വാഹനങ്ങൾക്ക് തീപിടിക്കുന്ന കാലം; വേണം അതിജാഗ്രത

ആറുവരി ദേശീയപാതയിൽ കൊളപ്പുറത്തിന് സമീപം കഴിഞ്ഞദിവസം ഓടിക്കൊണ്ടിരിക്കെ കത്തിയമർന്ന കാർ.
ആറുവരി ദേശീയപാതയിൽ കൊളപ്പുറത്തിന് സമീപം കഴിഞ്ഞദിവസം ഓടിക്കൊണ്ടിരിക്കെ കത്തിയമർന്ന കാർ.

തിരൂരങ്ങാടി: ഓടിക്കൊണ്ടിരിക്കുന്ന വാഹനങ്ങളും നിർത്തിയിട്ട വാഹനങ്ങളും കത്തിയമരുന്നത് നിത്യസംഭവമാകുന്നു. വാഹനങ്ങൾക്ക് തീപിടിക്കുന്നതിന് കാരണങ്ങൾ പലതാണെങ്കിലും അതുണ്ടാക്കുന്ന അപകടങ്ങൾ വലുതായിരിക്കും. ഓടിക്കൊണ്ടിരിക്കേ തീപിടിച്ച വാഹനങ്ങളിലുണ്ടായിരുന്നവർ അത്ഭുതകരമായി രക്ഷപ്പെട്ട സംഭവങ്ങളും അടുത്തിടെ നമ്മുടെ നിരത്തുകളിലുണ്ടായിട്ടുണ്ട്. അതിവേഗതയിൽ വാഹനങ്ങളോടുന്ന ജില്ലയിലെ ആറുവരിപ്പാതയിൽ കഴിഞ്ഞദിവസം കാർ കത്തിയമർന്നു. കൊളപ്പുറത്തിന് സമീപംവെച്ച് അതിവേഗ ട്രാക്കിലൂടെ പോകുകയായിരുന്ന കാറിന്റെ പിറകിൽനിന്നാണ് ആദ്യം തീ ഉയരുന്നത്‌ കണ്ടത്. പിറകിലെത്തിയ വാഹനത്തിലുള്ളവർ അറിയിച്ചതോടെ തീപിടിച്ച കാറിലുണ്ടായിരുന്നവർ വാഹനംനിർത്തി പുറത്തിറങ്ങി രക്ഷപ്പെടുകയിരുന്നു. സന്നദ്ധപ്രവർത്തകരെത്തി തീയണച്ചെങ്കിലും കാർ പൂർണമായും കത്തിയമർന്നു. ഷോട്‌ സർക്കിറ്റാണ് തീപ്പിടിത്തത്തിന് കാരണമെന്ന പ്രാഥമികവിവരം മാത്രമാണ് ഈ അപകടത്തിലുമുണ്ടായത്. വാഹനങ്ങളിൽ തീപ്പിടിത്തമുണ്ടാക്കുന്നതിന്റെ സാഹചര്യം ഇല്ലാതാക്കുന്നതിന് ഡ്രൈവർമാരും വാഹനമുടമകളും ജാഗ്രതയും ആവശ്യമായ മുൻകരുതലുമെടുക്കണം.

വേണ്ടാ, എക്‌സ്ട്രാ വയറിങ് ഫിറ്റിങ്ങുകൾ

കാറുകളടക്കമുള്ള വാഹനങ്ങളിൽ നിർമാണസമയത്ത് കമ്പനി സ്ഥാപിച്ചിട്ടുള്ള വയറിങ് സംവിധാനങ്ങൾക്ക് പുറമേ, എക്സ്ട്രാ വയറിങ് ഫിറ്റിങ്ങുകൾ സ്ഥാപിക്കുന്നത് നിർബന്ധമായും ഒഴിവാക്കേണ്ടുന്ന കാര്യങ്ങളാണ്. വാഹനത്തിൽ സ്ഥാപിക്കുന്ന എക്സ്ട്രാ ലൈറ്റുകൾ, സൗണ്ട് സിസ്റ്റം, ഹോർണുകൾ തുടങ്ങിയവയ്ക്കായാണ് വയറിങ് സിസ്റ്റത്തിൽ പുതിയവ പിന്നീട് കൂട്ടിച്ചേർക്കുന്നത്. ഇത്തരം വയറിങ് സ്ഥാപിക്കുമ്പോൾ ശരിയായ രീതിയിൽ ഇൻസുലേഷൻ ചെയ്യാതിരിക്കുക, സോൾഡ്രിങ്‌ നടത്താതെ നേരത്തേയുള്ള വയറുകളിൽ കൂട്ടിച്ചേർക്കുക തുടങ്ങിയ കാര്യങ്ങളാണ് പലരും ചെയ്യുന്നത്. ഷോട്‌ സർക്കിറ്റ് ഉണ്ടാകുന്നതിനും വലിയ തീപ്പിടിത്തമായി മാറുന്നതിനും പ്രധാന കാരണമാണിതെന്ന് മോട്ടോർവാഹന വകുപ്പ്് ഉദ്യോഗസ്ഥരും വാഹനങ്ങളുടെ സർവീസ് രംഗത്ത് പ്രവർത്തിക്കുന്നവരും പറയുന്നു.

