മഞ്ഞപ്പിത്തം: ആരോഗ്യവിഭാഗം മഞ്ചേരിയിൽ പരിശോധന തുടങ്ങി

മഞ്ചേരി : നഗരസഭാപരിധിയിൽ ജലസുരക്ഷയുമായി ബന്ധപ്പെട്ട് കർശന പരിശോധനയുമായി ആരോഗ്യവകുപ്പും നഗരസഭാ ആരോഗ്യവിഭാഗവും രംഗത്ത്. വിവിധയിടങ്ങളിലെ ഓടകളിൽ കെട്ടിക്കിടക്കുന്ന മലിനജലം ഒഴിവാക്കി.

ഓടകളിലേക്ക് മാലിന്യമൊഴുക്കുന്ന കടകൾക്കെതിരേ നടപടികൾ തുടങ്ങി. കച്ചേരിപ്പടിയിലെ ഭക്ഷണശാലകളിൽനിന്ന്‌ ഓടയിലേക്ക് മലിനജലം തള്ളിയ അഞ്ചു സ്ഥാപങ്ങൾക്ക് പിഴ ചുമത്തി.

10 സ്ഥാപനങ്ങളിലാണ് പരിശോധന നടത്തിയത്.

മലിനജലം ഒഴുക്കിവിടുന്ന പൈപ്പുകൾ നഗരസഭാ ശുചീകരണവിഭാഗം ജീവനക്കാർ അടച്ചു.

വ്യാഴാഴ്‌ച രാവിലെമുതൽ കച്ചേരിപ്പടി ഐ.ജി.ബി.ടി. ബസ് സ്റ്റാൻഡ് പരിസരത്തും രാജീവ് ഗാന്ധി ബൈപ്പാസിൽ ചാലിക്കത്തോടിനു സമീപവും രണ്ടു സ്‌ക്വാഡുകളായി തിരിഞ്ഞാണ് വ്യാപാരസ്ഥാപനങ്ങളിൽ പരിശോധന നടത്തിയത്.

വരുംദിവസങ്ങളിലും പരിശോധന ശക്തമാക്കുമെന്ന് നഗരസഭാ സെക്രട്ടറി വൈ.പി. മുഹമ്മദ് അഷ്റഫ് അറിയിച്ചു.

പരിശോധനയ്ക്ക് ക്ലീൻസിറ്റി മാനേജർ ജെ.എം. നുജൂം, സീനിയർ പബ്ലിക് ഹെൽത്ത് ഇൻസ്‌പെക്ടർമാരായ റഷീദുദ്ദീൻ മുല്ലപ്പള്ളി, കെ.ടി. ഷാജു, പബ്ലിക് ഹെൽത്ത് ഇൻസ്‌​പെക്ടർമാരായ റിൽജു മോഹൻ, സി. രതീഷ്, പി. ജംഷി, ഒ.എസ്. പ്രിയ, പി.സി. ശാമിൽ, നിഷാന നസ്റിൻ തുടങ്ങിയവർ നേതൃത്വംനൽകി.