വല്ലാത്തൊരു പണി!

കല്ലാമൂല പാലത്തിലെ കട്ടപതിക്കൽ പൂർത്തിയായില്ല
കാളികാവ് : മലയോര ഹൈവേയിലെ ഗതാഗതക്കുരുക്കിന് പരിഹാരമായി കല്ലാമൂല പാലത്തിന്റെ ഇരുവശങ്ങളിലും കട്ടപതിക്കാനുള്ള പ്രവൃത്തി പൂർത്തിയാക്കാത്തത് യാത്രക്കാരുടെ ദുരിതം കൂട്ടുന്നു. ചെങ്കോട് പാലത്തിൽ കട്ടപതിക്കൽ പൂർത്തിയായിട്ട് രണ്ടുമാസം പിന്നിട്ടു. എന്നാൽ, കല്ലാമൂലയിൽ രണ്ടടി വീതിയിൽ കോൺക്രീറ്റ് ചെയ്തതല്ലാതെ തുടർപ്രവൃത്തി നടന്നിട്ടില്ല.
കട്ടകൾ റോഡരികിൽ ഇറക്കിയിട്ടുണ്ടെങ്കിലും പതിക്കൽ നീളുകയാണ്. പാലത്തിന്റെ ഇരുവശങ്ങളിലും രണ്ടടി വീതിയിൽ കോൺക്രീറ്റ് ചെയ്തതോടെ വാഹനങ്ങൾ കടന്നുപോകാനുള്ള വീതികുറഞ്ഞിട്ടുണ്ട്.
വീതികുറഞ്ഞ പാലത്തിലൂടെ വലിയ വാഹനങ്ങൾ കടന്നുപോകാൻ പ്രയാസപ്പെടുന്നതിനൊപ്പം സമീപ റോഡിലെ ഇടുക്കവും ഗതാഗതക്കുരുക്ക് രൂക്ഷമാക്കുന്നു. ഇരുവശങ്ങളിലും വാഹനങ്ങളുടെ നീണ്ടനിര പതിവായതോടെ യാത്രക്കാരും പ്രദേശവാസികളും ദുരിതത്തിലാണ്.
പ്രവൃത്തി നീളുന്നത് ദുരിതം
കല്ലാമൂല, ചെങ്കോട് പാലങ്ങളുടെ ഇരുവശങ്ങളിലെയും തകർന്ന സമീപ റോഡുകൾ ഗതാഗതയോഗ്യമാക്കാൻ 13.82 ലക്ഷം രൂപയാണ് കൊരുപ്പുകട്ട പതിക്കാനായി അനുവദിച്ചത്. കട്ടകൾ ഇറക്കി ദിവസങ്ങൾ പിന്നിട്ടിട്ടും പ്രവൃത്തി തുടങ്ങാത്തത് യാത്രക്കാരുടെ പ്രതിഷേധത്തിനിടയാക്കുന്നു. 1941-ൽ നിർമിച്ച കല്ലാമൂല, ചെങ്കോട് പാലങ്ങൾ കാലപ്പഴക്കംമൂലം ബലക്ഷയം നേരിടുന്നവയാണ്. വീതികുറഞ്ഞ പാലങ്ങളിലൂടെ ഒരേസമയം വലിയ വാഹനങ്ങൾക്ക് ഇരുവശത്തേക്കും കടന്നുപോകാൻ കഴിയാത്തതിനാൽ വാഹനങ്ങൾ മാറിമാറി കടത്തിവിടുകയാണ്. മലയോര ഹൈവേ ഒൻപതുമീറ്റർ വീതിയിൽ നവീകരിച്ചതോടെ വാഹനത്തിരക്ക് വർധിക്കുകയും പാലങ്ങളിലെ ഇടുക്കം കൂടുതൽ പ്രതിസന്ധിയാകുകയുംചെയ്തു.
ഇരുപാലങ്ങളുടെയും പുനർനിർമാണത്തിന് 9.17 കോടി രൂപയുടെ സാങ്കേതികാനുമതി ലഭിച്ച് ടെൻഡർ നടപടികൾ പൂർത്തിയായിട്ടുണ്ട്. ഫയൽ ധനകാര്യവകുപ്പിന്റെ അംഗീകാരത്തിനായി പരിഗണനയിലാണ്. പുതിയ പാലങ്ങളുടെ നിർമാണം പൂർത്തിയാകുന്നതുവരെ ഗതാഗതപ്രശ്നങ്ങൾക്ക് താത്കാലിക പരിഹാരമെന്ന നിലയിലാണ് കൊരുപ്പുകട്ടകൾ പതിക്കാൻ തീരുമാനിച്ചത്. മൂന്നുമാസത്തിലേറെയായി പ്രവൃത്തി തുടങ്ങിയിട്ട്. കല്ലാമൂലയിൽ കൊരുപ്പുകട്ട പതിക്കുന്നത് പൂർത്തിയാകാത്തത് യാത്രാദുരിതം തുടരാൻ കാരണമാകുന്നു. കട്ടപതിക്കൽ ഉടൻ പൂർത്തിയാക്കണമെന്നാണ് യാത്രക്കാരുടെയും നാട്ടുകാരുടെയും ആവശ്യം.