തലയും വാലുമില്ലാതെ തലക്കാട് വാലില്ലാപ്പുഴ ഷട്ടർ

കണ്ണീരും കിനാവുമായി കർഷകർ
തിരൂർ : മഴയെത്തുമെന്ന പ്രതീക്ഷയിൽ കാത്തിരുന്ന കർഷകർക്ക് നിരാശയിരുന്നു ഫലം. തലക്കാട് പഞ്ചായത്തിലെ 80 ഏക്കർ സ്ഥലത്തെ കർഷകരുടെ പിന്നെയുള്ള പ്രതീക്ഷ തലക്കാട്ടെ വാലില്ലാപ്പുഴ ഷട്ടർ ആയിരുന്നു. അതിന്റെ നിർമാണമാകട്ടെ തലയും വാലുമില്ലാതെ.
തലക്കാട് പഞ്ചായത്തിലെ ഏക്കർകണക്കിനു കൃഷിഭൂമിയിലേക്ക് വെള്ളമെത്തിക്കാനായി വാലില്ലാപ്പുഴയ്ക്ക് കുറുകെ പഞ്ചായത്ത് സ്ഥാപിച്ചതാണ് വാലില്ലാപ്പുഴ ഷട്ടർ. എന്നാൽ ഷട്ടർ അടയ്ക്കാനും തുറക്കാനുമായി മോട്ടോർ സ്ഥാപിച്ചിട്ടില്ല. കൈകൊണ്ട് ചക്രം തിരിച്ചുവേണം ഷട്ടർ തുറക്കാനും അടയ്ക്കാനും. ഇനി മോട്ടോർ സ്ഥാപിക്കണമെങ്കിൽത്തന്നെ ഇവിടെ വൈദ്യുതി കണക്‌ഷനുമില്ല. ഷട്ടറിപ്പോൾ തുറന്നിട്ടിരിക്കുകയാണ്. ഇത് അടച്ചാൽമാത്രമേ തെക്കൻ കുറ്റൂർ പാടശേഖരത്തിൽ 80 ഏക്കർ സ്ഥലത്ത് കൃഷി നടത്താൻ കഴിയുകയുള്ളൂ. 2022-2023 വാർഷികപദ്ധതിയിൽ ഉൾപ്പെടുത്തി 58 ലക്ഷം രൂപ ചെലവിലാണ് ഷട്ടർ നിർമിച്ചത്. 2024 ഏപ്രിലിൽ അന്നത്തെ കായികമന്ത്രി വി. അബ്ദുറഹിമാനാണ് ഉദ്ഘാടനംചെയ്തത്.
ഏക്കർകണക്കിനു സ്ഥലത്തെ നെൽക്കൃഷിയാണ് വെള്ളം കിട്ടാതെ ഉണങ്ങിയിരിക്കുന്നത്. ഷട്ടർ കൈകൊണ്ട് തിരിച്ച് തുറക്കാനും അടയ്ക്കാനും അഞ്ചുതൊഴിലാളികൾ വേണം. കഴിഞ്ഞവർഷം ഷട്ടർ അടയ്ക്കാൻ 2000 രൂപയാണ് കൂലി നൽകിയത്. ഇത്തവണ തൊഴിലാളികൾ 5000 രൂപയാണ് ആവശ്യപ്പെടുന്നത്. പുഴയിൽ വെള്ളം കൂടുമ്പോൾ ഷട്ടർ പൊന്തിക്കണം. രണ്ടു ചെറിയ ഷട്ടറും നാലു വലിയ ഷട്ടറുമാണുള്ളത്. കോലൂപ്പാലം പമ്പ്ഹൗസിൽനിന്ന് 200 മീറ്ററോളം നീളമുള്ള കനാലിലേക്ക് വെള്ളം പമ്പുചെയ്താൽ ഇത് പാടത്തെത്തി ഒഴുകിയാണ് തെക്കൻ കുറ്റൂർ പാടശേഖരത്തെ കൃഷിസ്ഥലത്ത് അഞ്ചുദിവസംകൊണ്ടെത്തുക. ഇതാണ് തടസ്സപ്പെട്ടത്. പഞ്ചായത്തധികൃതർ ഷട്ടർ തുറക്കാനും അടയ്ക്കാനുമായി വൈദ്യുതി മോട്ടോർ സ്ഥാപിച്ചാൽ പ്രശ്നം തീരും. ഇതിനുവേണ്ടി പഴയ ഷട്ടറിൽ മാറ്റങ്ങളും വരുത്തണം.