പ്രൊമോട്ടർമാർ ഓഹരികൾ വിറ്റൊഴിയുന്നു: നിക്ഷേപകർ ആശങ്കപ്പെടേണ്ടതുണ്ടോ?

#Money Desk
AI Image created by mathrubhumi.com
AI Image created by mathrubhumi.com

ഈ വർഷവും ഓഹരികൾ വിറ്റ് കാശാക്കുന്നതിൽ പ്രൊമോട്ടർമാർ മത്സരിച്ചു. 1.5 ലക്ഷം കോടി രൂപ മൂല്യമുള്ള ഓഹരികളാണ് അവർ വിറ്റൊഴിഞ്ഞത്. മുൻ വർഷത്തെ 1.43 ലക്ഷം കോടിയെന്ന റെക്കോഡാണ് ഇത്തവണ മറികടന്നത്. വൻതോതിലുള്ള വിറ്റൊഴിലിനെ തുടർന്ന് സ്വകാര്യ പ്രൊമോട്ടർമാരുടെ ഓഹരി പങ്കാളിത്തം എട്ട് വർഷത്തെ ഏറ്റവും താഴ്ന്ന നിലയായ 40.58 ശതമാനമായി.

വില്പന ഇപ്രകാരം

353 ബ്ലോക്ക് ഡീലുകളിലൂടെയാണ് 1.35 ലക്ഷം കോടി രൂപ പ്രൊമോട്ടർമാർ സമാഹരിച്ചത്. ഓഫർ ഫോർ സെയിൽ വഴി 18,000 കോടി മൂല്യമുള്ള ഓഹരികളും വിറ്റൊഴിഞ്ഞു. പ്രൈവറ്റ് ഇക്വിറ്റി, വെഞ്ച്വർ ക്യാപിറ്റൽ നിക്ഷേപകർ 76,000 കോടി രൂപ മൂല്യമുള്ള ഓഹരികളാണ് വിറ്റത്. കഴിഞ്ഞവർഷം ഇവർ വിറ്റത് 1.14 ലക്ഷം കോടി മൂല്യമുള്ള ഓഹരികളാണ്.

പ്രധാന വില്പനക്കാർ

കമ്പനി

വിറ്റഴിച്ച തുക (കോടി രൂപയിൽ)

ഭാരതി എയർടെൽ

₹44,682

ഇൻഡിഗോ

₹14,497

AWL അഗ്രി കമ്മോഡിറ്റീസ്

₹11,064

വിശാൽ മെഗമാർട്ട്

₹10,220

എംഫസിസ്

₹4,726

സാഗിലിറ്റി, ബജാജ് ഫിൻസെർവ്, കൊഹാൻസ് ലൈഫ് സയൻസസ്, ഹിന്ദുസ്ഥാൻ സിങ്ക്, ഡിക്‌സൺ, ആപ്റ്റസ്, കെഫിൻ ടെക്, ബജാജ് ഹൗസിംഗ് ഫിനാൻസ് തുടങ്ങിയ കമ്പനികളും 1,000 കോടി രൂപയിലധികം മൂല്യമുള്ള ഓഹരികൾ വിറ്റഴിച്ചു. വേൾപൂൾ ഓഫ് ഇന്ത്യ, സുസ്ലോൺ എനർജി, പിജി ഇലക്ട്രോപ്ലാസ്റ്റ്, കെയ്ൻസ് ടെക്, ഓലയുടെ പ്രൊമോട്ടർ ഭവിഷ് അഗർവാൾ എന്നിവരുടെ സമീപകാല വിൽപ്പനകളും ശ്രദ്ധേയമായി.

വിറ്റൊഴിയൽ എന്തുകൊണ്ട്?

