കവുങ്ങ് കൃഷിക്ക് ഉണർവേകാൻ കൃഷിവകുപ്പ്

കർഷകരുടെ പ്രശ്നങ്ങൾ തേടി ബ്ലോക്ക് തലത്തിൽ യോഗങ്ങൾ
പുളിക്കൽ : കവുങ്ങ് കൃഷിയെ പരിപോഷിപ്പിക്കാനും കർഷകർ നേരിടുന്ന പ്രശ്നങ്ങൾക്ക് പരിഹാരംകാണാനുമായി കൃഷിവകുപ്പ് അടിയന്തര നടപടികൾക്ക് ഒരുങ്ങുന്നു. കവുങ്ങ് കർഷകരിൽനിന്ന് നേരിട്ട് പരാതികളും നിർദേശങ്ങളും സ്വീകരിച്ച് അടിയന്തര റിപ്പോർട്ട് നൽകാൻ കൃഷിവകുപ്പ് മന്ത്രി ടി. സിദ്ദിഖ് ഉദ്യോഗസ്ഥർക്ക് നിർദേശംനൽകി. കവുങ്ങ് കൃഷിക്കാർ നേരിടുന്ന പ്രശ്നങ്ങൾ, കൃഷിയുടെ വ്യാപ്തി, ജില്ലതിരിച്ചുള്ള കൃഷി വിസ്തൃതി തുടങ്ങിയ വിവരങ്ങളാണ് റിപ്പോർട്ടിൽ ഉൾപ്പെടുത്തുക.
ഇതിന്റെ ഭാഗമായി ബ്ലോക്ക് തല കൃഷിവകുപ്പ് അസിസ്റ്റന്റ് ഡയറക്ടർമാരുടെ നേതൃത്വത്തിൽ വിവിധ പഞ്ചായത്തുകളിലെ കവുങ്ങ് കർഷകരുടെ പ്രത്യേക യോഗങ്ങൾ ചേർന്നു. പ്രശ്നങ്ങളും പരാതികളും വിശദമായി ചർച്ചചെയ്തു. കർഷകർ മുന്നോട്ടുവെച്ച നിർദേശങ്ങളും കൃഷി ഓഫീസർമാർ ശേഖരിച്ച വിവരങ്ങളും ക്രോഡീകരിച്ച് ജില്ലാ കൃഷി ഓഫീസർമാർ മുഖേന കൃഷിവകുപ്പ് ഡയറക്ടറേറ്റിന് സമർപ്പിക്കാനാണ് നിർദേശം. മറ്റ് കൃഷികൾക്ക് ആനുകൂല്യങ്ങൾ ലഭ്യമാകുമ്പോഴും കവുങ്ങ് കൃഷിക്ക് വർഷങ്ങളായി കൃഷിവകുപ്പ് തലത്തിൽ കാര്യമായ ആനുകൂല്യങ്ങളൊന്നും ലഭിക്കുന്നില്ലെന്ന പരാതിയാണ് കർഷകർക്കുള്ളത്. പഞ്ചായത്തുകളും നഗരസഭകളും നടപ്പാക്കുന്ന ജനകീയാസൂത്രണ പദ്ധതികളിലും കവുങ്ങ് കൃഷിക്ക് ആനുകൂല്യം ലഭിക്കുന്നത് പരിമിതമാണ്.
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾവഴി കവുങ്ങ് കൃഷിക്ക് സഹായംനൽകാൻ സാധ്യതയുണ്ടെങ്കിലും നിർവഹണ ഉദ്യോഗസ്ഥരായ കൃഷി ഓഫീസർമാരിൽ ഭൂരിഭാഗവും ഇതിന് ആവശ്യമായ പദ്ധതികൾ തയ്യാറാക്കുന്നില്ലെന്നാണ് കർഷകരുടെ പരാതി. ഏതാനും കൃഷിഭവനുകൾ മാത്രമാണ് കവുങ്ങ് കൃഷിക്കായി പദ്ധതികൾ തയ്യാറാക്കി ആനുകൂല്യങ്ങൾ നൽകുന്നത്. കവുങ്ങ് കൃഷിക്ക് കൃഷിവകുപ്പ് ആനുകൂല്യങ്ങൾ ഏർപ്പെടുത്തുന്നത് മലബാർ മേഖലയിലെ കർഷകർക്ക് ഏറെ ഗുണകരമാകുമെന്നാണ് കർഷകരുടെ പ്രതീക്ഷ. സംസ്ഥാനത്ത് കവുങ്ങ് കൃഷി കൂടുതലായി വ്യാപിച്ചുകിടക്കുന്നത് മലബാർ മേഖലയിലാണ്.