പീനാറി പൂത്തു....ഇവിടെ കാറ്റിന് ദുർഗന്ധം....

#വിമൽ കോട്ടയ്ക്കൽ

മലപ്പുറം : ‘ഇവിടെ കാറ്റിന് ദുർഗന്ധം’എന്ന് ആർക്കെങ്കിലും തോന്നിയാൽ തെറ്റിദ്ധരിക്കേണ്ട, ആ പ്രദേശങ്ങളിലെവിടെയെങ്കിലും പീനാറി പൂത്തിട്ടുണ്ടാകും. വ്യത്യസ്തപേരുകളിൽ അറിയപ്പെടുന്ന ഈ മരത്തിന്റെ പൂവിന് മനുഷ്യവിസർജ്ജ്യത്തിന്റെ ഗന്ധമാണ്.

മലപ്പുറം ജില്ലയിൽത്തന്നെ ഈ മരത്തിന് പീനാറി, കാളന്തട്ട, തോലി, പൊട്ടക്കാള എന്നൊക്കെ പേരുണ്ട്. മധ്യകേരളത്തിൽ പോത്തുണ്ടി, പൊട്ടക്കവളം എന്നൊക്കെ പറയും.

കാവളം, തൊണ്ടി, കൈത്തൊണ്ടി, കുതിരപ്പിടുക്ക് എന്നൊക്കെയും അറിയപ്പെടുന്നുണ്ട്. ശാസ്ത്രീയനാമം സ്റ്റെർക്കുലിയ ഗറ്റാറ്റ (Sterculia guttata). പുരാതന റോമാക്കാരുടെ ദേവനായ സ്റ്റെർകുലിയസിന്റെ പേരിൽനിന്നു വന്നതാണ് ഈ പേര്. സ്റ്റെർക്കുലിയസ് വളത്തിന്റെയും വിസർജ്ജ്യത്തിന്റെയും ഫലഭൂയിഷ്ഠതയുടെയുമൊക്കെ ദേവനാണ്. ഇംഗ്ലീഷിൽ ബാസ്റ്റഡ് പൂൺ ട്രീ, ഡങ് ട്രീ എന്നൊക്കെ വിളിക്കും. എല്ലാ പേരിന്റെയും അടിസ്ഥാനം ദുർഗന്ധംതന്നെ.

ഇതിന്റെ പൂവ് വിടരാൻ തുടങ്ങുമ്പോഴാണ് കൂടുതൽ ദുർഗന്ധമുണ്ടാവുക. പലപ്പോഴും ഈ മണം എവിടെനിന്നാണെന്നറിയാതെ പറമ്പും പരിസരവുമെല്ലാം പരിശോധിക്കുന്നവരുണ്ട്. വീട്ടിനുള്ളിൽ കുട്ടികളുണ്ടെങ്കിൽ അവരെയും സംശയിക്കും.

പൂക്കൾ കുറച്ചുകാലം കഴിഞ്ഞാൽ പച്ചനിറത്തിലുള്ള കായ്കളാകും. വൈകാതെ നല്ല കണ്ണഞ്ചിപ്പിക്കുന്ന ചുവന്ന നിറമായി മാറും.

പണ്ട് ഇതിന്റെ കുരു ചക്കക്കുരുപോലെ വറുത്ത് തിന്നുന്നവരുണ്ടായിരുന്നു. ഇതിന്റെ തടിയിലെ കാതലിന്റെ ചെറിയ കഷ്ണമണ് കുട്ടികൾക്ക് ‘പീനാറി’ എന്ന പേരിൽ തേനിന്റേയും വയമ്പിന്റെയുംമറ്റും കൂടെ ഉരച്ചുകൊടുക്കുന്നതെന്ന് ഔഷധസസ്യ ഗവേഷകൻ ഡോ. പ്രമോദ് ഇരുമ്പുഴി പറഞ്ഞു. ഈ തടിക്കഷ്ണത്തിനും മനുഷ്യമലത്തിന് സമാനമായ ദുർഗന്ധമുണ്ട്. വയമ്പ്, കായം, രുദ്രാക്ഷം, ചന്ദനം എന്നിവയുടെ കൂടെ ഇത് ഉരച്ചുനൽകുമ്പോൾ അതിന്റെ ദുർഗന്ധം തിരിച്ചറിയില്ല.