സ്‌പെഷ്യൽ ഡ്രൈവ്: ചാത്തല്ലൂരിൽ 13 കാട്ടുപന്നികളെ കൊന്നു

എടവണ്ണ : കഴിഞ്ഞദിവസം കാട്ടുപന്നിയുടെ കുത്തേറ്റ് ഫാത്തിമയെന്ന വീട്ടമ്മ മരിച്ച കിഴക്കേ ചാത്തല്ലൂർ മേഖലയിൽ മന്ത്രി പി.കെ. ബഷീറിന്റെ നിർദേശപ്രകാരം നടത്തിയ സ്‌പെഷ്യൽ ഡ്രൈവിൽ 13 പന്നികളെ വെടിവെച്ചുകൊന്നു. അംഗീകൃത ഷൂട്ടർമാരായ അഹ്‌മദ് നിസാർ (കുഞ്ഞിപ്പ), ഉസ്‌മാൻ കടന്നമണ്ണ, ഷമീർ കാരക്കുന്ന് തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു സ്‌പെഷ്യൽ ഡ്രൈവ്.
കിഴക്കേ ചാത്തല്ലൂർ, പടിഞ്ഞാറേ ചാത്തല്ലൂർ മേഖലകളിലെ ജനവാസമേഖലകളിലും കൃഷിയിടങ്ങളിലും ഇറങ്ങിയ കാട്ടുപന്നികളെയാണ് കൊന്നത്. വെടിയേറ്റ പന്നികളിൽ ചിലത് രക്ഷപ്പെട്ടിട്ടുമുണ്ട്. പ്രദേശത്ത് കൂടുതൽ കാട്ടുപന്നികളെ കാണാനായെന്ന് ഷൂട്ടർ അഹമ്മദ് നിസാർ പറഞ്ഞു.
സ്‌പെഷ്യൽ ഡ്രൈവ് തുടരും
കാട്ടുപന്നിയുടെ കുത്തേറ്റു വീട്ടമ്മ മരിച്ച കിഴക്കേ ചാത്തല്ലൂരിൽ വനപാലകർ സന്ദർശനം നടത്തി. സമീപ പഞ്ചായത്തുകളിൽനിന്നും മറ്റും കൂടുതൽ ഷൂട്ടർമാരെ ഉൾപ്പെടുത്തി സ്‌പെഷ്യൽ ഡ്രൈവ് ഒരുമാസം തുടരാനാണ് തീരുമാനമെന്ന് അധികൃതർ പറഞ്ഞു.
വനം വകുപ്പ് നിലമ്പൂർ നോർത്ത് ഡിവിഷണൽ ഓഫീസർ കെ.കെ. സുനിൽകുമാർ, അസിസ്റ്റന്റ് കൺസർവേറ്റർ അനീഷ സിദ്ദിഖ്, എടവണ്ണ റെയ്‌ഞ്ച് ഓഫീസർ എം.എൻ. ഷംനാസ്, കൊടുമ്പുഴ ഡെപ്യൂട്ടി റെയ്‌ഞ്ച് ഓഫീസർ കെ. സുനിൽകുമാർ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് സന്ദർശനം നടത്തി സ്ഥിതിഗതികൾ വിലയിരുത്തിയത്.
അഞ്ചുലക്ഷം നൽകി
കാട്ടുപന്നിയുടെ കുത്തേറ്റുമരിച്ച പി.കെ. ഫാത്തിമയുടെ വസതിയിൽ സന്ദർശനം നടത്തിയ വനപാലകസംഘം ആശ്വാസ സഹായധനമായി അഞ്ചുലക്ഷം രൂപ കൈമാറി. നടപടിക്രമങ്ങൾ പൂർത്തിയാകുന്നമുറയ്ക്ക് വനംവകുപ്പ് അഞ്ചുലക്ഷം രൂപകൂടി കൈമാറും. ദുരന്തനിവാരണ വിഭാഗത്തിൽനിന്ന് നാലുലക്ഷം രൂപയും നൽകും. പഞ്ചായത്ത് പ്രസിഡന്റ് സുനീറ സമദ്, പഞ്ചായത്തംഗങ്ങളായ ആബിദ ശിഹാബ്, പി.കെ. സക്കീർ തുടങ്ങിയവരും വനപാലകർക്കൊപ്പമുണ്ടായിരുന്നു.