കാത്തിരിപ്പിന് വിട; നിലമ്പൂർ ബൈപ്പാസ് നിർമാണം തുടങ്ങി

ഔദ്യോഗിക ഉദ്ഘാടനം നവംബർ 16ന്

നിലമ്പൂർ : മൂന്നു പതിറ്റാണ്ടിന്റെ കാത്തിരിപ്പിന് അറുതിയായി. നിലമ്പൂർ ബൈപ്പാസ് ആദ്യഘട്ട നിർമാണം തുടങ്ങി. നിലമ്പൂരിലെ ഗതാഗതക്കുരുക്കിന് പരിഹാരം കാണാൻ 1996-ൽ തുടക്കം കുറിച്ച നിലമ്പൂർ ബൈപ്പാസിന്റെ നിർമാണമാണ് മൂന്നു പതിറ്റാണ്ടിനുശേഷം യഥാർത്ഥ്യമാകുന്നത്. പദ്ധതിയുടെ ഉദ്ഘാടനം അടുത്ത മാസം 16-ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.കെ. ബഷീർ, ആര്യാടൻ ഷൗക്കത്ത് തുടങ്ങിയവരുടെ സാന്നിധ്യത്തിൽ മുഖ്യമന്ത്രി വി.ഡി. സതീശൻ നിർവഹിക്കും.

കെ.എൻ.ജി. അന്തഃസംസ്ഥാന പാതയുടെ നിലമ്പൂരിലെ ജ്യോതിപ്പടി മുതൽ വെളിയംതോട്‌ വരെ ആറു കിലോമീറ്ററാണ് ബൈപ്പാസിന്റെ നീളം.

നാലുവരിപ്പാതയായാണ് ബൈപ്പാസിന്റെ നിർമാണം. ജ്യോതിപ്പടി മുതൽ മുക്കട്ട വരെയുള്ള 4.3 കിലോമീറ്ററാണ് ഒന്ന്, രണ്ട് റീച്ചുകളിലായി ആദ്യം പൂർത്തീകരിക്കുക.മുക്കട്ട മുതൽ വെളിയംതോട് വരെയുള്ള മൂന്നാം റീച്ചിന്റെ നിർമാണത്തിനും വൈകാതെ തുടക്കമാവും.

പിണറായി സർക്കാരിന്റെ അവസാനഘട്ടത്തിലാണ് ബൈപ്പാസിന് ഭൂമി വിട്ടുനൽകിയ മുഴുവൻ കുടുംബങ്ങൾക്കും പണം നൽകാൻ കഴിഞ്ഞത്. ഇതോടെയാണ് ബൈപ്പാസ് നിർമാണത്തിന് തുടക്കം കുറിക്കാനായത്. എം.എൽ.എ. എന്ന നിലയിൽ ആര്യാടൻ ഷൗക്കത്ത് നടത്തിയ ഫലപ്രദമായ ഇടപെടലുകളും സഹായകരമായി.

ജ്യോതിപ്പടി മുതൽ ചക്കാലക്കുത്ത് മുതുകാട് റോഡ് വരെ 2.46 കിലോമീറ്ററാണ് ഒന്നാംഘട്ടം. 35 കോടി രൂപയാണ് അടങ്കൽ തുക. ഇതിൽ 10 ശതമാനം കുറച്ച് 31.5 കോടി രൂപയ്ക്കാണ് മഞ്ചേരിയിലെ മലബാർ പ്ലസ് ടെൻഡർ ചെയ്തിട്ടുള്ളത്.ഈ ഭാഗത്താണ് ഇപ്പോൾ നിർമാണം ആരംഭിച്ചിട്ടുള്ളത്. ഒന്നരവർഷം കൊണ്ട് ഒന്നാംഘട്ടം പൂർത്തീകരിക്കും. രണ്ടാംഘട്ടത്തിന്റെ ടെൻഡർ നടപടി അടങ്കലിലെ തകരാർ മൂലം റദ്ദാക്കിയിട്ടുണ്ട്. പുതിയ അടങ്കൽ വീണ്ടും തയ്യാറാക്കി ചീഫ് എൻജിനീയറുടെ കാര്യാലയത്തിലേക്ക് അയക്കും.അനുമതി ലഭിച്ചാൽ കോഴിക്കോട് സൂപ്രണ്ടിങ് എൻജിനീയർ വീണ്ടും ടെൻഡർ ചെയ്യും. 1996- ൽ ആര്യാടൻ മുഹമ്മദാണ് നിലമ്പൂർ ബൈപ്പാസ് നടപടികൾക്ക് തുടക്കം കുറിച്ചത്.

ബൈപ്പാസിനായി ഭൂമി വിട്ടുനൽകിയവർക്ക് പണം ലഭിക്കാൻ 20 മുതൽ 29 വർഷം വരെ കാത്തിരിക്കേണ്ടിവന്നു. നിലമ്പൂർ ബൈപ്പാസ് യാഥാർത്ഥ്യമായാൽ മാത്രമേ നിലമ്പൂരിന്റെ ഗതാഗതക്കുരുക്കിന് പരിഹാരമാകൂ.