മേലാറ്റൂർ റെയിൽവേ സ്റ്റേഷൻ പ്ലാറ്റ്‌ഫോം കാടുമൂടി

മേലാറ്റൂർ : മേലാറ്റൂർ റെയിൽവേ സ്റ്റേഷൻ പ്ലാറ്റ്ഫോം കാടുമൂടുന്നു. പ്ലാറ്റ്ഫോമിന്റെ മിക്കഭാഗത്തും പുല്ലുനിറഞ്ഞും കാടുപിടിച്ചും കിടക്കുകയാണ്. ട്രാക്‌ഷൻ സബ്സ്റ്റേഷനു മുൻപിൽ പുതിയതായി നിർമിച്ച പ്ലാറ്റ്‌ഫോമിൽ ഒരാൾ ഉയരത്തിൽവരെ പുൽക്കാട് വളർന്നുനിൽക്കുന്നുണ്ട്.

യാത്രക്കാർക്കുള്ള ഷെൽട്ടറുകൾക്കും ഇരിപ്പിടങ്ങൾക്കും ചുറ്റുമെല്ലാം പുൽക്കാടുകൾ നിറഞ്ഞ അവസ്ഥയാണ്. അതുകൊണ്ടുതന്നെ അവ ഉപയോഗിക്കാൻ യാത്രക്കാർ ഭയക്കുകയാണ്. ഷൊർണൂർ-നിലമ്പൂർ പാതയിലെ ഒരു പ്രധാന സ്റ്റേഷനാണ് മേലാറ്റൂർ. പാതയിൽ പതിനാറുതവണകളിലായി കടന്നുപോകുന്ന തീവണ്ടികളിൽ പതിനഞ്ചുതവണയും മേലാറ്റൂരിൽ സ്റ്റോപ്പുണ്ട്. ഇതിൽ രാത്രിയിലടക്കം നിർത്തുന്നവയുമുണ്ട്.

ദിവസവും നിരവധി യാത്രക്കാരാണ് തീവണ്ടിയാത്രയ്ക്കായി മേലാറ്റൂർ റെയിൽവേ സ്റ്റേഷനിൽ എത്തുന്നത്. എന്നാൽ പുല്ലും കാടും നിറഞ്ഞ പ്ലാറ്റ്‌ഫോമിലൂടെ ഇഴജന്തുക്കളെയും മറ്റും ഭയന്ന് നടക്കേണ്ട ഗതികേടിലാണ് യാത്രക്കാരിപ്പോൾ. പതിനാറ് കോച്ചുകളുള്ള രാജ്യറാണി, കോട്ടയം എക്സ്‍പ്രസുകൾ മേലാറ്റൂരിൽ നിർത്തുമ്പോൾ സ്ത്രീകളും കുട്ടികളും ഉൾപ്പെടെയുള്ള യാത്രക്കാർക്ക് കാടുമൂടിയ പ്ലാറ്റ്‌ഫോമിലേക്ക് ഇറങ്ങേണ്ട അവസ്ഥയാണുള്ളത്.

ഈ ദുരവസ്ഥ തുടങ്ങിയിട്ട് മാസങ്ങളായി. വിഷയത്തിൽ റെയിൽവേയുടെ ഭാഗത്തുനിന്ന് അടിയന്തര ഇടപെടൽ ഉണ്ടാകണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്.