നവീകരണത്തിന് ബജറ്റിൽ പ്രഥമ പരിഗണന നൽകും -ഒ.ജെ. ജനീഷ്

തിരൂർ രാജീവ് ഗാന്ധി സ്റ്റേഡിയം
തിരൂർ : രാജീവ് ഗാന്ധി മുനിസിപ്പൽ സ്റ്റേഡിയത്തിന്റെ നവീകരണ പ്രവർത്തനങ്ങൾക്ക് അടുത്ത സമ്പൂർണ ബജറ്റിൽ പ്രഥമപരിഗണന നൽകി പൂർത്തീകരിക്കുമെന്ന് മന്ത്രി ഒ.ജെ. ജനീഷ് പറഞ്ഞു. സ്റ്റേഡിയത്തിന്റെ നിർമ്മാണം പൂർത്തിയാക്കിയ ഒന്നാംഘട്ട ഉദ്ഘാടനവും സമഗ്രവികസന പ്രഖ്യാപനവും നിർവഹി ക്കുകയായിരുന്നു അദ്ദേഹം.
കായികതാരങ്ങൾക്ക് അന്താരാഷ്ട്ര നിലവാരത്തിലുള്ള സൗകര്യങ്ങൾ ഒരുക്കുകയാണ് സർക്കാർ ലക്ഷ്യമെന്നും സി.എസ്.ആർ. ഫണ്ടും ഇതിനായി ഉപയോഗപ്പെടുത്തും. സ്റ്റേഡിയത്തിൽ ഓപ്പൺ ജിം നിർമ്മിക്കുന്നതിന് കായികവകുപ്പ് ഫണ്ട് അനുവദിക്കുമെന്നും എം.എൽ.എ. ഫണ്ടിൽനിന്ന് സ്റ്റേഡിയത്തിനോടുചേർന്ന് നിർമ്മിക്കുന്ന പാർക്കിനും ഓപ്പൺ ജിമ്മിനുമായി അനുവദിച്ച 50 ലക്ഷം രൂപ സ്റ്റേഡിയത്തിന്റെ സൗന്ദര്യവത്‌കരണത്തിനായി ഉപയോഗപ്പെടുത്താനും മന്ത്രി നിർദ്ദേശിച്ചു.
സിന്തറ്റിക്ക് ട്രാക്ക് നിർമ്മാണത്തിനാണ് ആദ്യപരിഗണന നൽകുകയെന്നും ഇതിനായി കിഫ്ബിയിൽനിന്ന് ഫണ്ടു ലഭിക്കുമോ എന്ന് പരിശോധിക്കുമെന്നും അദ്ദേഹം പറഞ്ഞു.
സ്റ്റേഡിയത്തിൽ നടന്ന ചടങ്ങിൽ കുറുക്കോളി മൊയ്തീൻ എം.എൽ.എ. അധ്യക്ഷത വഹിച്ചു. നഗരസഭാധ്യക്ഷൻ കീഴേടത്തിൻ ഇബ്രാഹിം ഹാജി, ഉപാധ്യക്ഷൻ സിന്ധു മംഗലശ്ശേരി, സ്ഥിരംസമിതി അധ്യക്ഷരായ യാസർ പൊട്ടച്ചോല, ടി.ഇ. അബൂബക്കർ, സൈബുന്നീസ നെടിയിൽ, അൻവർ പാറയിൽ, വഹീദ ബഷീർ, വാർഡ് കൗൺസിലർ കെ.വി. റജുല, യാസർ പയ്യോളി, നഗരസഭാ സെക്രട്ടറി ബി. അനിൽകുമാർ, അസി. എക്സിക്യുട്ടീവ് എൻജിനിയർ എം.വി. ശ്രീകുമാർ തുടങ്ങിയവർ പങ്കെടുത്തു.
എട്ട് വരി സിന്തറ്റിക് ട്രാക്കുണ്ടാക്കും
തിരൂർ നഗരസഭ 1.05 കോടി രൂപ ചെലവിട്ടാണ് ആദ്യഘട്ട പ്രവൃത്തി പൂർത്തീകരിച്ചത്. നഗരസഭയുടെ കീഴിലുള്ള സ്റ്റേഡിയത്തിന്റെ സമഗ്ര വികസനത്തിന് വിപുലമായ മാസ്റ്റർ പ്ലാൻ തയ്യാറാക്കിയിട്ടുണ്ട്. ഫുട്ബോൾ ഗ്രൗണ്ടിന്റെ വലിപ്പംകുറയാതെ ട്രാക്ക് ഔട്ടർ ലൈനിലേക്ക് മാറ്റി ആറ് വരി ട്രാക്ക് എട്ട് വരി സിന്തറ്റിക് ട്രാക്കായി ഉയർത്തും. ഇതിനായി അഞ്ച് കോടി രൂപയുടെ പദ്ധതിയാണ് വിഭാവനം ചെയ്യുന്നത്.
നിലവിലെ താത്‌കാലിക ഗാലറിക്ക് പകരം ഔട്ടറിൽ സ്ഥിരം സംവിധാനത്തോടെ പുതിയ ഗാലറി നിർമ്മിക്കും. ജില്ലയിലെ സിന്തറ്റിക് ട്രാക്കുകളുടെ അപര്യാപ്തത പരിഹരിക്കാൻ ഈ പദ്ധതി ഏറെ സഹായകമാകും. പതിനൊന്ന് ഏക്കറോളം വരുന്ന സ്റ്റേഡിയത്തിൽ 15,000 ആളുകളെ ഉൾക്കൊള്ളാൻ ശേഷിയുള്ള ഗാലറി, കായിക താരങ്ങൾക്ക് താമസിക്കാനുള്ള സൗകര്യം, മെഡിക്കൽ സംവിധാനങ്ങൾ, സ്പോർട്സ് എക്യുപ്മെന്റ് ഷോപ്പ്, കോഫി ഷോപ്പ്, പാർക്ക് തുടങ്ങിയ വിപുലമായ സൗകര്യങ്ങൾ ഒരുക്കും. 60 ലക്ഷം രൂപ വകയിരുത്തി സ്റ്റേഡിയത്തിന്റെ ചുറ്റുമതിൽ നിർമ്മാണവും പുരോഗമിക്കുന്നുണ്ട്.