വരുന്നത് വലിയ മാറ്റം: വീട്ടുവാടക, യാത്രാ, വിദ്യാഭ്യാസ ചെലവുകളുടെ നികുതി ഇളവ് പരിധി കൂട്ടും

പുതിയ ആദായ നികുതി ബില്ലിൽ വിവിധ അലവൻസുകൾക്ക് കൂടുതൽ ഇളവുകൾ നൽകാൻ ആദായ നികുതി വകുപ്പ്. വർഷങ്ങളായി മാറ്റമില്ലാതെ തുടരുന്ന ഇളവ് പരിധി പരിഷ്‌കരിക്കാനും പണപ്പെരുപ്പത്തിന് ആനുപാതികമായി ക്രമീകരിക്കാനും ലക്ഷ്യമിട്ടാണ് പുതിയ വ്യവസ്ഥകൾ കൊണ്ടുവരുന്നത്.
വീട്ടുവാടക അലവൻസ്(എച്ച്ആർഎ), കുട്ടികളുടെ വിദ്യാഭ്യാസത്തിനുള്ള ചെലവ്, യാത്രാ അലവൻസ് എന്നിവയിലാണ് മാറ്റങ്ങൾ നിർദേശിച്ചിട്ടുള്ളത്. 1962ലെ ആദായ നികുതി നിയമങ്ങൾ പ്രകാരം നിശ്ചയിച്ചിട്ടുള്ള പരിധിയിലാണ് കാലാനുസൃതമായി മാറ്റംവരുത്തുന്നത്. മെട്രോ നഗരങ്ങളുടെ എണ്ണം കൂടിയതും നിശ്ചിത തുക എന്നതിന് പകരം അടിസ്ഥാന ശമ്പളത്തിന്റെ ശതമാനം നിശ്ചയിച്ചതുമാണ് പ്രധാന മാറ്റം. ഏപ്രിൽ ഒന്നു മുതൽ പുതുക്കിയ വ്യവസ്ഥകൾ പ്രാബല്യത്തിലാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
പ്രധാന പരിഷ്‌കാരങ്ങൾ
കരട് നിയമം 279 പ്രകാരം എച്ച്.ആർ.എ ഇളവിനായി പരിഗണിക്കുന്ന മെട്രോ നഗരങ്ങളുടെ പട്ടിക വിപുലീകരിച്ചു. നിലവിലുള്ള മുംബൈ, ഡൽഹി, കൊൽക്കത്ത, ചെന്നൈ എന്നിവയ്ക്ക് പുറമെ ഹൈദരാബാദ്, അഹമ്മദാബാദ്, പുണെ, ബെംഗളൂരു എന്നിവയെയും മെട്രോ പട്ടികയിൽ ഉൾപ്പെടുത്തി. മെട്രോ നഗരങ്ങളിൽ താമസിക്കുന്ന ജീവനക്കാർക്ക് ശമ്പളത്തിന്റെ 50% വരെ എച്ച്.ആർ.എ ഇളവ് ക്ലെയിം ചെയ്യാം. മറ്റ് നഗരങ്ങളിൽ താമസിക്കുന്നവർക്കാകട്ടെ നിലവിലുള്ള 40% തുടരും. നഗരവൽക്കരണവും വാടക വർധനവും പരിഗണിച്ചാണ് ഈ തീരുമാനം.
