ടാറ്റാ സൺസിനെ ഐ.പി.ഒ.യിൽനിന്ന് രക്ഷിക്കാൻ ഐഫോൺ ഉത്പാദനക്കമ്പനി

മുംബൈ: ടാറ്റാ സൺസിനെ ഐ.പി.ഒ. നിബന്ധനയിൽനിന്ന് മുക്തമാക്കാൻ ടാറ്റാ ട്രസ്റ്റ്‌സ് ഒരു വഴി കണ്ടെത്തിയിരിക്കുന്നു. ഉയർന്നവരുമാനവും താരതമ്യേന റിസ്‌ക് കുറവുള്ളതുമായ സ്വതന്ത്ര കമ്പനികളെ ടാറ്റാ സൺസിൽ ലയിപ്പിക്കാനാണ് പദ്ധതി.
ഇന്ത്യയിൽ ഐഫോൺ അസംബ്ലിങ് നടത്തുന്ന ടാറ്റാ ഇലക്ട്രോണിക്‌സ് ഉപകമ്പനിയായ ടാറ്റാ ഇലക്ട്രോണിക്‌സ് സിസ്റ്റംസ് സൊലൂഷൻസ് (ടെസ്സ്) ആണ് ഇതിലൊന്ന്.
അയോധ്യയിലെ രാമക്ഷേത്രം, ഇന്ത്യയിലെ ആദ്യ ബുള്ളറ്റ് ട്രെയിൻ പദ്ധതിയായ മുംബൈ-അഹമ്മദാബാദ് പദ്ധതി തുടങ്ങിയവയുടെ എൻജിനിയറിങ് കൺസൾട്ടൻസി സേവനം ലഭ്യമാക്കിയ ടാറ്റാ കൺസൾട്ടിങ് എൻജിനിയേഴ്‌സ് രണ്ടാമത്തേതും.
ടെസ്സിന്റെ ഉയർന്ന വിറ്റുവരവ് ടാറ്റാ സൺസിനെ ആർ.ബി.ഐ. എൻ.ബി.എഫ്.സി. നിർവചനത്തിൽനിന്ന് ഒഴിവാക്കാൻ ഉതകുന്ന വ്യാവസായിക വരുമാനമുള്ള കമ്പനിയാക്കി മാറ്റുമെന്നതാണ് പദ്ധതിയുടെ കാതൽ.
വിറ്റുവരവും പ്രവർത്തനസജ്ജമായ ആസ്തികളും പരിഗണിച്ചാണ് ഈ കമ്പനികളെ തിരഞ്ഞെടുത്തിരിക്കുന്നതെന്ന് ടാറ്റാ ട്രസ്റ്റ്‌സിന്റെ ഉപദേശകരായ ഫറോഖ് എൻ. സുബേദാർ വ്യക്തമാക്കുന്നു.
ടാറ്റാ ഗ്രൂപ്പിനുകീഴിലെ സ്വതന്ത്ര ഉപകമ്പനികളാണ് ഇതുരണ്ടും. അതുകൊണ്ടുതന്നെ ലയനത്തിന് പുറത്തുനിന്നുള്ള ഓഹരിയുടമകളുടെ അനുമതി ആവശ്യമായിവരില്ല. ടാറ്റാ ഇലക്ട്രോണിക്‌സിന് ഐഫോൺ അസംബ്ലിങ്, അർധചാലക ഉത്പാദനം എന്നിങ്ങനെ രണ്ടു വിഭാഗങ്ങളുണ്ട്. ഇതിൽ സെമികണ്ടക്ടർ വിഭാഗത്തെ ഒഴിവാക്കി ഉപകമ്പനിയായ ടെസ്സിനെയാണ് ലയനത്തിനായി തിരഞ്ഞെടുത്തിരിക്കുന്നത്.
ടാറ്റാ ഇലക്ട്രോണിക്‌സിന്റെ മൊത്തം വരുമാനത്തിൽ 97.7 ശതമാനവും ടെസ്സിന്റേതാണെന്നതും കമ്പനിയുടെ പ്രാധാന്യം കൂട്ടുന്നു.
ഇന്ത്യയിൽ ഐഫോൺ അസംബ്ലിങ്ങിനു തുടക്കമിട്ട വിസ്‌ട്രോൺ 2023-ൽ തൊഴിലാളിസമരത്തെത്തുടർന്ന് പ്രതിസന്ധിയിലായപ്പോഴാണ് ടാറ്റാ ഇലക്ട്രോണിക്‌സ് സിസ്റ്റംസ് സൊലൂഷൻസ് ഏറ്റെടുത്തത്. ഇതുവഴി ഐഫോൺ അസംബ്ലിങ് രംഗത്തേക്ക് ടാറ്റാ ഗ്രൂപ്പ് ചുവടുവെച്ചു.
ഐഫോൺ അസംബ്ലിങ് രംഗത്തെ മറ്റൊരു കമ്പനിയായ പെഗാട്രോണിന്റെ ഇന്ത്യയിലെ പ്രവർത്തനങ്ങളുടെ 60 ശതമാനം ഓഹരികൾ വാങ്ങിയ ടാറ്റാ ഇലക്ട്രോണിക്‌സ് പ്രൊഡക്ട്‌സ് ആൻഡ് സൊലൂഷൻസ് ടെസ്സിന്റെ ഭാഗമാണ്.
ടാറ്റാ ഇലക്ട്രോണിക്‌സിനു മാത്രമായി 4,015 കോടി രൂപയാണ് വരുമാനമെങ്കിൽ ഉപകമ്പനിയായ ടെസ്സിന് 1.26 ലക്ഷം കോടി രൂപയുടെ വിറ്റുവരവുണ്ട്.
1962-ൽ തുടങ്ങിയ പ്രോജക്ട് കൺസൾട്ടിങ് കമ്പനിയാണ് ടാറ്റ ാകൺസൾട്ടിങ് എൻജിനിയേഴ്‌സ്. ഊർജ നിലയങ്ങളുടെ എൻജിനിയറിങ് രംഗത്താണ് കമ്പനി ചുവടുവെച്ചത്.
ട്രോംബെയിലെ 150 മെഗാവാട്ട് പദ്ധതിയിലായിരുന്നു തുടക്കം. ആണവോർജമുൾപ്പെടെ കൂടുതൽ മേഖലകളിലേക്കു വളർന്ന കമ്പനി 1974 -ൽ ടാറ്റാ സൺസിനു കീഴിലായി. 1999 മുതൽ സ്വന്തംനിലയിൽ പ്രവർത്തനം തുടങ്ങി. ടാറ്റാ ഇലക്ട്രോണിക്‌സിന്റെ ധൊലേറ സെമികണ്ടക്ടർ പ്ലാന്റിന്റെ എൻജിനിയറിങ് കൺസൾട്ടൻസിയും കമ്പനിയാണ് നിർവഹിച്ചത്. 2,885 കോടി രൂപയാണ് 2025-26 സാമ്പത്തിക വർഷം കമ്പനിയുടെ വരുമാനം.
Content Highlights: Tata Trusts is merging high-revenue independent subsidiaries into Tata Sons to exempt it from mandatory IPO regulations., Tata Electronics Systems Solutions (TESS), a major iPhone assembly contributor, is part of the merger strategy., Tata Consulting Engineers, known for major infrastructure projects, is the second selected subsidiary., The strategy helps Tata Sons bypass RBI NBFC definitions by boosting industrial revenue.