കടുവാഭീതിക്കിടെ കക്കറയിൽ പുലിയും

കരുവാരക്കുണ്ട് : കടുവാഭീതിയിൽ കഴിയുന്ന മലയോരത്ത് പുലിയിറങ്ങി. കരുവാരക്കുണ്ട് കക്കറ മേഖലയിൽ പുലിയുടെ സാന്നിധ്യം സ്ഥിരീകരിച്ചതോടെ പ്രദേശവാസികൾ കടുത്ത ആശങ്കയിലാണ്.

കക്കറമുണ്ടഭാഗത്തെ റബ്ബർ തോട്ടത്തിൽ ടാപ്പിങ്ങിനെത്തിയ തൊഴിലാളിയാണ് പുലിയെ നേരിൽക്കണ്ടത്. പുലി പത്തുമീറ്ററോളം അടുത്തെത്തിയിരുന്നുവെന്നാണ് തൊഴിലാളി പറയുന്നത്. വട്ടപറമ്പിൽ മുനീറിന്റെ ഉടമസ്ഥതയിലുള്ള റബ്ബർ തോട്ടത്തിൽ ഞായറാഴ്ച പുലർച്ചെ ടാപ്പിങ്ങിനെത്തിയ റഷീദാണ് പുലിയെ കണ്ടത്.

തോട്ടത്തിനടുത്ത് പുലി നിൽക്കുന്നത് ശ്രദ്ധയിൽപ്പെട്ടതോടെ ഭയന്നുപോയ റഷീദ് ഉടൻ സ്ഥലത്തുനിന്നുമാറി രക്ഷപ്പെടുകയായിരുന്നു. തുടർന്ന് നാട്ടുകാരെ വിവരമറിയിച്ചു. വനംവകുപ്പിന്റെ റാപ്പിഡ് റെസ്‌പോൺസ് ടീം (ആർ.ആർ.ടി.) അംഗങ്ങളെയും വിവരം അറിയിച്ചു. കഴിഞ്ഞദിവസങ്ങളിൽ കാളികാവ് പുല്ലങ്കോട് റബ്ബർ എസ്റ്റേറ്റിൽ കടുവയിറങ്ങി പന്നിയെ വേട്ടയാടി ഇരയാക്കിയിരുന്നു. ഇതിനുപിന്നാലെയാണ് കക്കറയിൽ പുലിയെയും കണ്ടത്.

ഒരേ മേഖലയിൽ വിവിധയിടങ്ങളിലായി കടുവ, പുലി എന്നീ വന്യമൃഗങ്ങകളുടെ സാന്നിധ്യം സ്ഥിരീകരിക്കുന്നത് ജനങ്ങളുടെ ആശങ്ക വർധിപ്പിച്ചിട്ടുണ്ട്. റബ്ബർ തോട്ടങ്ങളിൽ പുലർച്ചെ ടാപ്പിങ്ങിനിറങ്ങുന്ന തൊഴിലാളികളും ചെറുകിട തോട്ടം ഉടമകളുമാണ് ഏറെ പ്രതിസന്ധിയിലായത്.

പുലർച്ചെയും വൈകുന്നേരങ്ങളിലും ഇവർ തോട്ടങ്ങളിൽ ജോലിചെയ്യുന്നത് ഭീതിയോടെയാണ്. തോട്ടങ്ങളിലേക്ക് ഒറ്റയ്ക്കുപോകാൻപോലും തൊഴിലാളികൾ മടിക്കുന്ന സാഹചര്യമാണ്. ഹിംസ്രജീവികളുടെ സാന്നിധ്യം സംബന്ധിച്ച് വനംവകുപ്പ് അടിയന്തരമായി പരിശോധന നടത്തി സുരക്ഷാനടപടികൾ ശക്തമാക്കണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം. തൊഴിലാളികൾക്കും തോട്ടം ഉടമകൾക്കും ഭയമില്ലാതെ ജോലിചെയ്യാൻ കഴിയുന്ന സാഹചര്യമൊരുക്കണമെന്ന ആവശ്യവും ശക്തമാണ്. തോട്ടംമേഖല പ്രതിസന്ധിയിൽ