യു.പി.ഐ. ഫീസ് നീട്ടി: ദീപാവലിക്കു ശേഷം നടപ്പാക്കും; തീയതി പിന്നീട് അറിയിക്കും

രണ്ടായിരം രൂപയ്ക്കു മുകളിലുള്ള വ്യാപാര ഇടപാടുകൾക്ക് ഫീസ് ഈടാക്കാനുള്ള തീരുമാനം നീട്ടിവെച്ചു. ഉത്സവ സീസണോടനുബന്ധിച്ച് വ്യാപാരികൾക്കുണ്ടായേക്കാവുന്ന ആശയക്കുഴപ്പം ഒഴിവാക്കാനാണിതെന്ന് നാഷണൽ പേയ്‌മെന്റ് കോർപ്പറേഷൻ (എൻ.പി.സി.ഐ.) അറിയിച്ചു.
വ്യവസായ സ്ഥാപനങ്ങൾ, ഫിൻടെക് കമ്പനികൾ, പേയ്മെന്റ് സർവീസ് പ്രൊവൈഡർമാർ, വ്യാപാരി സംഘടനകൾ എന്നിവർ ഇതുസംബന്ധിച്ച് നിവേദനം നൽകിയിരുന്നു. ഒക്ടോബർ 15 മുതൽ നിരക്ക് പ്രാബല്യത്തിലാകുമെന്നായിരുന്നു നേരത്തെ അറിയിച്ചിരുന്നത്. നടപ്പിലാക്കുന്ന കൃത്യമായ തീയതി എൻ.പി.സി.ഐ. പിന്നീട് അറിയിക്കും.
2,000 രൂപയ്ക്ക് മുകളിലുള്ള യോഗ്യമായ ഇടപാടുകൾക്ക് 0.4 ശതമാനം നിരക്കിൽ ഫീസ് ഈടാക്കാനാണ് നിർദേശിച്ചിട്ടുള്ളത്. പരമാവധി 300 രൂപ വരെയാകും ഈടാക്കുക. അതേസമയം സ്കൂൾ-കോളേജ് ഫീസുകൾ, റെയിൽവേ ടിക്കറ്റ് ബുക്കിങ്, പെട്രോൾ പമ്പുകൾ, വൈദ്യുതി-വെള്ളം ബില്ലുകൾ, ഓഹരി വിപണി, മ്യൂച്വൽ ഫണ്ടുകൾ എന്നിങ്ങനെയുള്ളവയ്ക്ക് ഒരിടപാടിന് അഞ്ചു രൂപയാണ് ഈടാക്കുക.
യു.പി.ഐ.യിൽ വ്യാപാരികളുടെ കാറ്റഗറി കോഡും ഫീസിനെ സ്വാധീനിക്കുന്നുണ്ട്. ഈ മാറ്റങ്ങൾ വ്യാപാരികളെ ആശയക്കുഴപ്പത്തിലാക്കിയിരുന്നു.
Content Highlights: NPCI postponed the decision to levy fees on UPI transactions above Rs 2,000., Postponement is to avoid confusion among traders during the festival season., Exact implementation date will be announced after Diwali., Proposed fee is 0.4 percent for eligible transactions over Rs 2,000 with a max cap of Rs 300., Exemptions and flat fees apply to specific sectors like education, utilities, and transport.