വണ്ടൂരിലെ മഞ്ഞപ്പിത്തവ്യാപനം: രണ്ടാം തരംഗം തടയാൻ ജാഗ്രതാകവചം

ഭക്ഷ്യവില്പനകേന്ദ്രങ്ങളിൽ പരിശോധന കർശനമാക്കും
വണ്ടൂർ : മേഖലയിലെ മഞ്ഞപ്പിത്തബാധയുടെ തീവ്രത കുറഞ്ഞുവരുമ്പോഴും രോഗത്തിന്റെ രണ്ടാംഘട്ട വ്യാപനസാധ്യത ഒഴിവാക്കാൻ പ്രതിരോധപ്രവർത്തനങ്ങൾ ശക്തമാക്കുന്നു.
ആരോഗ്യവകുപ്പിന്റെയും തദ്ദേശസ്ഥാപനങ്ങളുടെയും നേതൃത്വത്തിൽ വീടുകൾ കേന്ദ്രീകരിച്ചുള്ള ബോധവത്കരണവും ഭക്ഷ്യവിൽപ്പനകേന്ദ്രങ്ങളിലെ പരിശോധനയും വ്യാപിപ്പിക്കാൻ തീരുമാനിച്ചു. ആരോഗ്യവകുപ്പ് അഡീഷണൽ ഡയറക്ടർ കെ. സക്കീനയുടെ നേതൃത്വത്തിൽ വണ്ടൂരിലെത്തിയ ഉന്നതതലസംഘം വിവിധ വകുപ്പുകളുടെയും തദ്ദേശസ്ഥാപനങ്ങളുടെയും പ്രതിനിധികളുമായി നടത്തിയ സംയുക്തയോഗത്തിലാണ് തുടർപ്രവർത്തനങ്ങൾക്കു രൂപംനൽകിയത്.
രോഗബാധിതരുടെ എണ്ണം കുറഞ്ഞുവരുന്നത് ആശ്വാസകരമാണെങ്കിലും ജാഗ്രതയിൽ വീഴ്ചവരുത്തരുതെന്ന് വണ്ടൂർ താലൂക്ക് ആശുപത്രിയിൽ ചേർന്ന യോഗം മുന്നറിയിപ്പുനൽകി.
രോഗം സ്ഥിരീകരിച്ച ഘട്ടംമുതൽ ആരോഗ്യവകുപ്പിന് പഞ്ചായത്തുകൾ, വ്യാപാരികൾ, ഹോട്ടലുടമകൾ എന്നിവരിൽനിന്നു ലഭിച്ച സഹകരണം വ്യാപനം നിയന്ത്രിക്കുന്നതിൽ നിർണായകമായെന്ന് യോഗം വിലയിരുത്തി. എന്നാൽ രോഗത്തിന്റെ രണ്ടാംഘട്ട വ്യാപനം തടയാൻ തുടർച്ചയായ നിരീക്ഷണവും കൂട്ടായ പ്രവർത്തനവും അനിവാര്യമാണെന്ന് അധികൃതർ ചൂണ്ടിക്കാട്ടി.
ഓരോ വാർഡിലുംപ്രതിരോധ സ്ക്വാഡ്
ആരോഗ്യപ്രവർത്തകരുടെ നേതൃത്വത്തിലുള്ള സ്ക്വാഡുകളിൽ പഞ്ചായത്തംഗങ്ങളെക്കൂടി ഉൾപ്പെടുത്തി വാർഡുതല പ്രവർത്തനം വിപുലീകരിക്കും. വീടുകൾ കയറിയിറങ്ങി രോഗപ്രതിരോധ മാർഗങ്ങൾ ജനങ്ങളെ ബോധവത്കരിക്കും. അങ്ങാടികളിലെ പരിശോധനാ സ്ക്വാഡുകളിൽ പഞ്ചായത്ത് സെക്രട്ടറിമാരെയും ഉൾപ്പെടുത്തി പ്രവർത്തനം ശക്തമാക്കാനും തീരുമാനിച്ചു.
തട്ടുകടകളുൾപ്പെടെ ഭക്ഷ്യവിതരണം നടത്തുന്ന മുഴുവൻ സ്ഥാപനങ്ങളിലും പരിശോധന കൂടുതൽ കർശനമാക്കും. ഭക്ഷണം തയ്യാറാക്കുന്നതിനും വിതരണംചെയ്യുന്നതിനും ഉപയോഗിക്കുന്ന വെള്ളത്തിന്റെ സുരക്ഷയും സ്ഥാപനങ്ങളിലെ ശുചിത്വവും ഉറപ്പാക്കുന്നതിനാണ് പ്രത്യേക ശ്രദ്ധനൽകുക.
യോഗത്തിൽ ബ്ലോക്ക്പഞ്ചായത്ത് പ്രസിഡന്റ് കെ. അമൃത അധ്യക്ഷതവഹിച്ചു. ഡെപ്യൂട്ടി ഡി.എം.ഒ. സി. ഷുബിൻ, മെഡിക്കൽ ഓഫീസർ ഉമ്മർ പള്ളിയാളി, പഞ്ചായത്ത് പ്രസിഡന്റുമാരായ കെ.ടി. ശംസുദ്ദീൻ, സുമ താരിയൻ, പി.ആർ. രാഹുൽനാഥ്, എൻ.പി. മുഹമ്മദ്, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, വ്യാപാരി അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.
വെള്ളത്തിലും ഭക്ഷണത്തിലും കരുതൽവേണം
:പൊതുജനങ്ങളുടെ ജാഗ്രതയിലൂടെയേ രോഗവ്യാപനം പൂർണമായി തടയാനാകൂവെന്ന് ആരോഗ്യവകുപ്പ് മുന്നറിയിപ്പുനൽകി. കുടിവെള്ളത്തിന്റെ സുരക്ഷ ഉറപ്പാക്കുന്നതിനൊപ്പം പരിസരശുചിത്വത്തിലും ശ്രദ്ധിക്കണം. സുരക്ഷിതമല്ലാത്ത വെള്ളവും ഉറവിടം വ്യക്തമല്ലാത്ത ഐസും ഉപയോഗിച്ചുള്ള പാനീയങ്ങൾ ഒഴിവാക്കണമെന്നും അധികൃതർ നിർദേശിച്ചു.
അതേസമയം, രോഗത്തെക്കുറിച്ച് പ്രചരിക്കുന്ന സ്ഥിരീകരിക്കാത്ത വിവരങ്ങൾ വ്യാപാരമേഖലയെ പ്രതികൂലമായി ബാധിക്കുന്നുണ്ടെന്ന് വ്യാപാരി പ്രതിനിധികൾ യോഗത്തിൽ ചൂണ്ടിക്കാട്ടി. ആരോഗ്യവകുപ്പിന്റെ ഔദ്യോഗിക അറിയിപ്പുകൾക്ക് വിരുദ്ധമായ വാട്സാപ്പ് പ്രചാരണങ്ങൾക്കെതിരേ നടപടി സ്വീകരിക്കണമെന്നും അവർ ആവശ്യപ്പെട്ടു.