സൈറാബാനു ആടുകളെ നൽകി; തന്റെ വിദ്യാർഥികൾക്ക് ജീവിതമാർഗമായി

അരീക്കോട് : വിരമിക്കുന്നതിനുമുൻപ് സ്‌കൂളിനു മാതൃകയായി സീനിയർ അധ്യാപിക എം. സൈറാബാനു. നിർധന കുടുംബങ്ങളിൽനിന്നുള്ള രണ്ടു വിദ്യാർഥികൾക്ക് ആടുകളെ നൽകിയാണ് കീഴുപറമ്പ് ജി.വി.എച്ച്.എസ്.എസിൽനിന്ന് അധ്യാപിക വിരമിക്കാനൊരുങ്ങുന്നത്.
ഈ ആടുകൾ പ്രസവിച്ചുണ്ടാകുന്ന കുട്ടികളിൽനിന്ന് സ്‌കൂളിലേക്ക് സംഭാവന നൽകാനും അത് നിർധന കുടുംബത്തിൽനിന്നുള്ള കുട്ടികൾക്കു നൽകാനും ഈ പ്രകിയ തുടരാനുമുള്ള വ്യവസ്ഥയോടെയാണ് ആടിനെ നൽകിയത്. അധ്യാപികയുടെ ഈ ഉദ്യമം തുടരാൻ കഴിയുമെന്നാണ് സ്‌കൂൾ അധികൃതരുടെ പ്രതീക്ഷ. പതിനഞ്ചുവർഷമായി സ്‌കൂളിലെ എസ്.പി.സി. കമ്യൂണിറ്റി പോലീസ് ഓഫീസറാണ് സൈറാബാനു.
2027 മേയിലാണ് വിരമിക്കുന്നത്. തന്റെ അധ്യാപനജീവിതത്തിന്റെ അവസാനത്തിൽ പാവപ്പെട്ട കുടുംബങ്ങളിൽനിന്നെത്തുന്ന കുട്ടികൾക്ക് ഒരു ജീവനോപാധിയും വരുമാനമാർഗവും ഉണ്ടാകണമെന്ന വലിയ ആഗ്രഹമാണ് ഇതിനു പ്രചോദനമെന്ന് സൈറാബാനു പറഞ്ഞു. സ്‌കൂളുമായി സഹകരിച്ചുകൊണ്ട് സാമൂഹികസേവനരംഗത്തും പരിസ്ഥിതിരംഗത്തും മാതൃകാപരമായ നിരവധി പ്രവർത്തനങ്ങൾക്ക് നേതൃത്വംനൽകിവരുന്ന സൈറാബാനു, 2026-ലെ ഗുരുശ്രേഷ്ഠ പുരസ്‌കാരജേതാവാണ്.
സ്‌കൂളിൽ നടന്ന ചടങ്ങിൽ വാർഡംഗം നജീബ് കാരങ്ങാടൻ പദ്ധതി ഉദ്ഘാടനംചെയ്തു. പി.ടി.എ. പ്രസിഡന്റ് അലി കരുവാടൻ, പ്രഥമാധ്യാപകൻ സാദിഖലി എളശ്ശേരി, പി. റസിയ, അഫ്സൽ ബാബു, നിസാമുദ്ദീൻ, പി. സുരേന്ദ്രൻ, സുരേഷ് അരീക്കോട് തുടങ്ങിയവർ പങ്കെടുത്തു.