നടനായശേഷമേ തിരിച്ചുവരൂ എന്ന ശപഥവുമായി അമ്മയുടെ പണപ്പെട്ടിയുമായി ഇരുട്ടിലൂടെ ഓടി

#ഭാനുപ്രകാശ്
ത്യാഗരാജന്റെ ഗുരു പുലികേശി (ഇടത്ത്) ത്യാഗരാജൻ (വലത്ത്)
ത്യാഗരാജന്റെ ഗുരു പുലികേശി (ഇടത്ത്) ത്യാഗരാജൻ (വലത്ത്)

കൂട്ടുകാരനെപ്പോലെയായിരുന്നു ത്യാഗരാജനെ അച്ഛന്‍ ഒപ്പം കൊണ്ടുനടന്നത്. സിനിമയായാലും നാടകമായാലും സംഗീതമായാലും ബാലകൃഷ്ണ മുതലിയാരുണ്ടെങ്കില്‍ കൂടെ ഇളയ മകനുമുണ്ടാകും. അക്കാലത്ത് ആമ്പൂരില്‍ രണ്ടു തിയേറ്ററുകളാണ് ഉണ്ടായിരുന്നത്. ശ്രീ തീയേറ്ററും ലക്ഷ്മി തീയേറ്ററും. അച്ഛനും അമ്മയ്ക്കുമൊപ്പം ലക്ഷ്മി തീയേറ്ററിലിരുന്നാണ് സിനിമ എന്തെന്ന് ആദ്യമായി ത്യാഗരാജന്‍ അറിയുന്നത്. പി.യു. ചിന്നപ്പ നായകനായ മങ്ങയാര്‍ക്കരശിയായിരുന്നു ആ ചിത്രം. പുതുക്കോട്ടൈ ഉലകനാഥന്‍ പിള്ളൈ ചിന്നപ്പ എന്ന പി.യു. ചിന്നപ്പയെ ത്യാഗരാജന്‍ തന്റെ ഹൃദയത്തോടു ചേര്‍ത്തുകെട്ടുന്നതും മങ്ങയാര്‍ക്കരശി കാണുന്നതോടെയാണ്. സുദര്‍ശന്‍, കൃഷ്ണഭക്തി, വനസുന്ദരി, പങ്കജവല്ലി, ഹരിശ്ചന്ദ്ര തുടങ്ങി ചിന്നപ്പ നടിച്ച പല ചിത്രങ്ങളും ത്യാഗരാജനെ അദ്ദേഹത്തിന്റെ കടുത്ത ആരാധകനാക്കി. വീടിന്റെ ചുമരുകളിലും മുറികളിലുമൊക്കെ ചിന്നപ്പയുടെ ചിത്രങ്ങള്‍ പതിച്ചുവെച്ചപ്പോള്‍ മകനോടുള്ള സ്നേഹക്കൂടുതല്‍ കൊണ്ട് ബാലകൃഷ്ണന്‍ മുതലിയാര്‍ വഴക്കൊന്നും പറഞ്ഞില്ല. നിര്‍മ്മാതാക്കള്‍ അടക്കിഭരിച്ചിരുന്ന തമിഴ് സിനിമ ആര്‍ട്ടിസ്റ്റുകളുടെ കൈകളിലേക്ക് മാറിയത് ചിന്നപ്പയുടെ വരവോടെയാണ്. ഒരേസമയം ചിന്നപ്പ വലിയ പാട്ടുകാരനും സ്റ്റണ്ട് ഡയറക്ടറും നടനുമായിരുന്നു. സിനിമയില്‍ കമ്പ് ഫൈറ്റ് ഏറ്റവും നന്നായി അവതരിപ്പിച്ച നടനായിരുന്നു അദ്ദേഹം. നാടകത്തിലും സിനിമയിലും സംഗീതത്തിലും അതിരും എതിരുമില്ലാതെ നിറഞ്ഞുനിന്ന ചിന്നപ്പ ആരെയും പേടിയില്ലാത്ത മനുഷ്യനുമായിരുന്നു. ശരിക്കുമൊരു സ്‌ട്രോങ്മാന്‍.
 
