രാജ്യത്തുടനീളം 50 ആശുപത്രികൾ സ്ഥാപിക്കാൻ ടാറ്റാ ട്രസ്റ്റ്; പ്രവർത്തനം ലാഭേച്ഛയില്ലാതെ

രാജ്യത്തുടനീളം ലാഭേച്ഛയില്ലാതെ പ്രവർത്തിക്കുന്ന ആശുപത്രികൾ തുടങ്ങാൻ ടാറ്റാ ട്രസ്റ്റ്. സാമ്പത്തിക ശേഷിയുള്ള രോഗികളിൽനിന്ന് ഈടാക്കുന്ന തുക ഉപയോഗിച്ച് പാവപ്പെട്ടവർക്ക് മികച്ച ചികിത്സ സൗജന്യമായോ കുറഞ്ഞ ചെലവിലോ ലഭ്യമാക്കുകയാണ് ലക്ഷ്യം. ഇതിനായി 50 ആശുപത്രികളാകും ട്രസ്റ്റ് ആരംഭിക്കുക.
കഴിഞ്ഞ സാമ്പത്തിക വർഷം 1,556.31 കോടി രൂപയാണ് ട്രസ്റ്റ് സാമ്പത്തിക സഹായം നൽകിയത്. ഗ്രാമീണ ഉന്നമനത്തിനാണ് കൂടുതൽ തുക ചെലവഴിച്ചത്; 457.62 കോടി രൂപ. വിദ്യാഭ്യാസം, കാൻസർ പരിചരണം, ആരോഗ്യ സംരക്ഷണം എന്നിങ്ങനെ വിവിധ മേഖലകളിലും കൂടുതൽ ധനസഹായം നൽകി.
ചാരിറ്റി പ്രവർത്തനങ്ങൾക്ക് തുക ചെലവഴിക്കുന്നതിലപ്പുറം സാമ്പത്തിക അച്ചടക്കവും കൂടുതൽ പേർക്ക് പ്രയോജനകരവുമായ പദ്ധതികൾ വേണമെന്ന് വാർഷിക റിപ്പോർട്ടിൽ നോയൽ ടാറ്റ പറയുന്നു.
നിലവിൽ ടാറ്റാ സൺസിന്റെ 66 ശതമാനം ഓഹരി പങ്കാളിത്തം ടാറ്റാ ട്രസ്റ്റുകൾക്കാണ്. ടി.സി.എസിൽനിന്നുള്ള ലാഭവീതമാണ് ടാറ്റാ സൺസിന്റെ പ്രധാന വരുമാനം.
- കഴിഞ്ഞ സാമ്പത്തിക വർഷം ടാറ്റാ സൺസ് ഓഹരിയൊന്നിന് 1.10 ലക്ഷം രൂപ ലാഭവീതം ശുപാർശ ചെയ്തിരുന്നു.
- ഇതനുസരിച്ച് ടാറ്റാ ട്രസ്റ്റുകൾക്ക് ലഭിക്കേണ്ട വരുമാനം ഏകദേശം 2,900 കോടിയാണ്.
- ഓഗസ്റ്റ് 18-ന് നടക്കേണ്ടിയിരുന്ന ടാറ്റാ സൺസിന്റെ വാർഷിക പൊതുയോഗം കോറം ഇല്ലാത്തതിനാൽ മാറ്റിവെച്ചു.
- സർ രത്തൻ ടാറ്റാ ട്രസ്റ്റിന്മേലുള്ള വിലക്ക് ഉത്തരവു കാരണം സംയുക്ത പ്രതിനിധിയെ നിർദേശിക്കാൻ ടാറ്റാ ട്രസ്റ്റുകൾക്ക് സാധിച്ചില്ല.
- ടാറ്റാ സൺസിന്റെ വാർഷിക പൊതുയോഗം ചേർന്ന് അംഗീകാരം നൽകിയാൽ മാത്രമേ ലാഭവീതം ട്രസ്റ്റുകൾക്ക് ലഭ്യമാകൂ.
Content Highlights: Tata Trusts to set up 50 non-profit hospitals nationwide., Goal is to provide free or low-cost treatment to the poor using funds from affluent patients., Financial aid reached 1,556.31 crore rupees last fiscal year, with a major focus on rural development., Tata Trusts holds a 66 percent stake in Tata Sons, primarily funded by TCS dividends.