ഇന്ധന പൈപ്പുകളിലെ ചോർച്ച

പല വാഹനങ്ങളിലും ഇന്ധന പൈപ്പുകളിൽ ദ്വാരങ്ങൾ വീഴുന്നത് പതിവായിട്ടുണ്ടെന്ന് വാഹന സർവീസ് മേഖലയിൽ ജോലിയെടുക്കുന്നവർ സാക്ഷ്യപ്പെടുത്തുന്നുണ്ട്. ശ്രദ്ധയിൽപ്പെടാത്ത തരത്തിൽ ചെറിയ ദ്വാരങ്ങളാണ് ഇത്തരം പൈപ്പുകളിൽ കാണുന്നത്. പെട്രോൾ, ഡീസൽ, എൻജിൻ ഓയിലുകൾ തുടങ്ങിയവ ഇത്തരം ദ്വാരങ്ങളിലൂടെ ചോരുന്നത് വലിയ തീപ്പിടിത്തത്തിന് ഇടയാക്കുന്നതാണ്. തുടർച്ചയായി ഇന്ധനങ്ങളുടെ ഗന്ധം ഉണ്ടാകുന്നതോടെയാണ് പലരും വാഹനം പരിശോധിക്കുന്നത്. പൈപ്പുകളിലെ ചോർച്ച കണ്ടെത്താൻ വൈകുന്നത് വലിയ അപകടങ്ങൾക്ക് ഇടയാക്കിയേക്കും. ഇന്ധന പൈപ്പുകളിൽ ദ്വാരങ്ങൾ ഉണ്ടാക്കുന്ന ചെറുപ്രാണികൾ വ്യാപകമായിട്ടുണ്ടെന്നാണ് സർവീസ് രംഗത്തുള്ളവർ പറയുന്ന അനുഭവങ്ങൾ.

ഏറെ നേരമുള്ള അതിവേഗ ഓട്ടം

ആറുവരി ദേശീയപാത തുറന്നതോടെ പതുക്കെപ്പോകുന്നത് പലരും മറന്നുപോയിട്ടുണ്ട്. കാറുകളെല്ലാം നൂറു കിലോമീറ്ററിന് മുകളിൽ വേഗതയിലാണ് ആറുവരിപ്പാതയിലൂടെ പായുന്നത്. ഇത്രയധികം വേഗതയിൽ ഏറെനേരം ഓടുന്നതിനുള്ള കപ്പാസിറ്റി വണ്ടിക്കുണ്ടോ എന്നത് പ്രധാനമാണ്. നമ്മുടെ വണ്ടിയുടെ കപ്പാസിറ്റിക്ക് അനുസരിച്ചാണ് വേഗത നിശ്ചയിക്കേണ്ടത്. എല്ലാ വാഹനങ്ങളും ഏറെനേരം 100-120 സ്പീഡിൽ ഓടിക്കാൻ സാധിക്കുന്നവയല്ലെന്ന് ഡ്രൈവർമാരും വാഹനമുടമകളും ഓർക്കണം. ചില വാഹനങ്ങൾ ഏറെനേരം അതിവേഗതയിൽ ഓടിക്കുന്നതോടെ എൻജിൻ, ടയർ തുടങ്ങിയ വാഹനത്തിന്റെ പലഭാഗങ്ങളും ചൂട് പിടിക്കുന്നതിനും തീപ്പിടിത്തം ഉണ്ടാകുന്നതിനും ഇടയാക്കുന്നതാണ്. ഇത്തരം സാഹചര്യങ്ങൾ തിരിച്ചറിയേണ്ടത് ഓടുന്ന വാഹനത്തിലുള്ളവരാണ്.

കൃത്യസമയങ്ങളിലെ പരിശോധനകൾ നിർബന്ധം

വാഹനങ്ങളുടെ കണ്ടീഷൻ ഉറപ്പുവരുത്തുന്നതിന് യഥാസമയങ്ങളിൽ വിദഗ്ദ്ധ തൊഴിലാളികളുള്ള സർവീസ് സെന്ററുകളിലും വർക്ക്‌ഷോപ്പുകളിലുമെത്തി വാഹനങ്ങൾ പരിശോധിക്കണം. തകരാറിലായതും കാലപ്പഴക്കമുള്ളതുമായ പാർട്‌സുകൾ മാറ്റുകയും തകരാറുകൾ പരിഹരിക്കുകയും ചെയ്യേണ്ടത് അപകടങ്ങൾ ഒഴിവാക്കുന്നതിന് അത്യാവശ്യമാണ്. വാഹനങ്ങളുമായി ദൂരയാത്രയ്ക്ക് തയ്യാറെടുക്കുന്നവർ യാത്ര തുടങ്ങുന്ന ദിവസത്തിന് മുൻപ് പ്രത്യേക പരിശോധനകൾ നടത്തി വാഹനത്തിന്റെ കണ്ടീഷൻ ഉറപ്പുവരുത്തണം. തീപ്പിടിത്തത്തിന് പുറമേ മറ്റുതരത്തിലുള്ള അപകടങ്ങൾ കുറയ്ക്കുന്നതിനും കൃത്യസമയത്ത് വാഹനങ്ങൾ പരിശോധിച്ച് ആവശ്യമായ മുൻകരുതലുകൾ എടുക്കേണ്ടത് സുരക്ഷിത യാത്രയ്ക്ക് സഹായകമാവും.

Content Highlights: With rising vehicle fire incidents on highways, experts urge drivers to avoid extra wiring, check for fuel leaks, and conduct timely maintenance.