പിണറായിയെ വേട്ടയാടുന്നത് നോക്കി നിൽക്കില്ല -ടി.പി. രാമകൃഷ്ണൻ

മഞ്ചേരി : ചെയ്യാത്ത കുറ്റത്തിന്റെ പേരിൽ പിണറായി വിജയനെയും മകളെയും മുഹമ്മദ് റിയാസിനെയും വേട്ടയാടുന്നത് കാഴ്ചക്കാരായി നോക്കിനിൽക്കില്ലെന്ന് സി.ഐ.ടി.യു. സംസ്ഥാന പ്രസിഡന്റ് ടി.പി. രാമകൃഷ്ണൻ പറഞ്ഞു.
മഞ്ചേരി ജോർജ് കെ. ആന്റണി നഗറിൽ (ജയശ്രീ ഓഡിറ്റോറിയം) ആരംഭിച്ച സി.ഐ.ടി.യു. ജില്ലാ പ്രതിനിധിസമ്മേളനം ഉദ്ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം. യു.ഡി.എഫ്. സർക്കാർ വളരെ അപകടകരമായ രീതിയിലാണ് മുന്നോട്ടുപോകുന്നത്.
മാസപ്പടി കേസിൽ പിണാറായി വിജയൻ, മകൾ വീണ, മുഹമ്മദ് റിയാസ് എന്നിവർക്കെതിരേ അന്വേഷണമാകാമെന്ന നിലപാടാണ് അവർ ഇപ്പോൾ എടുത്തിരിക്കുന്നത്.
വീണയേയും മുഹമ്മദ് റിയാസിനേയും കേസിൽ കുടുക്കി പിണറായിവിജയനിലേക്ക് എത്തിക്കുന്നതിനുവേണ്ടിയാണ് ഈ നീക്കം. ആരോപിക്കപ്പെട്ട ഒരുതെറ്റും അവരാരും ചെയ്തിട്ടില്ല. എല്ലാം എഴുതിവെച്ച രേഖകൾ അടങ്ങുന്ന ഡയറിയുണ്ടെന്നതൊക്കെ വെറുതെ കള്ളം പറയുകയാണ്.
മുഹമ്മദ് റിയാസിന്റെ സുഹൃത്തിന്റെ വീട്ടിൽ റെയ്ഡ് നടത്തിയ ഇ.ഡി. സ്റ്റേറ്റ്മെന്റ് തയ്യാറാക്കി കുടുംബത്തെ ഭീഷണിപ്പെടുത്തി അതിൽ ഒപ്പിടീപ്പിക്കുകയായിരുന്നു. ഈ വേട്ടയാടലിൽനിന്ന് നമ്മുടെ രാഷ്ട്രീയനേതാക്കന്മാർക്ക് സംരക്ഷണംകിട്ടണം. അതിന് സഹായകരമായ നിലപാട് തൊഴിലാളികൾ സ്വീകരിക്കണമെന്നും അദ്ദേഹം പറഞ്ഞു. വി. ശശികുമാർ അധ്യക്ഷനായി.
സ്വാഗതസംഘം കൺവീനർ പി.കെ. മുരളീധരൻ, ജില്ലാ ജനറൽ സെക്രട്ടറി വി.പി. സക്കറിയ, ദേശീയ സെക്രട്ടറി പി. നന്ദകുമാർ, എൻ.ജി.ഒ. യൂണിയൻ ജില്ലാ സെക്രട്ടറി വി.കെ. രാജേഷ്, കെ.എസ്.ടി.എ. ജില്ലാ സെക്രട്ടറി കെ. സരിത, ടി. രാജേഷ്, ജി. കണ്ണൻ, എം.പി. അലവി, ഇ.എൻ. ജിതേന്ദ്രൻ തുടങ്ങിയവർ പങ്കെടുത്തു.
സി.ഐ.ടി.യു.വിൽ അഫിലിയേറ്റ് ചെയ്ത വിവിധ സംഘടനകളെ പ്രതിനിധാനംചെയ്ത് 458 പേരാണ് പ്രതിനിധി സമ്മേളനത്തിൽ പങ്കെടുക്കുന്നത്. പ്രവർത്തന റിപ്പോർട്ടിന്മേലുളള പ്രതിനിധികളുടെ ചർച്ചയ്ക്കുശേഷം പൊതുചർച്ച ആരംഭിച്ചു. ഞായറാഴ്ച ചർച്ചകൾക്കുള്ള മറുപടിയും പുതിയ ഭാരവാഹി തിരഞ്ഞെടുപ്പും ഉണ്ടാകും.
വൈകീട്ട് പതിനായിരം തൊഴിലാളികൾ അണിനിരക്കുന്ന പ്രകടനവും മഞ്ചേരി ടൗൺ സ്ക്വയറിൽ (ആനത്തലവട്ടം ആനന്ദൻ നഗർ) പൊതുസമ്മേളനവും നടക്കും. സി.ഐ.ടി.യു. അഖിലേന്ത്യാ പ്രസിഡന്റ് സുദീപ് ദത്ത ഉദ്‌ഘാടനംചെയ്യും.
തൊഴിലാളിവിരുദ്ധ നയങ്ങൾക്കെതിരേ യോജിച്ച പോരാട്ടം
മഞ്ചേരി : യു.ഡി.എഫ്. സർക്കാരിന്റെ തൊഴിലാളിവിരുദ്ധ നടപടികൾ ചെറുക്കണമെന്ന് സി.ഐ.ടി.യു. ജില്ലാസമ്മേളനം ആവശ്യപ്പെട്ടു. കേന്ദ്ര-സംസ്ഥാന സർക്കാരുകൾ കോർപ്പറേറ്റ് അനുകൂല, തൊഴിലാളി ദ്രോഹനയങ്ങൾ നടപ്പാക്കുകയാണ്. സംഘപരിവാർ ശക്തികളുടെ വർഗീയ അജൻഡകൾക്ക് സർക്കാർ വഴിയൊരുക്കുകയാണ്.
പുനരധിവാസം ഉറപ്പാക്കാതെ ചെറുകിട വഴിയോര കച്ചവടക്കാരെ ഒഴിപ്പിക്കുന്നത് അവസാനിപ്പിക്കണം. കേന്ദ്രാവിഷ്കൃത പദ്ധതികളിൽ ജോലിചെയ്യുന്ന തൊഴിലാളികൾക്കുമേൽ അനാവശ്യ നിയന്ത്രണങ്ങളും സമ്മർദങ്ങളും അടിച്ചേല്പിക്കരുത്.
അങ്കണവാടി ജീവനക്കാർക്ക് പുതിയ ഉപാധികൾ അടിച്ചേൽപ്പിക്കുന്നതും ഹരിതകർമസേനയെ തകർക്കാനുള്ള നീക്കങ്ങളും അവസാനിപ്പിക്കണം. തൊഴിലാളിസംഘടനാ പ്രവർത്തകരെ തിരഞ്ഞുപിടിച്ച് ദ്രോഹിക്കുന്ന നടപടികളിൽനിന്ന് സർക്കാർ പിന്മാറണമെന്നും പ്രമേയം ആവശ്യപ്പെട്ടു. തൊഴിലാളിവിരുദ്ധ നയങ്ങൾക്കെതിരേ ഡിസംബർ ഒന്നിന് സി.ഐ.ടി.യു.വിന്റെ നേതൃത്വത്തിൽ നടത്തുന്ന പാർലമെന്റ് മാർച്ച് വിജയിപ്പിക്കാനും സമ്മേളനം ആഹ്വാനംചെയ്തു.