ഐസിഐസിഐ പ്രൂഡന്‍ഷ്യല്‍ പിഎംഎസ് കോണ്ട്ര സ്ട്രാറ്റജി അഞ്ച് വര്‍ഷം പൂര്‍ത്തിയാക്കി

കോണ്‍ട്രേറിയന്‍ നിക്ഷേപ തന്ത്രം പിന്തുടരുന്ന ഐസിഐസിഐ പ്രൂഡന്‍ഷ്യല്‍ പിഎംഎസ് കോണ്ട്ര സ്ട്രാറ്റജി അഞ്ച് വര്‍ഷം പൂര്‍ത്തിയാക്കി. നിലവിലെ വിപണി സാഹചര്യത്തിന് അനുകൂലമല്ലാത്തതും എന്നാല്‍ ദീര്‍ഘകാലാടിസ്ഥാനത്തില്‍ മികച്ച നേട്ടം പ്രതീക്ഷിക്കുന്നതുമായ ഓഹരികളില്‍ നിക്ഷേപിക്കുന്നതാണ്, പേരു സൂചിപ്പിക്കുന്നതുപോലെ ഈ പദ്ധതി.
പദ്ധതിയുടെ തുടക്കത്തില്‍, 2018 സെപ്റ്റംബര്‍ 18ന് ഒരു കോടി രൂപ നിക്ഷേപിച്ചുവെന്ന് കരുതുക. 2023 സെപ്റ്റംബറിലെ മൂല്യം അനുസരിച്ച് 2.4 കോടിയായി നിക്ഷേപം വളര്‍ന്നിട്ടുണ്ടാകുമായിരുന്നു. അതായത് 20 ശതമാനം വാര്‍ഷിക ആദായം. എസ്ആന്‍ഡ്പി ബിഎസ്ഇ 50 ടിആര്ഐയിലെ സമാനമായ നിക്ഷേപം 14 ശതമാനം വാര്‍ഷിക വരുമാനമാണ് നല്‍കിയത്.
വിപണിയല്ല, കമ്പനികളാണ് സമ്പത്ത് സൃഷ്ടിക്കുന്നത് എന്ന അടിസ്ഥാന വിശ്വസ പ്രകാരമുള്ള നിക്ഷേപ രീതിയിലെ പ്രകടനം ശ്രദ്ധേയമാണെന്ന് പിഎംഎസ് ആന്‍ഡ് എഐഎഫ് ഇന്‍വെസ്റ്റുമെന്റ് മേധാവി ആനന്ദ് ഷാ പറഞ്ഞു. വിപണിയിലെ വിപരീത അവസരങ്ങള്‍ തിരിച്ചറിയുന്നത് നിര്‍ണായക പങ്കുവഹിച്ചു. നിക്ഷേപസാധ്യതകള്‍ മനസിലാക്കി മുന്നേറാന്‍ അതിലൂടെ കഴിയുകയും ചെയ്തതായി അദ്ദേഹം വിലയിരുത്തുന്നു.
ദീര്‍ഘകാല വളര്‍ച്ചക്ക് സാധ്യതയുള്ള കമ്പനികളെ തിരിച്ചറിഞ്ഞാണ് നിക്ഷേപം. 2023 ഓഗസ്റ്റ് 31ലെ കണക്കനുസരിച്ച്, പോര്‍ട്ട്ഫോളിയോയില്‍ 24 കമ്പനികളാണുള്ളത്. അതിലെ മികച്ച പത്ത് കമ്പനികളുടെ വിഹിതം 56 ശതമാനമാണ്. വിപണിമൂല്യത്തിന്റെകാര്യത്തിലാണെങ്കില് പോര്ട്ട്ഫോളിയിയില് 53.2 ശതമാനം ലാര്‍ജ് ക്യാപിലാണ്. സ്മോള്‍ ക്യാപിലെ വിഹിതം 25.6ശതമാനവും, മിഡ്ക്യാപിലേത് 21.2 ശതമാനവുമാണ്.
അഞ്ച് വര്‍ഷമായി കോണ്ട്ര സ്ട്രാറ്റജിയിലൂടെ പ്രധാനമായും ഉത്പാദനവും അനുബന്ധവുമായ മേഖലകളില്‍ ശ്രദ്ധകേന്ദ്രീകരിച്ചു. ചരക്ക്നീക്കം, കോര്‍പറേറ്റ് ബാങ്കുകള്‍, യൂട്ടിലിറ്റികള്‍ തുടങ്ങിയ മേഖലകള്‍ക്കൊപ്പം ലോഹങ്ങള്‍, വ്യാവസായിക ഉത്പന്നങ്ങള്‍, ഓട്ടോ അനുബന്ധ മേഖലകള്‍ എന്നിവയും ആകര്‍ഷകമായ നിക്ഷേപ അവസരങ്ങളായിരുന്നു.
പരിചയസമ്പന്നരായ ഗവേഷണ ടീം അംഗങ്ങളാണ് ഐസിഐസിഐ പ്രൂഡന്‍ഷ്യല്‍ എഎംസിയുടെ പിഎംഎസ് യൂണിറ്റിനെ പിന്തുണക്കുന്നത്. വിപുലമായ അനുഭവവും വ്യവസായ അംഗീകാരവുമുള്ള പോര്‍ട്ട്ഫോളിയോ മാനേജര്‍മാര്‍ നയിക്കുന്ന ബഹുമുഖ ടീം നിക്ഷേപ പ്രക്രിയയുടെ നട്ടെല്ലായി മാറുന്നു. റിസ്ക്-റിവാഡ് സാധ്യതകള്‍ കണക്കിലെടുത്താണ് പോര്‍ട്ട്ഫോളിയോ സൃഷ്ടിച്ചിരിക്കുന്നതെന്ന് നിക്ഷേപ സംഘം ഉറപ്പാക്കുന്നു.
Content Highlights: ICICI Prudential PMS Contra Strategy Completes Five Years