മിനി മാരത്തണുമായി ശിശുദിനവാരാഘോഷത്തിന് സമാപനം

മലപ്പുറം : ശിശുദിനവാരാഘോഷത്തിന്റെ ഭാഗമായി സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മിഷനും ജില്ലാ ചൈൽഡ് പ്രൊട്ടക്‌ഷൻ യൂണിറ്റും ചേർന്ന് പൊതുജനങ്ങൾക്കായി മിനി മാരത്തൺ നടത്തി. മലപ്പുറം ഗവ. കോളേജ് മുതൽ കുന്നുമ്മൽ വരെയായിരുന്നു മാരത്തൺ. നൂറോളംപേർ പങ്കെടുത്തു.

കുട്ടികളുടെ സംരക്ഷണവും ക്ഷേമവും സമൂഹത്തിന്റെ കൂട്ടായ ഉത്തരവാദിത്വമാണെന്ന സന്ദേശം പൊതുജനങ്ങളിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് മിനി മാരത്തൺ നടത്തിയത്. കുട്ടികളുടെ അവകാശസംരക്ഷണത്തിൽ പൊതുജനങ്ങളുടെ ശ്രദ്ധയും പങ്കാളിത്തവും വർധിപ്പിക്കുന്നതിനും ആരോഗ്യകരമായ ജീവിതശൈലിയും കായികസംസ്‌കാരവും പ്രോത്സാഹിപ്പിക്കുന്നതിനും പരിപാടി സഹായകരമായി.

മിനി മാരത്തണിന്റെ ടീ ഷർട്ട് റവന്യൂമന്ത്രി എ.പി. അനിൽകുമാർ പ്രകാശനംചെയ്തു. ഡി.വൈ.എസ്.പി., സി ബ്രാഞ്ച് ആൻഡ് സ്‌പെഷ്യൽ ജുവനൈൽ പോലീസ് യൂണിറ്റ് നോഡൽ ഓഫീസർ മുഹമ്മദ് ഹനീഫ മാരത്തൺ ഫ്ലാഗ് ഓഫ് ചെയ്തു.

ശിശുദിനവാരാഘോഷത്തിന്റെ സമാപനസമ്മേളനം സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മിഷൻ അംഗം അഡ്വ. പി. ഷാജേഷ് ഭാസ്‌കർ ഉദ്ഘാടനംചെയ്തു.

ജില്ലാ വനിതാ ശിശു വികസന ഓഫീസർ എസ്.എൽ. ശ്യാം ശങ്കർ, ജില്ലാ ചൈൽഡ് പ്രൊട്ടക്‌ഷൻ ഓഫീസർ ടി.എൻ. ധന്യ, മങ്കട സി.ഡി.പി.ഒ. ഷൈനി, ലീഗൽ കം പ്രൊബേഷൻ ഓഫീസർ പി. ഫവാസ്, പ്രൊട്ടക്‌ഷൻ ഓഫീസർമാരായ എ.കെ. മുഹമ്മദ് സാലിഹ്, ഫസൽ പുള്ളാട്ട് എന്നിവർ പങ്കെടുത്തു.