എം.ജി.ആറിന്റെയും ശിവാജി ഗണേശന്റെയും എസ്.എസ്. രാജേന്ദ്രന്റെയുമൊക്കെ സിനിമകള്‍ നിറഞ്ഞോടുന്ന കാലംകൂടിയായിരുന്നു അത്. സിനിമയ്ക്കൊപ്പം നാടകത്തിലും സജീവമായിരുന്ന അവര്‍ക്കെല്ലാം സ്വന്തമായി നാടകക്കമ്പനികളും ഉണ്ടായിരുന്നു. പടങ്ങള്‍ കണ്ടശേഷം അവയിലെ ഉശിരന്‍ ഫൈറ്റുകള്‍ കൂട്ടുകാരോടൊപ്പം പാലാറിന്റെ കരയില്‍ വന്ന് അനുകരിച്ചു കാണിക്കുന്നതായിരുന്നു ത്യാഗരാജന്റെ അക്കാലത്തെ മുഖ്യ ഹോബി. വടികള്‍ ഉപയാഗിച്ചുള്ള അപകടകരമായ ആ കുട്ടിക്കളികളില്‍ നിന്നാകാം ഒരുപക്ഷേ, ത്യാഗരാജന്‍ എന്ന സ്റ്റണ്ടുമാസ്റ്ററുടെ ഉദയവും. ആമ്പൂരില്‍ പ്രധാന ചടങ്ങുകളുണ്ടാകുമ്പോള്‍ പുലിവേഷം കെട്ടി കളിക്കുന്നതും അക്കാലത്തെ പതിവുകളിലൊന്നായിരുന്നു. കായികമായും കലാപരമായും മുതിര്‍ന്ന ആളുകള്‍ ചെയ്യുന്നത് അതുപോലെ ചെയ്തുനോക്കുന്നത് ആവേശമായി മാറി. പഠനത്തില്‍ മോശമായപ്പോഴും വീട്ടിലാരും വഴക്കു പറഞ്ഞില്ല.

പത്താം ക്ലാസിലെത്തിയപ്പോഴേക്ക് സ്‌കൂളില്‍ പോകുന്നത് പിന്നെയും കുറഞ്ഞു. മിക്ക ദിവസങ്ങളിലും സിനിമാശാലകളിലായിരിക്കും. ഇളയ മകനോടുള്ള ഇഷ്ടക്കൂടുതല്‍കൊണ്ട് അമ്മയും അച്ഛനും സഹോദരങ്ങളും നല്‍കുന്ന പണം സിനിമ കാണാനായി മാറ്റിവെച്ചു. കണ്ട സിനിമകള്‍ തന്നെ വീണ്ടും വീണ്ടും കാണും. ഇരുപത്തിയഞ്ചും മുപ്പതും തവണ കണ്ട സിനിമകളുണ്ട്. സ്‌കൂളില്‍ പോവാതെയും പഠിക്കാതെയും നാടകവും സിനിമയും കണ്ടുനടന്ന് ഒടുവില്‍ പത്താം ക്ലാസ് ഭംഗിയായി തോറ്റു. പിന്നീട് പരീക്ഷയെഴുതാനൊന്നും പോയില്ല. നാട്ടിലെ ഒരു നാടകസംഘത്തില്‍ ചേര്‍ന്നു. അരങ്ങിലെ ആട്ടങ്ങളുമായി ഒരു വര്‍ഷം കടന്നുപോയി. അപ്പോഴും അച്ഛന്‍ വഴക്കൊന്നും പറഞ്ഞില്ല. അമ്മയ്ക്ക് വിഷമമുണ്ടായിരുന്നു. 

Content Highlights: Tamil Cinema Malayalam Cinema Prem Nazir M.G.R Shivaji Ganesan Stuntmaster thyagarajan

Continue reading