ഇടിവ് താൽക്കാലികം; ബജറ്റ് നൽകുന്നത് കുതിപ്പിനുള്ള ഊർജം

Photo: Gettyimages
Photo: Gettyimages

വികസനോൻമുഖതയ്ക്കും സാമ്പത്തിക അച്ചടക്കത്തിനും ഊന്നൽ നൽകുന്ന മികച്ചൊരു ബജറ്റ് പ്രഖ്യാപിച്ചിട്ടും ഓഹരി വിപണി പ്രതികൂലമായാണ് പ്രതികരിച്ചത്. അതിന്റെ കാരണം ധനമന്ത്രി ഓഹരി വിപണിക്ക്, പ്രത്യേകിച്ച് ഓഹരി നിക്ഷേപത്തിന് ആനുകൂല്യങ്ങളൊന്നും പ്രഖ്യാപിച്ചിട്ടില്ല എന്നതാണ്. ദീർഘകാല മൂലധന നേട്ടത്തിന് ആനുകൂല്യങ്ങൾ വേണമെന്ന് ചില മേഖലകളിലെ നിക്ഷേപകർ ആശ്യപ്പെടുകയും പ്രതീക്ഷ പ്രകടിപ്പിക്കുകയും ചെയ്തിരുന്നെങ്കിലും അത് യാഥാർഥ്യബോധത്തോടെയുള്ള പ്രതീക്ഷയായിരുന്നില്ല.

ലോംഗ് ടേം ക്യാപിറ്റൽ ഗെയിൻസ് കഴിഞ്ഞ വർഷമാണ് യുക്തിസഹമാക്കിയത്. ഒറ്റ വർഷം കൊണ്ട് അതിൽ മാറ്റം വരുമെന്നത് അസ്ഥാനത്തുള്ള പ്രതീക്ഷയായിരുന്നു. അതിനേക്കാളുപരി വിപണിയെ പ്രതികൂലമായി ബാധിച്ചത് ഫ്യൂച്ചേഴ്സ് ആന്റ് ഓപ്ഷൻസിന്റെ സെക്യൂരിറ്റീസ് ട്രാൻസാക്ഷൻസ് ടാക്സ് വർധിപ്പിച്ചതാണ്. അതൊരു നല്ല നടപടിയാണെന്നതാണ് അഭിപ്രായം. കാരണം റീട്ടെയിൽ ട്രേഡർമാർ ചെയ്യേണ്ടത് ഓഹരികളിലും മ്യൂച്വൽ ഫണ്ടുകളിലും ദീർഘകാലത്തേക്ക് നിക്ഷേപിക്കുകയാണ്. അല്ലാതെ ഫ്യൂച്ചേഴ്സ് ആന്റ് ഓപ്ഷൻസ് മാർക്കറ്റിൽ ഊഹക്കച്ചവടം നടത്തി പണം കളയുകയല്ല. കഴിഞ്ഞ നാലഞ്ച് വർഷമായി വിപണിയിൽ ഈ തെറ്റായ പ്രവണതയാണ് കണ്ടുകൊണ്ടിരിക്കുന്നത്. 2024ലെ സെബി റിപ്പോർട്ടിൽ തന്നെ പറഞ്ഞിരിക്കുന്ന പ്രധാനപ്പെട്ട കാര്യം 92 ശതമാനം റിട്ടെയിൽ ട്രേഡർമാർക്കും എഫ് ആന്റ് ഒ ട്രേഡിൽ പണം നഷ്ടപ്പെടുന്നു എന്നതാണ്. മൂന്നു വർഷത്തിൽ 1,80,000 കോടി രൂപയിലധികമാണ് റിട്ടെയിൽ ട്രേഡർമാർക്ക് എഫ് ആന്റ് ഒ ട്രേഡിങ്ങിലൂടെ നഷ്ടപ്പെട്ടത്. അതിൽ പണമുണ്ടാക്കുന്നത് അൽഗോരിതമിക് ട്രേഡിംഗ് ഒക്കെ നടത്തുന്ന ചില വിദേശ നിക്ഷേപകർ മാത്രമാണ്.

Content Highlights: Understand the Indian Budget`s impact on the stock market. Learn why the market reacted negatively and why this presents an opportunity for investors.

Continue reading