഒപ്പം തനിക്കേറെ പ്രിയപ്പെട്ട രാജയുടെ ഒരു ഗാനം മൂളുക കൂടി ചെയ്തു അദ്ദേഹം:

‘കാണാൻ പറ്റാത്ത കനകത്തിൻ മണിമുത്തേ
കരളിന്റെ കൂട്ടിലെ കുഞ്ഞിത്തത്തേ
കൽപ്പിച്ചു റബ്ബെനിക്കേകിയ മലർമൊട്ടേ
കൽബിന്റെ കണ്ണേ ഉറങ്ങുറങ്ങ്...’

കൽപ്പക ടൂറിസ്റ്റ് ഹോമിലെ ഗൃഹാതുരത്വം നിറഞ്ഞ ആ രാവിൽ വാസുദേവന് വേണ്ടി വേറെയും പാട്ടുകൾ പാടി ആന്റോ: മധുരിക്കും ഓർമ്മകളേ, ഇനിയൊരു കഥ പറയാം, വീടിന് പൊന്മണി വിളക്ക് നീ ... കേരളീയരുടെ ഒരു തലമുറ ഏറ്റുപാടിയ പാട്ടുകൾ. അന്ന് രണ്ടു പേരും സംസാരിച്ചതേറെയും സംഗീത ജീവിതത്തിൽ നേരിട്ട പ്രതിസന്ധികളെ കുറിച്ച്. അവഗണനകൾ, നിരാസങ്ങൾ, അപമാനങ്ങൾ.... അങ്ങനെ അധികമാരുമറിയാത്ത കദനകഥകൾ. എല്ലാ വേദനകളും സംഗീതത്തിൽ അലിയിച്ചുകളയാൻ പഠിച്ച രണ്ടു പേർ മനസ്സ് തുറക്കുകയായിരുന്നു; ഒരൽപം ലഹരിയുടെ പിന്തുണയോടെയാണെങ്കിലും.

നെയ്യാറ്റിൻകരയും ആന്റോയും ഇന്നില്ല; ആ അപൂർവസംഗമത്തിന് വഴിയൊരുക്കിയ പ്രിയസുഹൃത്ത് എം.എസ്‌. നസീമും. എങ്കിലും നാല് പതിറ്റാണ്ടിനിപ്പുറവും ഓർമ്മകളിൽ വാസുദേവനും ആന്റോയും പാടിക്കൊണ്ടേയിരിക്കുന്നു; രണ്ടു പുഴകൾ ഹൃദയം കൊണ്ട് ഒന്നായി ഒഴുകിച്ചേരും പോലെ:

‘ഇടനെഞ്ചിൻ താളമോടെ
നെടുവീർപ്പിൻ മൂളലോടെ
മലർമഞ്ചൽ തോളിലേറ്റി
പോരുകില്ലേ..’

Content Highlights: The article reminisces about a deeply emotional and rare musical encounter between Carnatic maestro Neyyattinkara Vasudevan and drama singer C O Anto in a Kozhikode lodge, where they shared their struggles, mutual respect, and pure love for music.