വിദ്യാഭ്യാസ ചെലവ്
കുട്ടികളുടെ വിദ്യാഭ്യാസത്തിനും ഹോസ്റ്റൽ ചെലവിനുമുള്ള ഇളവ് പരിധിയിൽ ഗണ്യമായ വർധനവാണ് നിർദേശിച്ചിട്ടുള്ളത്:
അലവൻസ് | നിലവിലെ മാസ പരിധി | നിർദിഷ്ട മാസ പരിധി (ഒരു കുട്ടിക്ക്) |
|---|---|---|
കുട്ടികളുടെ വിദ്യാഭ്യാസ അലവൻസ് | ₹100 | ₹3,000 |
ഹോസ്റ്റൽ ചെലവ് അലവൻസ് | ₹300 | ₹9,000 |
യാത്രാ അലവൻസ്
ട്രാൻസ്‌പോർട്ട് സെക്ടറിലെ (റെയിൽവേ, എയർലൈൻസ്, ഷിപ്പിങ് ഉൾപ്പടെയുള്ള) ജീവനക്കാർക്ക് നിലവിൽ ലഭിക്കുന്ന അലവൻസിന്റെ 70% അല്ലെങ്കിൽ പരമാവധി 10,000 രൂപ എന്ന പരിധിയിൽ നികുതി ഇളവ് ലഭിച്ചിരുന്നു. ഇത് പ്രതിമാസം 25,000 രൂപ വരെയായി ഉയർത്താൻ നിർദേശമുണ്ട്. ഭിന്നശേഷിക്കാർകാകട്ടെ മെട്രോ നഗരങ്ങളിൽ 15,000 രൂപയും ക്ഷാമബത്തയും മറ്റ് നഗരങ്ങളിൽ 8,000 രൂപയും ക്ഷാമബത്തയും എന്നതാണ് പുതിയ നിർദ്ദേശം. നിലവിൽ ഇത് പ്രതിമാസം 3,200 രൂപ മാത്രമാണ്.
പ്രത്യേക സാഹചര്യങ്ങളിൽ ജോലി ചെയ്യുന്നവർക്ക്
ദുഷ്‌കരമായ സാഹചര്യങ്ങളിൽ ഭൂഗർഭ ജോലികൾ ചെയ്യുന്ന ജീവനക്കാർക്കുള്ള ഇളവ് ഘടനയിൽ മാറ്റം വരുത്തി. നിലവിലുള്ള പ്രതിമാസ 800 രൂപ എന്ന നിശ്ചിത തുകയ്ക്ക് പകരം അടിസ്ഥാന ശമ്പളത്തിന്റെ 15% ഇളവായി നൽകാനാണ് നിർദേശം.
ഉയർന്ന നേട്ടം
നിർദേശങ്ങൾ അതേപടി നടപ്പിലാക്കുകയാണെങ്കിൽ ശമ്പളക്കാരായ നികുതിദായകർക്ക് വലിയ നേട്ടമുണ്ടാകും.
ഉയർന്ന നികുതി ലാഭം: വിദ്യാഭ്യാസ-ഹോസ്റ്റൽ അലവൻസുകളിലെ വർധന കുടുംബങ്ങളുടെ നികുതി ബാധ്യത ഗണ്യമായി കുറയ്ക്കും.
വിലക്കയറ്റത്തിന് ആനുപാതികമായി: വർഷങ്ങളായി മാറ്റമില്ലാതിരുന്ന ഇളവുകൾ പണപ്പെരുപ്പത്തിനനുസരിച്ച് പുതുക്കുന്നത് നികുതി വ്യവസ്ഥയെ കൂടുതൽ യാഥാർത്ഥ്യബോധമുള്ളതാക്കുന്നു.
നഗര കേന്ദ്രീകൃത ഇളവുകൾ: പുതിയ നഗരങ്ങളെ മെട്രോ പട്ടികയിൽ ഉൾപ്പെടുത്തിയത് ഐടി ഹബ്ബുകളിലും മറ്റും ജോലി ചെയ്യുന്ന ജീവനക്കാർക്ക് സഹായകരമാകും.
പൊതുജനങ്ങളുടെ അഭിപ്രായത്തിനായി നൽകിയിരിക്കുന്നവയാണ് ഈ വ്യവസ്ഥകൾ. അന്തിമ തീരുമാനം വന്നാൽ ഏപ്രിൽ ഒന്നു മുതൽ പ്രാബല്യത്തിൽ വരുന്ന പുതിയ ആദായ നികുതി നിയമം-2025ന്റെ ഭാഗമാകും.
Content Highlights: Significant tax relief coming! Home rent, travel, and education allowance limits to be raised. Get tax benefits on your salary. New rules effective April 1st.