ഓഹരി നിക്ഷേപത്തിലെ മൂലധന നേട്ട നികുതി ഒഴിവാക്കുമോ? സർക്കാർ നടപടികൾ തുടങ്ങി

#Money Desk
Image:Freepik
Image:Freepik

ഇന്ത്യൻ ഓഹരി വിപണിയിൽനിന്ന് വിദേശ പോർട്ട്ഫോളിയോ നിക്ഷേപകർ വൻതോതിൽ പണം പിൻവലിക്കുന്ന സാഹചര്യത്തിൽ മൂലധന നേട്ട നികുതിയും ഓഹരി ഇടപാട് നികുതിയും പിൻവലിച്ചേക്കും. ഫെബ്രുവരിയിലെ കേന്ദ്ര ബജറ്റിന് മുന്നോടിയായി ഇതേക്കുറിച്ച് നികുതി വിദഗ്ധരിൽനിന്നും മറ്റും സർക്കാർ നിർദേശങ്ങൾ തേടിയിട്ടുണ്ട്.

ഒക്ടോബർ 13-ന് ഡൽഹിയിൽ നടന്ന പൊതുപരിപാടിയിൽ ധനമന്ത്രി നിർമല സീതാരാമൻ ഇതേക്കുറിച്ച് വ്യക്തമായ സൂചന നൽകിയിരുന്നു. രാജ്യത്തെ ഓഹരി വിപണിയിൽനിന്ന് വിദേശ നിക്ഷേപകർ വൻതോതിൽ നിക്ഷേപം പിൻവലിക്കുന്നത് സൂചികകളെ കടുത്ത സമ്മർദത്തിലാക്കിയിരുന്നു. കടപ്പത്ര നിക്ഷേപത്തിന് ബാധകമായ ദീർഘകാല മൂലധന നേട്ട നികുതി വിദേശ നിക്ഷേപകർക്ക് ഒഴിവാക്കിയിരുന്നു. ഓഹരി നിക്ഷേപത്തിലെ നികുതിയും ഇത്തരത്തിൽ വിദേശികൾക്കു മാത്രം ഒഴിവാക്കിയേക്കുമെന്നും ചർച്ചയുണ്ട്.

വിപണിയെ ഉത്തേജിപ്പിക്കാൻ നികുതി ഇളവ് അനുവദിക്കണമെന്ന ആവശ്യം ശക്തമാണെങ്കിലും സർക്കാരിന്റെ സാമ്പത്തിക ബാധ്യതകൂടി പരിഗണിച്ച ശേഷമായിരിക്കും ധനമന്ത്രാലയത്തിന്റെ തീരുമാനം. കഴിഞ്ഞ സാമ്പത്തിക വർഷം മൂലധന നേട്ട നികുതിയിനത്തിൽ സർക്കാരിന് ലഭിച്ചത് 1.29 ലക്ഷം കോടി രൂപയാണ്. ഓഹരി ഇടപാട് നികുതിയിനത്തിലാകട്ടെ 57,522 കോടി രൂപയും ലഭിച്ചു.

മൂലധന നേട്ട നികുതി

ഒരു വർഷത്തിൽ കൂടുതൽ കാലം കൈവശം വെക്കുന്ന ഓഹരികൾക്ക് 12.5 ശതമാനം ദീർഘകാല മൂലധന നേട്ട നികുതിയാണ് ഈടാക്കുന്നത്. സെസ്സും സർച്ചാർജും ചേരുമ്പോൾ ഇത് 15 ശതമാനത്തോളമാകും. ഇതിനു പുറമെ, വാങ്ങുന്നയാളും വിൽക്കുന്നയാളും 0.1 ശതമാനം വീതം ഓഹരി ഇടപാട് നികുതിയും (എസ്ടിടി) വാങ്ങുന്നയാൾ 0.015 ശതമാനം സ്റ്റാമ്പ് ഡ്യൂട്ടിയും നൽകേണ്ടതുണ്ട്.

ഒരേ നിക്ഷേപ ഇടപാടിൽത്തന്നെ മൂലധന നേട്ട നികുതിയും ഓഹരി ഇടപാട് നികുതിയും ഒരുമിച്ച് ചുമത്തുന്നത് ഇരട്ട നികുതിയാണെന്ന ആക്ഷേപം ഏറെക്കാലമായുള്ളതാണ്. യുഎസ്, യുകെ, സിങ്കപ്പൂർ, ഹോങ്കോങ്, ദക്ഷിണകൊറിയ, തായ്‌ലാൻഡ് തുടങ്ങിയ രാജ്യങ്ങളിലൊന്നും വിദേശ നിക്ഷേപകർക്ക് മൂലധന നേട്ട നികുതിയില്ല.

Content Highlights: Government considering removal of capital gains tax and STT to curb FPI outflows., Finance Minister Nirmala Sitharaman hinted at relief measures ahead of the Union Budget., Capital gains tax yields over Rs 1.29 lakh crore and STT yields Rs 57,522 crore annually., Global comparisons show many countries do not impose capital gains tax on foreign investors.