നടുവൊടിക്കും ഈ റോഡ്

പണിതിട്ടും പണിതിട്ടും പണിതീരാത്ത അവസ്ഥയാണ് ഈ റോഡിന് എന്നും

വളാഞ്ചേരി : എടയൂർ പഞ്ചായത്തിലെ പ്രധാന ഗ്രാമീണ റോഡുകളിലൊന്നായ മാവണ്ടിയൂർ കൂരിയാൽ-എടയൂർ വായനശാലാ റോഡിൽ യാത്രാദുരിതം തീരുന്നില്ല.

നാലു കിലോമീറ്ററോളം ദൂരമാണ് കുണ്ടുംകുഴിയുമായി കിടക്കുന്നത്. നാട്ടുകാരുടെ പരാതി ഉയരുമ്പോഴെല്ലാം പൊതുമരാമത്തുവകുപ്പ് നവീകരണം നടത്തുകയും വൈകാതെത്തന്നെ റോഡ് പൊട്ടിപ്പൊളിയുകയുമാണ് പതിവ്.

മാവണ്ടിയൂരും സമീപത്തുമുള്ള കരിങ്കൽ, ചെങ്കൽ ക്വാറികളിൽനിന്ന് ലോഡുമായി വരുന്ന ടോറസ് ലോറികളുൾപ്പെടെ നിരവധി വാഹനങ്ങൾ ഓടുന്നത് ഈ റോഡിലൂടെയാണ്. റോഡ് തകരാൻ ഇതും കാരണമാകുന്നുവെന്ന് നാട്ടുകാർ പറയുന്നു. മാവണ്ടിയൂർ ബ്രദേഴ്‌സ് ഹയർ സെക്കൻഡറി സ്കൂളിലേക്കും വടക്കുമ്പ്രം കെ.വി.യു.പി. സ്കൂളിലേക്കും മദ്രസകളിലേക്കുമുള്ള വിദ്യാർഥികൾ ഇതുവഴിയാണ് നടന്നുപോകുന്നത്.

വളാഞ്ചേരി, എടയൂർ എന്നിവിടങ്ങളിലെ നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്കുള്ള ബസുകളും ഇതുവഴി ഓടുന്നുണ്ട്.

കിലോമീറ്ററുകൾ അകലത്തിലുള്ളതും പഞ്ചായത്തിന്റെ രണ്ടറ്റങ്ങളിലായിക്കിടക്കുന്ന എടയൂർ, വടക്കുമ്പ്രം മേഖലകളെ ബന്ധിപ്പിക്കുന്നതുമായ പ്രധാന റോഡാണിത്. വില്ലേജ് ഓഫീസ്, വിവിധ ബാങ്കുകൾ, പഞ്ചായത്ത് ഓഫീസ്, പൂക്കാട്ടിരി ടൗൺ എന്നിവിടങ്ങളിലേക്ക് കുറഞ്ഞ സമയംകൊണ്ട് എത്തിച്ചേരാനും ഈ റോഡിലൂടെ സാധിക്കും.

റബ്ബറൈസ് ചെയ്യുകയോ സ്ഥിരമായി തകരുന്ന ഭാഗങ്ങൾ കോൺക്രീറ്റുചെയ്ത് ബലപ്പെടുത്തുകയോ ചെയ്താലേ തകർച്ചയ്ക്ക് ശാശ്വതപരിഹാരമുണ്ടാകൂ.

പഞ്ചായത്ത് ഓഫീസിന് പുതിയ കെട്ടിടം പണിയുന്നതിനായി വകയിരുത്തിയ ഒരുകോടി രൂപ ഓഫീസ് നിർമാണത്തിന് മറ്റൊരു ഫണ്ട് ലഭിച്ചതിനാൽ പ്രൊഫ. കെ.കെ. ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ.യുടെ നിർദേശപ്രകാരം റോഡ് നവീകരിക്കുന്നതിനായി മാറ്റി അനുവദിച്ച് ഉത്തരവായിട്ടുണ്ട്. എന്നാൽ, ഒരുകോടി രൂപ റോഡിന്റെ ശാസ്ത്രീയമായ നവീകരണത്തിന് പര്യാപ്തമല്ലെന്നും ജനപ്രതിനിധികൾ ഇടപെട്ട് കൂടുതൽ തുക അനുവദിക്കണമെന്നുമാണ് നിലവിൽ ഉയരുന്ന ആവശ്യം.