സാംസ്കാരികോത്സവങ്ങൾ ഒഴിഞ്ഞുപോയ ഇടങ്ങളിലേക്ക് കാലുഷ്യം കടന്നുവരാതെ കാക്കണം -ആലങ്കോട്

തിരൂർ : മതേതരമാനവികതയുടെ സാംസ്കാരികോത്സവങ്ങൾ ഒഴിഞ്ഞുപോയ ഇടങ്ങളിലേക്ക് കലഹവും കാലുഷ്യവും കടന്നുവരാതെ കാക്കലാണ് ഇന്നത്തെ നമ്മുടെ ചുമതലയെന്ന് കവി ആലങ്കോട് ലീലാകൃഷ്ണൻ.

ആറ് പതിറ്റാണ്ടുകാലമായി തിരൂരിന്റെ നാടകസംഗീതവേദികളിൽ സജീവമായ സേൽറ്റി തിരൂരിന്റെ 78-ാം പിറന്നാൾദിനത്തിൽ തിരൂർ തുഞ്ചൻപറമ്പിൽ തിരൂർ ആർട്ട് ലവേഴ്സ് അസോസിയേഷന്റെ നേതൃത്വത്തിൽ നടത്തിയ ആദരം പരിപാടിയും അദ്ദേഹത്തെക്കുറിച്ച് മകൻ കബീർ റിഫാഹി എഴുതിയ പുസ്തകപ്രകാശന ചടങ്ങും ഉദ്ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം.

സംഗീതവും കലകളും അസ്തമിച്ചാൽ കലാപവും കാലുഷ്യവും തലപൊക്കുമെന്നും അദ്ദേഹം പറഞ്ഞു.

സംഗീതവും കലാപ്രവർത്തനങ്ങളുംകൊണ്ട് ഒരുകാലഘട്ടത്തെ മാനവികതയിലേയ്ക്കുയർത്തിയ സമാന്തര കലാപരമ്പരയിലെ അവസാനത്തെ കണ്ണികളിലൊരാളാണ് സേൽറ്റി തിരൂരെന്നും ജീവിച്ചിരിക്കുന്ന കാലത്തുതന്നെ സേൽറ്റിയെ ആദരിക്കാൻ കഴിഞ്ഞത് തിരൂർ പൗരാവലിയുടെ നന്മയുടെ സംസ്കാരമായിട്ടാണ് കാണുന്നതെന്നും അദ്ദേഹം പറഞ്ഞു. നഗരസഭാധ്യക്ഷൻ കീഴേടത്തിൽ ഇബ്രാഹിം ഹാജി അധ്യക്ഷതവഹിച്ചു. സേൽറ്റി ജീവിതാവരോഹണം എന്ന പുസ്തകം സേൽറ്റിയുടെ ഭാര്യ ബീവി പരിയാപുരത്തിന് നൽകി ആലംങ്കോട് ലീലാകൃഷ്ണൻ പ്രകാശനംചെയ്തു. വിവിധ കലാ-സാംസ്കാരിക സംഘടനാ പ്രവർത്തകർ പൊന്നാട ചാർത്തി ആദരിച്ചു. ഗായകൻ ഫിറോസ് ബാബു, തുഞ്ചൻ സ്മാരക ട്രസ്റ്റ് സെക്രട്ടറി പി. നന്ദകുമാർ, കെ.പി.എ. റഹ്‌മാൻ, വേണുഗോപാൽ കൊൽക്കത്ത, അഡ്വ. എം. വിക്രംകുമാർ, പി.എ. ബാവ, കബീർ റിഫാഹി, ഗഫൂർ പി. ലില്ലീസ്, പാറപ്പുറത്ത് കുഞ്ഞൂട്ടി എന്നിവർ സംസാരിച്ചു. തുടർന്ന് തിരൂർ ആർട്ട് ലവേഴ്സ് അസോസിയേഷന്റെ നേതൃത്വത്തിൽ എൻ പ്രിയരാഗം യമൻ എന്ന സംഗീതനിശ അരങ്ങേറി.