വഴിക്കടവ്-പുത്തിരിപ്പാടം റോഡിൽ ‘കുഴിയാത്ര’

എടക്കര : റോഡ് തകർന്നതോടെ വഴിക്കടവ് കാരക്കോട് പുത്തിരിപ്പാടം വഴിയുള്ള യാത്ര ദുരിതത്തിൽ. വഴിക്കടവിൽനിന്ന് പുത്തിരിപ്പാടം മൈതാനംവരെ നാല് കിലോമീറ്ററാണ് റോഡിന്റെ ദൂരം.

കാരക്കോടൻ പാലം പണിയുമായി ബന്ധപ്പെട്ട് 15 വർഷം മുൻപാണ് റോഡ് നന്നാക്കിയത്. പിന്നീട് റോഡിൽ അറ്റകുറ്റപ്പണിപോലും നടന്നിട്ടില്ലെന്ന് നാട്ടുകാർ പറയുന്നു.

അഞ്ച് ബസുകൾ ഇതുവഴി സർവീസ് നടത്തുന്നുണ്ടെങ്കിലും റോഡ് തകർന്നതിനെത്തുടർന്ന് ചില ബസുകൾ വഴിക്കടവിൽനിന്ന് മടങ്ങിപ്പോകുകയാണ് പതിവ്.

മണൽപ്പാടം, കാരക്കോട്, വെള്ളക്കട്ട, വള്ളിക്കാട്, കമ്പളക്കല്ല് എന്നീ വാർഡുകളിലെ ആയിരക്കണക്കിന് ആളുകളാണ് ഈ റോഡ് ഉപയോഗിക്കുന്നത്.

സ്കൂൾ, അമ്പലം, നിരവധി പട്ടികജാതി-വർഗ ഉന്നതികൾ എന്നിവ ഇവിടെയുണ്ട്.

സ്കൂൾ ബസുകൾക്ക് പോലും ഇതുവഴി കടന്നുപോകാൻ കഴിയുന്നില്ല. ഓട്ടോറിക്ഷപോലും ഇവിടേയ്ക്ക് വരാൻ മടിക്കുന്നതായി നാട്ടുകാർ പറഞ്ഞു. അടിയന്തരമായി റോഡ് നന്നാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.