തിരഞ്ഞെടുപ്പുകമ്മിഷനെതിരായ ആരോപണങ്ങൾ അന്വേഷിക്കണം -രമേശ് ചെന്നിത്തല

മലപ്പുറം : കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷനെതിരായ ആരോപണങ്ങളിൽ സമഗ്രമായ അന്വേഷണം നടത്തണമെന്ന് ആഭ്യന്ത്രമന്ത്രി രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. തിരഞ്ഞെടുപ്പ് കമ്മിഷന്റെ വിശ്വാസ്യത തകർക്കുന്ന നടപടികൾക്കെതിരേ ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ കളക്ടറേറ്റ് മാർച്ച് ഉദ്ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം.
സ്പെഷ്യൽ ഇന്റൻസീവ് റിവിഷൻ ഉൾപ്പെടെയുള്ള നിർണായക വിഷയങ്ങളിൽ തിരഞ്ഞെടുപ്പ് കമ്മിഷനിലെ അംഗങ്ങൾക്കിടയിൽപ്പോലും അഭിപ്രായവ്യത്യാസമുണ്ടായി.
വോട്ടർപട്ടികയിലെ ക്രമക്കേടുകൾ, വോട്ടർമാരുടെ പേരുകൾ നീക്കംചെയ്യൽ, പുതിയ വോട്ടർമാരെ ചേർക്കുന്നതിലെ സംശയങ്ങൾ, കമ്മിഷന്റെ ഐ.ടി. സംവിധാനവുമായി ബന്ധപ്പെട്ട നിയന്ത്രണങ്ങൾ തുടങ്ങിയ വിഷയങ്ങളിൽ ഉയർന്ന ആരോപണങ്ങൾക്ക് വ്യക്തമായ മറുപടി നൽകണം. തിരഞ്ഞെടുപ്പ് സംവിധാനത്തിന്റെ സ്വതന്ത്രവും നിഷ്പക്ഷവുമായ പ്രവർത്തനം ഉറപ്പാക്കേണ്ടത് ജനാധിപത്യത്തിന്റെ അടിസ്ഥാന ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.
ഡി.സി.സി. പ്രസിഡന്റ് അഡ്വ. വി.എസ്. ജോയ് അധ്യക്ഷനായി. കെ.പി.സി.സി. ഭാരവാഹികളായ പി.ടി. അജയ് മോഹൻ, വി. ബാബുരാജ്, ആലിപ്പറ്റ ജമീല, യു.ഡി.എഫ്. ജില്ലാ ചെയർമാൻ കെ.പി. അബ്ദുൽമജീദ്, വി.എ. കരീം, ഡി.സി.സി. ഭാരവാഹികളായ ശശീന്ദ്രൻ മങ്കട, എം.കെ. മുഹ്‌സിൻ തുടങ്ങിയവർ പ്രസംഗിച്ചു.