വിപണി ഉയർന്ന മൂല്യത്തിലായതിനാൽ വ്യാപകമായുള്ള ലാഭമെടുപ്പാണോ? ഏറെക്കാലത്തെ കഠിനാധ്വാനത്തിന്റെ ഫലം പണമായി തിരികെയെടുക്കാനുള്ള മികച്ച സമയമായി വില്പനയെ പലരും കാണുന്നുണ്ടെന്നകാര്യം അവഗണിക്കാനാവില്ല. കടം കുറയ്ക്കാനും മറ്റ് സംരംഭങ്ങളിൽ നിക്ഷേപം നടത്താനും ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കാനും മിനിമം ഷെയർ ഹോൾഡിങ് മാനദണ്ഡം പാലിക്കാനും പണം പിൻവലക്കുന്നവരുണ്ട്. അതേസമയം, ഇതിനെ നിസാരമായി തള്ളിക്കളയാനും കഴിയില്ല. വില്പനയ്ക്ക് ശേഷം എത്ര ഓഹരികൾ പ്രൊമോട്ടർമാരുടെ കൈവശം ഉണ്ടെന്ന് പരിശോധിക്കാം. കമ്പനിയുടെ അടിസ്ഥാന സമ്പത്തിക സ്ഥിതി ശക്തമാണോ, വില്പനയുടെ കാരണം എന്താകും തുടങ്ങിയവയും കണ്ടെത്തേണ്ടതുണ്ട്.

ഉയർന്ന വിപണി മൂല്യം സൂചനയോ?

ഓഹരി വാങ്ങുന്ന പ്രൊമോട്ടർമാരേക്കാൾ വളരെ കൂടുതലാണ് വിൽക്കുന്നവരുടെ എണ്ണം. ഇത് പ്രൊമോട്ടർമാർ ഉയർന്ന വിലയിൽ നിന്ന് ലാഭമെടുക്കാൻ ശ്രമിക്കുന്നു എന്നതിന്റെ സൂചനയായി കരുതാം. പ്രൊമോട്ടർമാരുടെ വിൽപ്പന പ്രധാനമായും സ്‌മോൾ ക്യാപ് കമ്പനികളിലാണെന്നതും ശ്രദ്ധേയമാണ്. ഓഹരി പങ്കാളിത്തം കുറച്ച 54 കമ്പനികളിൽ 78 ശതമാനവും സ്‌മോൾ ക്യാപ് വിഭാഗത്തിൽപ്പെട്ടവയായിരുന്നു. അതേസമയം, ഓഹരി പങ്കാളിത്തം കൂട്ടിയ 14 കമ്പനികളിൽ 86 ശതമാനവും സ്‌മോൾ ക്യാപ് വിഭാഗത്തിലെയും ആയിരുന്നു.

വിപണിയുടെ പങ്ക്

വലിയ തോതിലുള്ള വിൽപ്പനകൾക്കിടയിലും വിപണിയിൽ ആവശ്യമായ പണലഭ്യത ഉറപ്പാക്കുന്നതിൽ മ്യൂച്വൽ ഫണ്ടുകൾ പ്രധാന പങ്ക് വഹിച്ചു. ഭൂരിഭാഗം ബ്ലോക്ക്, ബൾക്ക് ഡീലുകളിലും പ്രധാന വാങ്ങലുകാർ ഫണ്ടുകളായിരുന്നു. വിദേശ നിക്ഷേപകരുടെ ആത്മവിശ്വാസം വർധിപ്പിക്കാനും ഈ വിൽക്കൽ-വാങ്ങൽ സഹായിച്ചിട്ടുണ്ട്. കാരണം ഇത് വിപണിയിലെ മികച്ച പണലഭ്യത ഉറപ്പാക്കുന്നു എന്നതുതന്നെ.

നിക്ഷേപകർ ചെയ്യേണ്ടത്

ഓരോ വില്പനയും വിലയിരുത്തിയശേഷമേ ഇക്കാര്യത്തിൽ നിഗമനത്തിലെത്താൻ കഴിയൂ. ഉയർന്ന മൂല്യം മുതൽ മാനദണ്ഡം പാലിക്കൽ വരെ കാരണങ്ങളായി കാണാം. അതുകൊണ്ടുതന്നെ ജാഗ്രതപുലർത്തിയുള്ള സൂക്ഷ്മപരിശോധനയാണ് വേണ്ടത്. വിപണിയിലെ പല ഓഹരികളുടെയും വില മൂല്യത്തേക്കാൾ വളരെ കൂടുതലാണ്. പ്രൊമോട്ടർമാരുടെ ഈ നീക്കത്തെ അതുകൊണ്ടുതന്നെ തള്ളിക്കളയാനാവില്ല. വ്യക്തമായ കാരണം കണ്ടെത്തി നിക്ഷേപ തീരുമാനമെടുക്കുന്നതാകും ഉചിതം.

Content Highlights: Promoters sold a record ₹1.5 lakh crore in stocks this year, crossing last year`s high. Is this a cause for investor concern?