ദരിദ്രനായ യുവാവ് നിര്‍മിച്ച ലോകത്തിലെ ഏറ്റവും വിലയുള്ള ആഡംബര കാര്‍; റോള്‍സ് റോയ്സിന്റെ കഥ

കാറുകള്‍ക്കൊരു രാജാവുണ്ടെങ്കില്‍ അത് റോള്‍സ് റോയ്സ് ആണെന്നു പറയും ആരാധകര്‍. റോള്‍സും റോയ്സും കൂടി ചേര്‍ന്ന് നിര്‍മിച്ച കാര്‍ കമ്പനി വാഹനലോകത്തെ ആഡംബരത്തിന്റെ അവസാന വാക്കുകളില്‍ ഒന്നായി മാറിയതെങ്ങനെയെന്നറിയാമോ? ഭാവിയിലെ മോട്ടോറിങ് അനുഭവം ഏറ്റവും മികച്ചതാക്കി മാറ്റുകയെന്ന ലക്ഷ്യത്തോടെയാണ് ചാള്‍സ് റോള്‍സും ഹെന്റി റോയ്സും ചേര്‍ന്ന് 1904ല്‍ റോള്‍സ് റോയ്സ് കാര്‍ നിര്‍മിച്ചത്. വ്യത്യസ്തമായ രണ്ട് പശ്ചാത്തലങ്ങളിൽ നിന്ന് വന്നിട്ടുപോലും കാറുകളോടും വാഹനലോകത്തോടുമുള്ള ആവേശം ഇരുവരേയും ഒന്നിപ്പിക്കുകയായിരുന്നു. അങ്ങനെ ലോകത്തെ ഏറ്റവും മികച്ച കാറുകളിലൊന്ന് റോഡിലേക്കിറങ്ങി.
1877ല്‍ ലണ്ടനിലെ സമ്പന്നരുടെ പ്രദേശമായ ബെര്ക്ലെ സ്ക്വയറില്‍ ജോണ്‍ റോള്സിന്റേയും ജോര്‍ജിയാന മാര്‍ഷ്യ റോള്സിന്റേയും മൂന്നാമത്തെ മകനായാണ് ചാള്‍സ് സ്റ്റുവാര്‍ട്ട് റോള്‍സ് ജനിച്ചത്. സ്കൂള്‍ പഠനത്തിന് ശേഷം കേംബ്രിഡ്ജിലെ ട്രിനിറ്റി കോളേജില്‍ റോള്‍സ് മെക്കാനിക്കല്‍ എഞ്ചിനീയറിങ്ങിന് ചേര്‍ന്നു. കാറുകളുടേയും മറ്റ് വാഹാനങ്ങളുടേയും സാങ്കേതികവശങ്ങളെ കുറിച്ച് പഠിക്കാനും പരീക്ഷിച്ചു നോക്കാനും അതീവതല്പരനായിരുന്ന റോള്‍സ് വളരെ പെട്ടന്നുതന്നെ കോളേജിലും താരമായി. അന്ന് കൂട്ടുകാര്‍ റോള്‍സിന് തമാശയായി നല്കിയ പേര് ഡേര്‍ട്ടി റോള്‍സ്, പെട്രോള്‍സ് എന്നൊക്കെയായിരുന്നു. പഠിക്കാന്‍ തിരഞ്ഞെടുത്ത എഞ്ചിനീയറിങ് എന്ന പോലെ ഡ്രൈവിങ്ങിലും പ്രാവീണ്യം നേടിക്കൊണ്ടാണ് റോള്‍സ് പഠനം പൂര്‍ത്തിയാക്കി ട്രിനിറ്റിയില്‍ നിന്ന് പുറത്തിറങ്ങിയത്. 1903ല്‍ ഡബ്ലിനില്‍ നടന്ന ഒരു റേസില്‍ ലോകത്തിലെ തന്നെ റെക്കോഡ് വേഗം കുറിച്ചത് റോള്സായിരുന്നു. പഠനം പൂര്‍ത്തിയാക്കി ബിസിനസ്സിലേക്കിറങ്ങാന് റോള്‍സിന് തടസ്സങ്ങളൊന്നമുണ്ടായിരുന്നില്ല. വാഹന-കായിക ഇനങ്ങളില്‍ അതീവതാല്പര്യമുള്ളതിനാല് തന്നെ ഈ മേഖലയില്‍ ഒരു ഡീലര്‍ഷിപ്പ് എടുത്തുകൊണ്ടായിരുന്നു റോള്‍സ് വാഹനവ്യവസായ ലോകത്തിലേക്ക് പ്രവേശിച്ചത്. സുഹൃത്തായ ക്ലോഡ് ജോണ്‍സണൊപ്പം സി.എസ് റോള്‍സ് ആന്റ് കോ. എന്ന പേരില്‍ കമ്പനി ആരംഭിക്കുകയും കാറുകള്‍ ഇറക്കുമതി ചെയ്ത് വില്പന നടത്താന്‍ ആരംഭിക്കുകയും ചെയ്തു. ഫ്രാന്‍സില്‍ നിന്ന് പ്യൂഷോ കാറുകളും ബെല്‍ജിയത്തില്‍ നിന്ന് മിനര്‍വ മോട്ടോര്‍ കാറുകളുമാണ് റോള്‍സ് പ്രധാനമായും ഇറക്കുമതി ചെയ്തിരുന്നത്. റോള്‍സിന്റെ ഡീലര്‍ഷിപ്പില്‍ ആവശ്യക്കാര്‍ എത്തിയതോടെ കാര്‍ വ്യവസായം പതിയെ പച്ചപിടിച്ചു.
Content Highlights: A brief history of Rolls-Royce Motor Cars, British luxury car maker, Spirit of Ecstasy