റിലയന്‍സ്- ഡിസ്‌നി ലയനക്കരാറില്‍ ഒപ്പുവെച്ചു; 70,353 കോടി സംരംഭത്തിന്റെ തലപ്പത്തേക്ക് നിത അംബാനി

മുംബൈ: റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡിന്റെ മാധ്യമവിഭാഗമായ വയകോം18-ഉം വാള്‍ട്ഡിസ്‌നിയുടെ ഇന്ത്യയിലെ മീഡിയ ബിസിനസ് വിഭാഗമായ സ്റ്റാര്‍ ഇന്ത്യയുമായുള്ള ലയനം ഔദ്യോഗികമായി പ്രഖ്യാപിച്ചു. ഇതിന്റെ ഭാഗമായി സംയുക്തസംരംഭം രൂപവത്കരിക്കാന്‍ റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡും ദി വാള്‍ട്ഡിസ്‌നി കമ്പനിയും ലയനക്കരാറില്‍ ഒപ്പുവെച്ചു. വയകോം18 സ്റ്റാര്‍ ഇന്ത്യയില്‍ ലയിക്കുന്ന കരാറിലാണ് ഇരുവിഭാഗവും ഒപ്പുവെച്ചത്.
റിലയന്‍സ് 11,500 കോടി രൂപ പുതിയ സംയുക്തസംരഭത്തില്‍ നിക്ഷേപിക്കും. ഡിസ്‌നി കണ്ടന്റുകളുടെ ലൈസന്‍സ് സംയുക്തസംരംഭത്തിന് കൈമാറും. റിലയന്‍സിന് 63.16 ശതമാനവും ഡിസ്‌നിക്ക് 36.84 ശതമാനവും ഓഹരികളാണുണ്ടാവുക. ലയനത്തോടെ സംയുക്തസംരംഭത്തിന് ഏകദേശം 70,353 കോടി രൂപയുടെ മൂല്യമുണ്ടാവും.
നിത അംബാനിയാവും സംയുക്തസംരംഭത്തിന്റെ ചെയര്‍പേഴ്‌സണ്‍. നേരത്തെ വാള്‍ട്ഡിസ്‌നിയില്‍ പ്രവര്‍ത്തിച്ചിരുന്ന ഉദയ് ശങ്കറാണ് വൈസ് ചെയര്‍മാന്‍. നിലവില്‍ അദ്ദേഹം വയകോം18 ബോര്‍ഡ് അംഗമാണ്.
ലയനത്തോടെ വിനോദ ചാനലുകളായ കളേഴ്‌സ്, സ്റ്റാര്‍പ്ലസ്, സ്റ്റാര്‍ഗോള്‍ഡ് എന്നിവയും സ്‌പോര്‍ട്‌സ് ചാനലുകളായ സ്റ്റാര്‍സ്‌പോര്‍ട്‌സ്, സ്‌പോര്‍ട്18 എന്നിവയും ജിയോസിനിമയും ഹോട്‌സ്റ്റാറും പുതിയ സംയുക്തസംരംഭത്തിന് കീഴിലാവും. ലയനനടപടികള്‍ 2024 അവസാനപാദത്തോടെയോ അടുത്ത വര്‍ഷം ആദ്യപാദത്തോടെയോ പൂര്‍ത്തിയാവുമെന്ന് സംയുക്തപ്രസ്താവനയില്‍ അറിയിച്ചു.
Content Highlights: Disney, Reliance to merge India media operations to create ₹70,000-crore behemoth