സ്വന്തം കെട്ടിടമായില്ല; വേങ്ങര സബ്ട്രഷറി ഇപ്പോഴും ചെമ്മാട്ടുതന്നെ

വേങ്ങര : സർവീസിൽനിന്ന് വിരമിച്ചവരുടെ നിരന്തരമായ ആവശ്യം പരിഗണിച്ച് വേങ്ങരയിൽ പ്രവർത്തനമാരംഭിച്ച സബ്ട്രഷറിയുടെ പ്രവർത്തനം തിരൂരങ്ങാടി ചെമ്മാട്ടേക്ക് മാറ്റിയിട്ട് ഒരുവർഷം പിന്നിടുന്നു.

2015 ഓഗസ്റ്റ് മാസത്തിലാണ് വേങ്ങര സഹകരണബാങ്കിന്റെ ഉടമസ്ഥതയിലുള്ള കെട്ടിടത്തിൽ മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടിയുടെ അധ്യക്ഷതയിൽ വേങ്ങര സബ്ട്രഷറി അന്നത്തെ ധനകാര്യമന്ത്രി കെ.എം. മാണി നേരിട്ടെത്തി ഉദ്ഘാടനംചെയ്ത് പ്രവർത്തനമാരംഭിച്ചത്. ചെമ്മാട് പ്രവർത്തിക്കുന്ന തിരൂരങ്ങാടി സബ്ട്രഷറിയിലെ തിരക്കൊഴിവാക്കാനും ഒരുവാഹനംപോലും നിർത്താൻ സൗകര്യമില്ലാത്ത ഇവിടെയെത്തുന്ന പെൻഷൻകാരുടെ പ്രയാസമൊഴിവാക്കാനുമായിരുന്നു വേങ്ങരയിൽ ഒരു ട്രഷറി എന്ന ആവശ്യമുയർന്നതും, പ്രവർത്തനമാരംഭിച്ചതും.

തീരേ സൗകര്യംകുറഞ്ഞ സ്ഥലത്ത് വേങ്ങരയിൽ അന്ന് ട്രഷറി പ്രവർത്തനമാരംഭിച്ചപ്പോൾത്തന്നെ സ്വന്തമായൊരു കെട്ടിടം വേണമെന്ന ആവശ്യം ശക്തമായിരുന്നു.

മേൽക്കൂര ഇടിഞ്ഞുവീണ് കെട്ടിടം അപകടാവസ്ഥയിലാതോടെയാണ് പ്രവർത്തനം താത്കാലികമായി കഴിഞ്ഞവർഷം ചെമ്മാട്ടേക്ക് മാറ്റിയത്. എന്നാൽ ട്രഷറിയുടെ പരിധിയിലുള്ള വേങ്ങര, ഊരകം, കണ്ണമംഗലം, എ.ആർ. നഗർ ഗ്രാമപ്പഞ്ചായത്തിൽ സ്ഥലമോ, കെട്ടിടമോ ലഭിക്കാനായി ശ്രമിച്ചെങ്കിലും അനുയോജ്യമായ ഇടം ഇതുവരെ കണ്ടെത്താനായിട്ടില്ല.

ഇതിനാൽ ഒരുവർഷമായി ചെമ്മാട് തിരൂരങ്ങാടി സബ്ട്രഷറിയുടെ പെൻഷൻകാരുടെ വിശ്രമകേന്ദ്രത്തിലാണ് വേങ്ങര സബ്ട്രഷറി പ്രവർത്തിക്കുന്നത്.

പുതുതായി ഭരണാനുമതി ലഭിച്ച് വേങ്ങരയിൽ നിർമാണം തുടങ്ങുന്ന റവന്യൂ ടവറിലും ട്രഷറിക്ക് സ്ഥലമനുവദിച്ചിട്ടില്ല. വേങ്ങര സബ്‌ട്രഷറിയിലെ ജീവനക്കാർ വളരെ ബുദ്ധിമുട്ടിയാണ് ചെമ്മാട് ആസ്ബറ്റോസ് ഷീറ്റിനടിയിലിരുന്ന് ജോലിചെയ്യുന്നതെന്നും, വേങ്ങരയിൽ പല കെട്ടിടങ്ങളും നോക്കിയെങ്കിലും ഉയർന്ന വാടകയാണ് പ്രശ്നമാകുന്നതെന്നും ജില്ലാ ട്രഷറി ഓഫീസർ മുഹമ്മദ് പുല്ലുപറമ്പൻ പറഞ്ഞു.

തദ്ദേശസ്ഥാപനങ്ങളുടെ സഹായത്തോടെ താത്കാലികമായെങ്കിലും ഒരു സ്ഥലം കണ്ടെത്താനുള്ള ശ്രമം ഇപ്പോഴും തുടരുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.

വേങ്ങരയിലേക്ക് മാറണം

പെൻഷൻകാരുടെ ആവശ്യപ്രകാരം പലതവണ അധികാരികൾക്ക് പരാതി നൽകിയതാണ്. പരാതിപ്രകാരം മന്ത്രി വേങ്ങര ബ്ലോക്ക് പഞ്ചായത്തിന് നിർദേശം നൽകുകയും അത് ഭരണസമിതി അംഗീകരിക്കുകയും ചെയ്തിട്ടുണ്ട്. എത്രയുംപെട്ടെന്ന് താത്കാലികമായെങ്കിലും വേങ്ങരയിലേക്ക് മാറണമെന്നതാണ് പെൻഷനേഴ്‌സ് ലീഗിന്റെ ആവശ്യം.

-യു. ഹമീദലി

സെക്രട്ടറി, കെ.എസ്.പി.എൽ. വേങ്ങര മണ്ഡലം