ദേശീയ സരസ് മേള; ഭക്ഷണക്കമ്മിറ്റി യോഗം ചേർന്നു

വേങ്ങര : വേങ്ങര കൂരിയാട് ഡിസംബറിൽ നടക്കുന്ന 14-ാമത് ദേശീയ സരസ് മേളയിൽ വിപുലമായ ഭക്ഷ്യവൈവിധ്യങ്ങൾ ഭക്ഷണഹാളിൽ ഒരുക്കുന്നതിന്റെ മുന്നോടിയായി ചേർന്ന ഭക്ഷണക്കമ്മിറ്റിയോഗം വേങ്ങര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പാണ്ടിക്കടവത്ത് അബുത്വാഹിർ ഉദ്ഘാടനംചെയ്തു. ജമ്മു-കാശ്മീർ, ലക്ഷദ്വീപ്, ഒഡീഷ തുടങ്ങിയ സംസ്ഥാനങ്ങളുടെയും കേരളത്തിന്റെയും തനത് രുചികൾ ഒരേവേദിയിൽ പരിചയപ്പെടുത്തുന്ന ‘ഇന്ത്യ പ്ലേറ്റ്’ എന്ന ആശയമാണ് ഭക്ഷ്യമേളയുടെ പ്രധാന ആകർഷണം. ഭക്ഷ്യവിഭവങ്ങൾക്കൊപ്പം ഓരോ സംസ്ഥാനത്തിന്റെയും സാംസ്കാരികതയും തനിമയും പാരമ്പര്യവും പ്രതിഫലിപ്പിക്കുന്ന രീതിയിൽ ഭക്ഷണ സ്റ്റാളുകൾ ഒരുക്കും. പുതുമയാർന്ന ഭക്ഷണവിഭവങ്ങളും നൂതനമായ അവതരണരീതികളും ഭക്ഷണഹാളിന്റെ പ്രത്യേകതകൾ ആയിരിക്കും. പുതിയ സാങ്കേതികവിദ്യയുടെ സാധ്യതകളും പ്രയോജനപ്പെടുത്തും. നൂറോളം ടേബിളുകളിലായി 600 പേർക്ക് ഒരേസമയം ഭക്ഷണം കഴിക്കാനുള്ള രീതിയിലാണ് ഫുഡ് കോർട്ട് സജ്ജീകരിക്കുന്നത്. യോഗത്തിൽ കുടുംബശ്രീ ജില്ലാ പ്രോഗ്രാം മാനേജർമാരായ ഷഫീഖ്, റെനീഷ്, രാകേഷ്, സി.ഡി.എസ്. ചെയർപേഴ്സൺമാർ, സി.ഡി.എസ്. അക്കൗണ്ടന്റുമാർ, ബ്ലോക്ക് കോഡിനേറ്റേഴ്സ്, അനിമേറ്റർമാർ തുടങ്ങിയവർ പങ്കെടുത്തു.