നിക്ഷേപിക്കാം ഈ ഫണ്ടുകളില്; സമാഹരിക്കാം 15 കോടി | Recommended Portfolio

അഞ്ച് വര്ഷമായി വിദേശത്താണ് ജോലി ചെയ്യുന്നത്. മാസം നാല് ലക്ഷം രൂപയിലേറെ ശമ്പളമായി ലഭിക്കുന്നു. ജീവിത ചെലവ് കഴിഞ്ഞ് രണ്ട് ലക്ഷം രൂപയില് കൂടുതല് നിക്ഷേപിക്കാന് കഴിയും. 15 വര്ഷത്തിനു ശേഷം നാട്ടില് സ്ഥിര താമസമാക്കാന് ലക്ഷ്യമിടുന്നു. അതിനായി 15 കോടി രൂപ സമാഹരിക്കാനാണ് ഉദ്ദേശിക്കുന്നത്. ലക്ഷ്യം പൂര്ത്തിയാക്കുന്നതിന് പരമാവധി റിട്ടേണ് ലഭിക്കുന്ന നിക്ഷേപ പദ്ധതി വിശദീകരിക്കാമോ? നിലവില് 25 ലക്ഷം രൂപയുടെ നിക്ഷേപമുണ്ട്.
ജോയ്സ്(ഇ-മെയില്)
ചിട്ടയായ നിക്ഷേപത്തിലൂടെ ഉദ്ദേശിച്ച തുക സമാഹരിക്കന് പദ്ധതി ആസൂത്രണം ചെയ്യുകയാണ് ആദ്യംവേണ്ടത്. അതിനായി മ്യൂച്വല് ഫണ്ടില് എസ്ഐപി ആരംഭിക്കാം. എല്ലാ മാസവും നിശ്ചിത തുക നിക്ഷേപിക്കുന്നതിലൂടെ വിപണിയിലെ ചാഞ്ചാട്ടത്തില്നിന്ന് മികച്ച ആദായം നേടാന് കഴിയും.
മാസംതോറും 2,00,000 രൂപയുടെ എസ്ഐപി തുടങ്ങാം. നിക്ഷേപ തുകയില് വര്ഷംതോറും 10 ശതമാനം വര്ധനവരുത്തുക. അങ്ങനെയെങ്കില് 15 വര്ഷം കഴിയുമ്പോള് 16.51കോടി രൂപ സമാഹരിക്കാനാകും. 12 ശതമാനം റിട്ടേണ് പ്രകാരമാണ് ഈ കണക്കുകൂട്ടല്. 15 ശതമാനം നേട്ടം ലഭിച്ചാല് 21.86 കോടി രൂപയായി ഉയരുകയും ചെയ്യും.
നിക്ഷേപ കാലയളവ്: 15 വര്ഷം
പ്രതിമാസ നിക്ഷേപ തുക: 2 ലക്ഷം.
നിലവിലെ നിക്ഷേപം: 25 ലക്ഷം രൂപ.
ലക്ഷ്യ തുക: 15 കോടി.
ലാര്ജ് ക്യാപ്, ഫ്ളക്സി ക്യാപ് (അല്ലെങ്കില് മള്ട്ടി ക്യാപ്), ലാര്ജ് ആന്ഡ് മിഡ് ക്യാപ്, മിഡ് ക്യാപ്, അഗ്രസീവ് ഹൈബ്രിഡ് എന്നീ വിഭാഗങ്ങളിലെ മ്യൂച്വല് ഫണ്ടുകളില് നിക്ഷേപം ക്രമീകരിക്കാം. ചെറിയ ശതമാനം തുക സ്മോള് ക്യാപിലുമാകാം. മൊത്തം നിക്ഷേപത്തിന്റെ പത്ത് ശതമാനം സ്വര്ണത്തിലും നിക്ഷേപിക്കാം.
ശ്രദ്ധിക്കാന്: വ്യത്യസ്ഥ കാലയളവുകളിലെ പ്രകടനം വിലയിരുത്തിയാണ് ഫണ്ടുകള് തിരഞ്ഞെടുത്തിട്ടുള്ളത്. നിക്ഷേപ സ്വഭാവവും വിപണിയിലെ ഇടപെടലിന്റെ പ്രത്യേകതയുമായിരിക്കും ഈ ഫണ്ടുകളുടെ ഭാവിയിലെ നേട്ടത്തിന്റെ അടിസ്ഥാനം. അതുകൊണ്ടുതന്നെ നിലവിലെ നേട്ടം ഭാവിയില് ആവര്ത്തിക്കണമെന്നില്ല. പൊതുവായ വിലയിരുത്തല് പ്രകാരമാണ് ഈ പോര്ട്ഫോളിയോ തയ്യാറാക്കിയിട്ടുള്ളത്. വ്യക്തികളുടെ റിസ്ക് പ്രൊഫൈലിന് അനുസരിച്ച് മാറ്റംവരുത്തേണ്ടതുണ്ട്. അതുകൊണ്ടുതന്നെ വിദഗ്ധ ഉപദേശത്തോടെ മാത്രം നിക്ഷേപം നടത്താന് ശ്രദ്ധിക്കുക. വര്ഷത്തിലൊരിക്കലെങ്കിലും ഫണ്ടുകളുടെ പ്രകടനം വിലയിരുത്തി ഉചിതമായ തീരുമാനമെടുക്കുക.
സാമ്പത്തിക-നിക്ഷേപ ലോകത്തെ വാര്ത്തകളും വിശകലനങ്ങളും വാട്സാപ്പ് വഴി അറിയാം. ഗ്രൂപ്പില് അംഗമാകാന് ക്ലിക്ക് ചെയ്യൂ.
Content Highlights: Achieve your 15 crore investment goal in 15 years with a strategic SIP plan.