ഭവന വായ്പ: RLLR vs MCLR - ഏതാണ് നല്ലത്, കുറഞ്ഞ പലിശ ഏത് ബാങ്കില്‍?

ഭവനം സ്വന്തമാക്കുകയെന്നത് ഒരു ശരാശരി മലയാളിയുടെ സ്വപ്‌നം തന്നെയാണിപ്പോഴും. ജീവിതത്തിലെ പ്രധാന സാമ്പത്തിക ലക്ഷ്യങ്ങളിലൊന്നാണ് വീട്. വരുമാനം ലഭിച്ചു തുടങ്ങിയാല്‍ വീട് വെയ്ക്കുന്നതിനാണ് പണ്ടൊക്കെ പ്രാധാന്യം നല്‍കിയിരുന്നത്. അതിനു ശേഷമായിരുന്നു കാറ് വാങ്ങുന്നതിനെക്കുറിച്ച് ആലോചിക്കുന്നതുതന്നെ. എന്നാല്‍ ഇന്ന് ആദ്യം കാറ്, പിന്നെ വീട് എന്നായിരിക്കുന്നു.
വലിയ തുകയുടെ സാമ്പത്തിക ലക്ഷ്യങ്ങള്‍ക്ക് മാത്രമല്ല, സ്മാര്‍ട് ഫോണ്‍ വാങ്ങുന്നതിന് പോലും വായ്പയെടുക്കുന്നവര്‍ കൂടുന്ന കാലമാണിത്. കിട്ടുന്ന വരുമാനത്തില്‍നിന്ന് മാസംതോറും അടച്ചുകൊടുത്താല്‍ മതിയല്ലോ. എന്നാല്‍ ഇതിനിടയിലും വീട്, റിട്ടയര്‍മെന്റ്, കുട്ടികളുടെ വിദ്യാഭ്യാസം തുടങ്ങിയവക്കായി നിശ്ചിത തുക മാസംതോറും നീക്കിവെയ്ക്കാന്‍ മറക്കരുത്.
എത്രയൊക്കെ സമ്പാദിച്ചാലും വീടെന്ന സ്വപ്‌നം സാക്ഷാത്കരിക്കാന്‍ തികയാത്ത സ്ഥിതിയാണിപ്പോള്‍. കുറച്ചെങ്കിലും സമ്പാദിച്ച് ബാക്കി തുക വായ്പയായി സംഘടിപ്പിക്കാം. അതിനായി നേരത്തെ തന്നെ തയ്യാറെടുപ്പ് നടത്താം. ഉയര്‍ന്ന ക്രെഡിറ്റ് സ്‌കോര്‍ നിലനിര്‍ത്താന്‍ ശ്രമിക്കാം.
വിവിധ ബാങ്കുകള്‍ നല്‍കുന്ന പലിശ താരതമ്യം ചെയ്യാം:
റിപ്പോ അടിസ്ഥാനമാക്കിയുള്ള ബാങ്കുകളിലെ പലിശ (RLLR) നിരക്കാണ് പട്ടികയില്‍ ചേര്‍ത്തിട്ടുള്ളത്. റിസര്‍വ് ബാങ്കിന്റെ റിപ്പോ നിരക്കിന് അനുസരിച്ചായിരിക്കും പലിശ കൂടുകയും കുറയുകയും ചെയ്യുക. 6.50 ശതമാനമാണ് നിലവില്‍ റിപ്പോ നിരക്ക്.
എന്തുകൊണ്ട് ആര്‍എല്‍എല്‍ആര്‍ നിരക്ക്?
2019 മുതലാണ് റിപ്പോ നിരക്ക് അടിസ്ഥാനമാക്കിയുള്ള പലിശ ബാങ്കുകള്‍ വാഗ്ദാനം ചെയ്യാന്‍ തുടങ്ങിയത്. ആര്‍എല്‍ആര്‍ആര്‍ നിരക്ക് പ്രകാരമാണ് പലിശ നിശ്ചയിക്കുന്നതെങ്കില്‍, റിസര്‍വ് ബാങ്ക് റിപ്പോ നിരക്കില്‍ മാറ്റംവരുത്തിയാല്‍ മാത്രമെ പലിശയില്‍ വ്യത്യാസം വരുത്താന്‍ കഴിയൂ. അതായത് എംസിഎല്‍ആര്‍ ഉള്‍പ്പടെ ബാഹ്യ സൂചികകള്‍ അടിസ്ഥാനമാക്കിയുള്ള വായ്പാ നിരക്കുകളേക്കാള്‍ സൂതാര്യമാണിതെന്ന് ചുരുക്കം.
മാര്‍ജിനല്‍ കോസ്റ്റ് ഓഫ് ലെന്‍ഡിങ്(എംസിഎല്‍ആര്‍) പ്രകാരമുള്ള വായ്പകളെ അപേക്ഷിച്ച് റിപ്പോ നിരക്ക് അടിസ്ഥാനമാക്കിയുള്ള വായ്പകള്‍ക്ക് താരതമ്യേന കുറഞ്ഞ പലിശയാകും ഉണ്ടാകുക. എംസിഎല്‍ആര്‍ നിരക്കില്‍ റിപ്പോയിലെ മാറ്റം മാത്രമല്ല സ്വാധീനിക്കുക. ബാങ്കുകളിലെ ഫണ്ടുകളുടെ മാര്‍ജിനല്‍ കോസ്റ്റ്, പ്രവര്‍ത്തന ചെലവ്, കാലയളവിലെ പ്രീമിയം എന്നിവ പരിഗണിച്ചുകൊണ്ട് എപ്പോള്‍ പലിശ നിരക്ക് പരിഷ്‌കരിക്കണമെന്ന് തീരുമാനിക്കുന്നത് വായ്പ നല്‍കുന്നവരാണ്. അതേസമയം, റിപ്പോ അടിസ്ഥാന മാക്കിയുള്ള നിരക്കില്‍ മാറ്റംവരുന്നത് നിരക്കില്‍ ആര്‍ബിഐ വ്യത്യാസം വരുത്തുമ്പോള്‍ മാത്രമാണ്.
കൂടുതല്‍ സുതാര്യമായായതിനാല്‍ കൂടുതല്‍ പേരും ഇപ്പോള്‍ ആര്‍എല്‍എല്‍ആര്‍ പ്രകാരമുള്ള വായ്പയാണെടുക്കുന്നത്. 2022 ജൂണിലെ 46.5 ശതമാനത്തില്‍നിന്ന് ഈ വര്‍ഷം മാര്‍ച്ചിലെത്തിയപ്പോള്‍ എംസിഎല്‍ആര്‍ അടിസ്ഥാനമാക്കിയുള്ള വായ്പകളുടെ വിഹിതം 38.5 ശതമാനമായി. ഭാവിയില്‍ റിപ്പോ നിരക്കില്‍ കുറവുണ്ടാകുമ്പോള്‍ മാര്‍ജിനല്‍ കോസ്റ്റ് അടിസ്ഥാനമാക്കിയുള്ള വായ്പാ വിഹിതത്തില്‍ കാര്യമായ കുറവുണ്ടാകും.
antonycdavis@gmail.com
Content Highlights: Home Loan Interest Rates: RLLR vs MCLR - Which is Better?