പരീക്ഷാഭവനിൽ സമഗ്രമാറ്റത്തിന് പദ്ധതി

തേഞ്ഞിപ്പലം : കാലിക്കറ്റ് സർവകലാശാലാ പരീക്ഷാഭവനിലെ ബിരുദ വിഭാഗത്തിൽ സമഗ്ര മാറ്റങ്ങൾക്കു നിർദേശം. വൈസ് ചാൻസലർ ഡോ. പി. രവീന്ദ്രന് വർക്ക് സ്റ്റഡി റിപ്പോർട്ട്, കമ്മിറ്റി കൺവീനർ ടി.ജെ. മാർട്ടിൻ സമർപ്പിച്ചു. ഇതുവരെ വിഷയാധിഷ്ഠിതമായി ബി.എ., ബി.എസ്സി, ബി.കോം എന്നിങ്ങനെ സെക്ഷനുകളെ വിഭജിച്ചിരുന്നതു മാറ്റി കോളേജ് അധിഷ്ഠിതമാക്കണമെന്നാണ് പ്രധാന നിർദേശം.
നാലുവർഷ ബിരുദ പ്രോഗ്രാമിന്റെ ആവിർഭാവത്തോടെ പരീക്ഷാനടത്തിപ്പിൽവന്ന മാറ്റങ്ങൾക്കനുസരിച്ചാണ് സെക്ഷനുകളുടെ ചുമതലകളിൽ സമഗ്ര മാറ്റങ്ങൾ ശുപാർശചെയ്തിട്ടുള്ളത്. കെട്ടിക്കിടക്കുന്ന അപേക്ഷകളിൽ വേഗത്തിൽ തീർപ്പുകൽപ്പിക്കാനായി സ്പെഷ്യൽ സപ്ലിമെന്ററി, ഒഫീഷ്യൽ ട്രാൻസ്ക്രിപ്റ്റ്, ജെനുവിൻനെസ് വെരിഫിക്കേഷൻ, എക്സാം അക്കൗണ്ട്സ്, സി.സി.എസ്.എസ്. തുടങ്ങിയ സെക്ഷനുകൾ വിപുലീകരിക്കാനും നിർദേശമുണ്ട്.
അടുത്ത സിൻഡിക്കേറ്റ് യോഗത്തിൽ റിപ്പോർട്ടിന് അംഗീകാരം നൽകി നടപ്പാക്കും. സർവകലാശാലാ രജിസ്ട്രാർ ഡോ. സി.ഡി. സെബാസ്റ്റ്യൻ, കമ്മിറ്റി അംഗങ്ങളായ ഡോ. ഷാഹിനാമോൾ, ഡോ. ടി.എം. വാസുദേവൻ, സിൻഡിക്കേറ്റംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.