സംസ്ഥാന അവാർഡിന്റെ തിളക്കത്തിൽ മർവാൻ മുനവ്വർ

എടപ്പാൾ: സംസ്ഥാന സാമൂഹികനീതിവകുപ്പ്
ഭിന്നശേഷിയുള്ളവരുടെ കല, സാഹിത്യം, കായികം എന്നീ മേഖലകളിലെ മികച്ച നേട്ടങ്ങൾക്ക് നൽകുന്ന പുരസ്കാരം
എടപ്പാൾ ഹോപ്പ് നോട്സ് മ്യൂസിക് തെറാപ്പി സെന്ററിലെ കാസർകോട് വിദ്യാനഗർ സ്വദേശിയുമായ മർവാൻ മുനവ്വറിന്. 25000 രൂപയും പ്രശസ്തിപത്രവും ഫലകവും അടങ്ങുന്നതാണ് പുരസ്കാരം. ഓട്ടിസം എന്ന അവസ്ഥയുടെ പരിമിതികൾക്കപ്പുറം സ്വന്തം കഴിവുകളിലൂടെ വ്യക്തിമുദ്ര പതിപ്പിച്ച മർവാന്റെ ജീവിതം അതിജീവനത്തിന്റെയും ആത്മവിശ്വാസത്തിന്റെയും നിരന്തര പരിശ്രമത്തിന്റെയും ഉദാഹരണമാണെന്ന് വിലയിരുത്തിയാണ് പുരസ്കാരം നൽകിയിട്ടുള്ളത്. സംഗീതത്തോടുള്ള അസാധാരണമായ താത്പര്യം, അത്ഭുതപ്പെടുത്തുന്ന ശ്രുതിബോധം, ശബ്ദങ്ങൾ ഓർത്തുവെക്കാനും അനുകരിക്കാനുമുള്ള കഴിവ് എന്നിവയാണ് മർവാനെ വ്യത്യസ്തനാക്കുന്നത്. ഒരുകാലത്ത് സംസാരത്തിൽ പരിമിതികളുണ്ടായിരുന്ന മർവാൻ ഇപ്പോൾ പ്ലേബാക്ക് സിംഗിങ്, പ്രൊഫഷണൽ ആൽബങ്ങൾ, ലൈവ് കോൺസർട്ടുകൾ എന്നിവയിലൂടെ സംഗീതലോകത്ത് സജീവമാണ്. സംഗീതവേദികളിലും റെക്കോർഡിങ് സ്റ്റുഡിയോകളിലും തന്റെ കഴിവ് തെളിയിക്കുന്നതിനൊപ്പം സെന്ററിലെ അസിസ്റ്റന്റ് മ്യൂസിക് തെറപ്പിസ്റ്റായി പ്രവർത്തിച്ച് മറ്റുള്ളവരുടെ സംഗീത-വളർച്ചാ യാത്രയിലും പങ്കാളിയാകുന്നു. ഖുർആൻ പഠിക്കുകയും മറ്റുള്ളവരെ പഠിപ്പിക്കുകയും വിവിധ ഭാഷകളും കംപ്യൂട്ടറും സ്വയം താത്പര്യത്തോടെ പഠിക്കുകയും ചെയ്തിട്ടുണ്ട് ഈ മിടുക്കൻ. സ്വന്തം യുറ്റ്യൂബ് ചാനലായ മർവാൻസ് ഓട്ടിസം ഡയറിയിലൂടെ തന്റെ അനുഭവങ്ങളും കഴിവുകളും ലോകവുമായി പങ്കുവയ്ക്കുന്നു. സെന്റർ സ്ഥാപകനും എം.ഡി.യുമായ നിർഷാദ് നിനിക്ക് കീഴിലാണ് മർവാൻ സംഗീതം അഭ്യസിച്ചത്.
Content Highlights: Autism prodigy Marwan Munavvar wins the Kerala Social Justice Department's State Award for his inspiring achievements in music and arts.